Atham Onam Kerala festival ഇനി പൂവിളിയുടെയും പൂക്കളം തീര്‍ക്കലിന്‍റെയും നാളുകള്‍, പത്താം നാള്‍ തിരുവോണം - മാവേലി
🎬 Watch Now: Feature Video
കൊല്ലം: ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും വരവറിയിച്ച് അത്തം പിറന്നു. ഇനിയുള്ളത് പൂവിളിയുടെയും പൂക്കളം തീര്‍ക്കലിന്‍റെയും നാളുകള്‍. ഇന്നേക്ക് പത്താം നാള്‍ തിരുവോണം. ഓണക്കോടിയും ഓണസദ്യയും ഓണക്കളികളുമായി മലയാളി ആഘോഷമാക്കുന്ന ഉത്സവം. തിരുവോണത്തിനെത്തുന്ന മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ വഴിവക്കിലും പാടവരമ്പത്തും, അണിഞ്ഞൊരുങ്ങി തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും എത്തി തുടങ്ങി. പൂക്കളത്തിന്‍റെ വര്‍ണ വൈവിധ്യങ്ങള്‍ ഇന്ന് മുതല്‍ മലയാളിയുടെ മനസിനും നിറം നല്‍കി തുടങ്ങും. കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികള്‍ക്ക് ഏറെ ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മകളാണ് ഓണത്തിന്‍റേത്. ഓര്‍മകളില്‍ ഓണം നിറഞ്ഞങ്ങനെ നില്‍ക്കുമ്പോഴും യാഥാര്‍ഥ്യം മറ്റൊന്നാണ്. ചിങ്ങക്കൊയ്ത്തിന്‍റെ സമൃദ്ധിയിലേക്ക് കണ്ണ് തുറന്നിരുന്ന ഒരു ഓണക്കാലം ഇന്ന് മലയാളിക്ക് അന്യമായിക്കഴിഞ്ഞു. നെല്‍പ്പാടവും നെല്‍ കതിരുമെല്ലാം സ്‌മൃതികളായി ചുരുങ്ങി. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങള്‍ കേരളത്തിന്‍റെ കാര്‍ഷിക മേഖലയെ ബാധിക്കുമ്പോഴും 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന ചൊല്ല് യാഥാര്‍ഥ്യമാക്കാനുള്ള തത്രപ്പാട് ആഘോഷങ്ങള്‍ക്കിടയിലും കാണാനാകും. എങ്കിലും, ജാതി-മത-രാഷ്‌ട്രീയ ഭേദമന്യേ കേരളീയര്‍ ഒന്നാകെ ആഘോഷിക്കുന്ന ഓണത്തിന് എന്നും പത്തരമാറ്റാണ്. ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഉത്സവത്തിനപ്പുറം, മത സൗഹാര്‍ദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ആഘോഷം കൂടിയാണ് മലയാളിക്ക് ഓണം.