അട്ടപ്പാടിയിൽ കാട്ടാനക്കുട്ടി അവശനിലയിൽ; ധോണിയിലേക്ക് മാറ്റി - Attapadi wild elephant calf

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 1, 2023, 12:16 PM IST

Updated : Nov 1, 2023, 2:15 PM IST

പാലക്കാട്: അട്ടപ്പാടി മൂച്ചിക്കടവ് കുത്തനടി വനമേഖലയിൽ അവശ നിലയിൽ കാട്ടാനക്കുട്ടിയെ കണ്ടെത്തി. ആറ് മാസമുള്ള പിടിയാനക്കുട്ടിയെയാണ് അവശനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രി ഏഴ് മണിയോടെ ദ്രുതപ്രതികരണ സേനയുടെ വാഹനത്തിൽ കാട്ടാനക്കുട്ടിയെ ധോണിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയോടെയാണ് കുത്തനടി വനത്തിൽ കാട്ടാനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ആനയുടെ പൊക്കിൾക്കൊടിക്ക് സമീപം ഒരു മുറിവുമുണ്ടായിരുന്നു. മണ്ണാർക്കാട് ഡിവിഷൻ ഡി.എഫ്.ഒ യു ആഷിക്ക് അലിയുടെ നിർദ്ദേശ പ്രകാരം കുത്തനടി പ്രദേശത്ത് തന്നെ വനം വകുപ്പ് താത്ക്കാലിക ഷെഡൊരുക്കി കാട്ടാനക്കുട്ടിയെ സംരക്ഷിച്ചു. കരിക്കിൻ വെള്ളം കൊടുത്ത് കാട്ടാനക്കുട്ടിക്ക് ക്ഷീണം മാറിയിരുന്നു. അമ്മയാന ഉൾപ്പടെയുള്ള കാട്ടാനക്കൂട്ടം സമീപ പ്രദേശത്ത് ഉണ്ടായിരുന്നുവെങ്കിലും കുട്ടിയാനയെ കൊണ്ടുപോയില്ല. തുടർന്ന് ധോണിയിലുള്ള ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ഡേവിഡ് എബ്രഹിം കുത്തനടിയിലെത്തി കാട്ടാനക്കുട്ടിയെ ചികിത്സിച്ചു. ലാക്ടൊജൻ അടങ്ങിയ ആഹാരവും കരിക്കിൻ വെള്ളവും നൽകി. മുറിവുണങ്ങാൻ മരുന്നും നൽകിയിരുന്നു. ആറ് ദിവസം കഴിഞ്ഞും കാട്ടാനക്കുട്ടിയെ അമ്മ ആനയെത്തി തിരികെ കൊണ്ടുപോകാതായതോടെ ധോണിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗ സിംഗ് അനുമതി നൽകിയതോടെയാണ് അഗളി റെയ്ഞ്ച് ഓഫിസർ സുമേഷിന്‍റെ നേതൃത്വത്തിൽ കാട്ടാനക്കുട്ടിയെ വനത്തിൽ നിന്നിറക്കി മൂച്ചിക്കടവ് ശിരുവാണി പുഴയുടെ തീരത്തെത്തിച്ച് വാഹനത്തിൽ ധോണിയിലേക്ക് മാറ്റിയത്.

Last Updated : Nov 1, 2023, 2:15 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.