Attack Against Police Officer Chinnakanal : ചിന്നക്കനാലിൽ പൊലീസുകാരന് കുത്തേറ്റു ; ആക്രമണം പ്രതികളെ പിന്തുടരവെ, 4 പേര്‍ അറസ്റ്റില്‍ - Attack Against Police Officer chinnakanal idukki
🎬 Watch Now: Feature Video
Published : Aug 28, 2023, 12:01 PM IST
ഇടുക്കി : ശാന്തൻപാറ ചിന്നക്കനാലിൽ പൊലീസുകാരന് കുത്തേറ്റു. കായംകുളത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികളെ പിന്തുടര്‍ന്നെത്തിയ കായംകുളം പൊലീസിന് നേരെയാണ് ആക്രമണം. സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റിലായി. ഷമീര്‍, മുനീര്‍, ഫിറോസ്ഖാന്‍, ഹാഷിം എന്നിവരെയാണ് പിടികൂടിയത്. വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍, മൂന്നാര്‍ മേഖലയില്‍ ഒളിവില്‍ കഴിയുന്നതായി മനസിലാക്കിയ കായംകുളം പൊലീസ് ഇവരെ പിടികൂടുന്നതിനായി മൂന്നാറില്‍ എത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചിന്നക്കനാല്‍ പവര്‍ ഹൗസിന് സമീപത്തുവച്ച്, പ്രതികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്‌തു. പൊലീസ് വാഹനത്തിലേയ്ക്ക് പ്രതികളെ കയറ്റാന്‍ ശ്രമിയ്ക്കുന്നതിനിടെ സംഘം ആക്രമണം നടത്തുകയായിരുന്നു. സിപിഒ ദീപക്കിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, വാഹനത്തില്‍ കയറി പ്രതികള്‍ രക്ഷപ്പെട്ടു. ദീപക്കിന്‍റെ കഴുത്തില്‍ അടക്കം നാല് തവണ കുത്തേറ്റു. ഉടന്‍ തന്നെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദീപക് അപകടനില തരണം ചെയ്‌തു. ആറംഗ പൊലീസ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും പരിക്കേറ്റു. സംഭവം നടന്ന ഉടനെ, കായംകുളം പൊലീസ്, ശാന്തന്‍പാറ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍, ശാന്തന്‍പാറ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. രണ്ട് വാഹനത്തിലായി ഒന്‍പത് അംഗ സംഘമാണ്, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇവര്‍ പുലര്‍ച്ചെ കൊളുക്കുമല, റോഡിന് സമീപത്ത് കൂടി പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ്, പിന്നീട് ഈ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് മലമുകളിലൂടെ നീങ്ങുകയായിരുന്ന സംഘത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാക്കിയുള്ള പ്രതികള്‍ക്കായി, തമിഴ്‌നാട് അതിര്‍ത്തി മേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്.