ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വീടുകളിൽ സന്ദർശനവുമായി ബിജെപി - central minister v muraleedharan
🎬 Watch Now: Feature Video
തിരുവനന്തപുരം : ഈസ്റ്റര്‍ ദിനത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ ബിഷപ്പ് ഹൗസിലെത്തി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ സന്ദര്‍ശിച്ചു. രാവിലെ 8.30 ഓടെ പ്രവര്‍ത്തകരോടൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. തുടര്‍ന്ന് 20 മിനിറ്റ് നേരത്തോളം ബിഷപ്പുമായി സംസാരിച്ച ശേഷം വി മുരളീധരന്‍ മടങ്ങി.
ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി, സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും ഈസ്റ്റര്‍ ആശംസകളുമായാണ് താന്‍ ബിഷപ്പിനെ കാണാന്‍ എത്തിയതെന്നുമായിരുന്നു പ്രതികരിച്ചത്. കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. ഈസ്റ്ററിലെന്ത് രാഷ്ട്രീയമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ബിജെപി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറവന്‍കോണം ഭാഗത്തെ ക്രിസ്ത്യന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തി. ഈസ്റ്റര്‍ ആശംസകളുമായാണ് പ്രവര്‍ത്തകര്‍ വീടുകളിലെത്തിയത്. ബിജെപിയുടെ തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി വി രാജേഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ക്രിസ്‌തീയ വോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ബിജെപി. ഈ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിയുടെയും ബിഷപ്പിന്‍റെയും കൂടിക്കാഴ്‌ച വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ണായകമാണ്. ഈസ്റ്ററിന് മുന്‍പായി ദുഖവെള്ളിയിലും സംസ്ഥാനത്താകമാനമുള്ള പള്ളികളിലെ സുവിശേഷ പ്രസംഗത്തിനിടെ സര്‍ക്കാരിനെതിരെ പല വൈദികരും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭ സമ്മേളനത്തിനിടെ പള്ളി തര്‍ക്കം പരിഹരിക്കാനായി പുതിയ ബില്‍ കൊണ്ടുവരാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെയും വ്യാപകമായ പ്രതിഷേധങ്ങളായിരുന്നു ഓര്‍ത്തഡോക്‌സ് സഭ ഉള്‍പ്പടെ ഉന്നയിച്ചിരുന്നത്. കൂടാതെ, വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരുമായി രമ്യതയിലെത്തിയെങ്കിലും നിലവിലെ ബിഷപ്പായ തോമസ് ജെ നെറ്റോയുടെ പേരിലടക്കമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും കൂട്ടിച്ചേര്‍ക്കുമ്പോള്‍, സര്‍ക്കാരും സഭയും തമ്മില്‍ നിലനിൽക്കുന്ന സ്വരച്ചേര്‍ച്ചയില്ലായ്‌മ വ്യക്തമാണ്.
ഈ സാഹചര്യത്തിലാണ് ക്രിസ്‌തീയ വോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ ഗൃഹസന്ദര്‍ശനം ഉള്‍പ്പടെയുള്ള പരിപാടികള്‍. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ അനുദിനം ശോഭ കെടുന്ന ബിജെപിയുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്താനായി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. സിനിമ മേഖലയില്‍ നിന്നും പൊതു മേഖലയില്‍ നിന്നും ഇ ശ്രീധരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിച്ചിരുന്നുവെങ്കിലും പൊതുതെരഞ്ഞെടുപ്പുകളില്‍ നിലംതൊടാനാകാത്ത ഗതിയായിരുന്നു മുന്‍പ് ബിജെപിയുടെ അനുഭവം.
രാജ്യവ്യാപകമായി ദിനം പ്രതി പ്രമുഖനായ ഒരാള്‍ എന്ന നിരക്കില്‍ ബിജെപിയിലേക്ക് പുതിയ അംഗത്വത്തിന്‍റെ എണ്ണം വര്‍ധിക്കുകയാണെങ്കിലും കേരളത്തില്‍ ഇത് വലിയ ചലനമുണ്ടാക്കുന്നില്ല. മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലും വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമപ്പുറത്തേക്ക് ബിജെപിയുടെ രാഷ്ട്രീയ സാന്നിധ്യം സൈബറിടങ്ങളില്‍ പോലും ചര്‍ച്ചയാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇതിനിടെ കേരളത്തില്‍ തങ്ങള്‍ സര്‍ക്കാര്‍ രുപീകരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പരാമര്‍ശം കൂനിന്മേല്‍ കുരുവെന്ന പോലെ സോഷ്യല്‍ മീഡിയകളില്‍ ബിജെപിക്ക് തിരിച്ചടിയാവുകയാണ്. രാഷ്ട്രീയപരമായും ജനകീയ വിഷയങ്ങൾ ഉന്നയിക്കുകയോ, കേന്ദ്ര നയങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് വേണ്ട വിശദീകരണം നൽകുകയോ ചെയ്യുന്നതിന് പകരം അനുദിനം പ്രമുഖരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള ബിജെപിയുടെ ആര്‍ജ്ജവം സംസ്ഥാന രാഷ്ട്രീയത്തിനപ്പുറത്തേക്ക് വാര്‍ത്താപ്രാധാന്യമുള്ള ബഹളമെന്ന രീതിയിലേക്ക് മാത്രം ചുരുങ്ങുന്ന കാഴ്‌ചയാണുള്ളത്.