Biparjoy Cyclone | ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച് ബിപർജോയ്; അതിതീവ്ര മഴയും കടൽക്ഷോഭവും അർധരാത്രിവരെ നീളും - seasickness
🎬 Watch Now: Feature Video
അഹമ്മദാബാദ്: ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ശക്തമായ കാറ്റോടും കനത്ത മഴയോടും കൂടിയാണ് അതിതീവ്ര ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ചതെന്ന് ഐഎംഡി അറിയിച്ചു. സൗരാഷ്‌ട്ര തീരത്താണ് ചുഴലിക്കാറ്റ് ആദ്യം വീശിയടിച്ചത്. ശേഷം കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപത്തെത്തിയ ബിപർജോയ് കരയിലേക്ക് നീങ്ങുകയായിരുന്നു.
നിലവിൽ ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും കടൽക്ഷോഭവും അനുഭപ്പെടുന്നുണ്ട്. ചുഴലിക്കാറ്റിന്‍റെ പ്രഭാവം വൈകിട്ട് ആറ് മണി മുതൽ അർധരാത്രി വരെ കരയിൽ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കൂടാതെ, പോർബന്തർ, ജാംനഗർ, രാജ്‌കോട്ട്, ദേവഭൂമി ദ്വാരക തുടങ്ങിയ കച്ച് ഉൾക്കടലിനോട് ചേർന്നുള്ള എല്ലാ ജില്ലകളിലും ചുഴലിക്കാറ്റിന്‍റെ പരമാവധി ആഘാതം അമനുഭവപ്പെടുമെന്നും നിർദേശമുണ്ട്.
കാറ്റിന്‍റെ വേഗത മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ ആയിരിക്കുമെന്നാണ് ഐഎംഡി ഏറ്റവും ഒടുവിൽ അറിയിച്ചത്. കച്ച്, ദേവഭൂമി ദ്വാരക, പോർബന്തർ അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റ് മൂലം അപകട സാധ്യത കൂടുതലാണ്. അതേസമയത്ത് ജുനഗഡ്, രാജ്‌കോട്ട്, ജാംനഗർ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും.
ബിപർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതീവ സുരക്ഷയാണ് ഭരണകൂടം ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി തീരപ്രദേശങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. സുരക്ഷാമുന്നൊരുക്കത്തിന്‍റെ ഭാഗമായി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് 15 കപ്പലുകളും ഏഴ് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
കൂടാതെ നാല് ഡോർണിയറുകളും മൂന്ന് ഹെലികോപ്‌റ്ററുകളും ദാമനിലെ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തുണ്ടാക്കുന്ന നാശനാഷ്‌ടങ്ങൾക്ക് പ്രതിരോധം തീർക്കാൻ നിരവധി സുരക്ഷാസേനകളെ ഏകോപിപ്പിച്ച് തീരദേശ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.
ഗുജറാത്തിനെ കൂടാതെ പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിലും കാറ്റിന്‍റെ പ്രഭാവമുണ്ടാകുമെന്നാണ് പ്രവചനം. മുംബൈയിലും പലയിടങ്ങളിലായി ഒറ്റപ്പെട്ട മഴയും ശക്തമായ കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.