'ബിജെപിയുടെ ക്രൈസ്‌ത ദേവാലയ സന്ദർശനം അങ്ങേയറ്റം അപലപനീയം; മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കണ്ട': മന്ത്രി ആന്‍റണി രാജു - ആന്‍റണി രാജു
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകളും ക്രൈസ്‌തവ ദേവാലയങ്ങളും കയറിയിറങ്ങി ഈസ്റ്റർ ആശംസകൾ നേർന്ന ബിജെപി നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആന്‍റണി രാജു. ബിജെപിക്ക് മാനസാന്തരം ഉണ്ടായതിൽ സന്തോഷമുണ്ടെന്നും മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ആര് ശ്രമിച്ചാലും അത് കേരളത്തിൽ വിലപ്പോകില്ലെന്നും ആന്‍റണി രാജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ബിജെപിയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്. അത് സമൂഹത്തിൽ യാതൊരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല. ബിജെപി ഭരണം നടത്തുന്ന പല സംസ്ഥാനങ്ങളിലും മത ന്യൂനപക്ഷങ്ങൾക്കെതിരെ അവർ നടത്തുന്ന ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. ബിജെപിയുടെ തണലിൽ പ്രവർത്തിക്കുന്ന സംഘടനകൾ ഇന്ത്യയിലാകെ പല സംസ്ഥാനങ്ങളിലും മത ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത്തരം ഗിമ്മിക്കുകൾ കാണിച്ചാൽ അതിൽ വീണുപോകുന്നവരല്ല കേരള സമൂഹം. ഇത്തരം ഗിമ്മിക്കുകൾ കണ്ടു രാഷ്ട്രീയ തീരുമാനം എടുക്കുന്നവരല്ല കേരള സമൂഹം. ആരെങ്കിലും അതിന് വേണ്ടി ശ്രമിച്ചാൽ അവരെ ഒറ്റപ്പെടുത്തുകയല്ലാതെ പൊതുസമൂഹം ഒപ്പമുണ്ടാകില്ല,' ആന്‍റണി രാജു പറഞ്ഞു.
ഇത്തരം ശക്തികൾക്കെതിരെയുള്ള പോരാട്ടം ഇടതുമുന്നണി ശക്തമായി തുടരുമെന്നും വർഗീയതയ്‌ക്കെതിരെയും മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വേട്ടയാടലുകൾക്കെതിരെ ഇടതു മുന്നണി പ്രഖ്യാപിച്ച നയങ്ങളും ലക്ഷ്യങ്ങളുമായി വളരെ ശക്തമായി മുന്നോട്ട് പോകുമെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിർത്താൻ സംഘപരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഎമ്മും കുറ്റപ്പെടുത്തിയിരുന്നു. ശക്തമായ മതനിരപേക്ഷ കാഴ്‌ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ വിമർശിച്ചിരുന്നു.
പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സംഘപരിവാർ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണെന്നും അരമനകൾ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകൾ ഇതിന് അടിവരയിടുന്നതാണെന്നുമായിരുന്നു സിപിഎമ്മിന്‍റെ കുറ്റപ്പെടുത്തൽ.
സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കള്‍ ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു. ക്രൈസ്‌തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ ബിജെപി മന്ത്രി മുനിരത്‌ന ജനങ്ങളോട് ആഹ്വാനം ചെയ്‌തത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബിജെപി ക്രൈസ്‌തവരോട് കാട്ടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ക്രൈസ്‌തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബിഷപ്പ് ഹൗസുകളിലെത്തിയുള്ള ബിജെപി നേതാക്കളുടെ ഈസ്‌റ്റര്‍ ആശംസ. ക്രിസ്‌തുമസ് ആരാധന പോലും തടസപ്പെടുത്തി നാല് വര്‍ഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീകളും വൈദികരും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ഇപ്പോഴും അക്രമിക്കപ്പെടുകയും ജയിലുകളിലുമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ സന്ദർശനം നടത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡൽഹിയിലെ പള്ളിയിലെത്തിയ മോദി പ്രാർഥനയില്‍ പങ്കെടുത്ത് 20 മിനിറ്റോളം അവിടെ ചെലവഴിച്ചു. പുരോഹിതന്മാരുമായും വിശ്വസികളുമായും സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കേരളത്തിലും ബിജെപി നേതാക്കൾ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു.