അട്ടപ്പാടിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു ; ഒരാഴ്‌ചയ്‌ക്കിടെ പൊലിഞ്ഞത് 2 ജീവനുകള്‍
🎬 Watch Now: Feature Video
പാലക്കാട് : അട്ടപ്പാടി തേക്കുപ്പനയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ രങ്കൻ (70) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ വനത്തിൽ തെരച്ചിൽ നടത്തിയവരാണ് മൃതദേഹം കണ്ടത്. രങ്കൻ ഞായറാഴ്‌ച ഉച്ചയോടെ ആടുകളുമായി വനത്തിൽ പോയതായിരുന്നു.
ഇന്നലെ മൂന്ന് മണിയോടെ ശക്തമായ വേനൽ മഴ പെയ്‌തിരുന്നു. ഈ സമയത്ത് ആടുകളെല്ലാം തിരികെ ഊരിലേക്ക് എത്തി. മഴ ശമിച്ചാൽ രങ്കനെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു വീട്ടുകാർ. വൈകുന്നേരത്തോടെ മഴ കഴിഞ്ഞിട്ടും രങ്കൻ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു.
കാട്ടാനയുള്ള മേഖലയായതിനാൽ നേരം ഇരുട്ടിയതോടെ ബന്ധുക്കൾ തെരച്ചിൽ അവസാനിപ്പിച്ചു. ശേഷം തിങ്കളാഴ്‌ച പുലർച്ചെ വീണ്ടും തെരച്ചിൽ ആരംഭിച്ച ബന്ധുക്കൾ രാവിലെ 8.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ പുതൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. ഒരാഴ്‌ചയ്‌ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ ഇത് രണ്ടാമത്തെ ജീവനാണ് പൊലിയുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അട്ടപ്പാടി ഇലച്ചിവഴിയിൽ ആദിവാസി യുവാവ്
കാട്ടാനയുടെ അടിയേറ്റ് മരിച്ചത്.
ഇലച്ചിവഴിയിൽ ആൻഞ്ചക്കക്കൊമ്പ് ഊരിലെ കന്തസ്വാമി ( 40 ) യാണ് മരണപ്പെട്ടത്. കടയിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്ന വഴിയാണ് കന്തസ്വാമിക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഈ വർഷം അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് രങ്കൻ.