അട്ടപ്പാടിയിൽ ജീപ്പ് കടയിലേക്ക് പാഞ്ഞുകയറി അപകടം; 7 പേര്‍ക്ക് പരിക്ക് - പാലക്കാട് ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
പാലക്കാട്: അട്ടപ്പാടിയിൽ നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ച് കയറിയതിനെ തുടര്‍ന്ന് ഏഴ് പേർക്ക് പരിക്കേറ്റു. കോട്ടത്തറ ചന്തക്കടയിലെ പലചരക്ക് കടയിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്. ഇടവാണി ഊരിലെ കുട്ടൻ, വിജിഷ്, വിഷ്‌ണു, ഗോപി, നാഗരാജ്, സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു. പരിക്കേറ്റവര്‍ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ഇടവാണി ഊരിൽ നിന്നും അബദ്ധത്തിൽ സാനിറ്റൈസർ കുടിച്ച് അബോധാവസ്ഥയിലായ യുവതിയുമായി ആശുപത്രിയിലേക്ക് വരുമ്പോഴാണ് ജീപ്പ് അപകടത്തിൽപ്പെട്ടത്.
ഇടവാണി ഊരില്‍ നിന്നും പ്രധാന പാതയിലെത്തുന്നത് വളരെയധികം പ്രയാസകരമാണ്. ഊരിൽ നിന്നും ആശുപത്രിയിലേക്ക് വരഗാർ പുഴ അഞ്ച് തവണ മുറിച്ച് കടന്ന് വേണം പ്രധാന റോഡായ പുതൂർ കോട്ടത്തറ റോഡിലെത്താൻ. പിന്നീട് എട്ട് കിലോമീറ്റർ സഞ്ചരിച്ച് വേണം കോട്ടത്തറ ആശുപത്രിയിലെത്താൻ.
കോട്ടത്തറ ചന്തക്കടയിലെത്തി ആനക്കട്ടി മണ്ണാർക്കാട് റോഡിൽ വലത്തോട്ട് തിരിഞ്ഞ് 200 മീറ്റർ കൂടി മുന്നോട്ട് പോയാലെ ആശുപത്രിയിലെത്തുകയുള്ളു. യുവതി അബോധാവസ്ഥയിലായതിനാൽ അമിത വേഗതയിലാണ് ജീപ്പ് വന്നിരുന്നത്. വലത്തോട്ട് തിരിയാതെ ജീപ്പ് നേരെ കടയിലേക്ക് ഇടിച്ച് കയറിയതായിരുന്നു അപകടാവസ്ഥയ്‌ക്ക് കാരണം.