Arimula Suicide Loan App Threat അരിമുളയിലെ ഗൃഹനാഥന്‍റെ ആത്മഹത്യ; പിന്നിൽ ലോണ്‍ ആപ്പ് ഭീഷണിയെന്ന് പരാതി - loan app threat was the reason
🎬 Watch Now: Feature Video
Published : Sep 16, 2023, 4:33 PM IST
വയനാട്: മീനങ്ങാടി അരിമുളയില്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തതിന് പിന്നില്‍ ലോണ്‍ ആപ്പിന്‍റെ ഭീഷണിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. ഇന്നലെ അരിമുള എസ്റ്റേറ്റിനുള്ളില്‍ ജീവനൊടുക്കിയ താഴെമുണ്ട ചിറകോണത്ത് അജയ് രാജ് (44)ന്‍റെ മരണത്തിന് പിന്നിലാണ് ലോണ്‍ ആപ്പ് ഭീഷണി ഉള്ളതായി പരാതി ഉയർന്നത്. ആപ്പ് മുഖേന അജയ് രാജ് 5000 രൂപ കടമെടുത്തതായി ആപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറിൽ നിന്നുള്ള ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നു. ഈ നമ്പറില്‍ നിന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തിന്‍റെയും ഫോണുകളിലേക്ക് അജയുടെ മോര്‍ഫ് ചെയ്‌ത ചിത്രം ലഭിച്ചിരുന്നു. അജയ് മരിച്ചതായി അറിയിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് 'നല്ല തമാശ' എന്നാണ് മറുപടി വന്നത്. കൂടാതെ എല്ലാവര്‍ക്കും ഫോട്ടോ അയക്കുമെന്ന ഭീഷണിയും ഉണ്ട്. ഇതോടെയാണ് മരണത്തില്‍ സംശയം ഉയർന്നത്. പരിശോധനയ്‌ക്കായി ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അസുഖബാധിതനായ അജയ് കടക്കെണി മൂലം വലഞ്ഞിരുന്ന പശ്ചാത്തലത്തിലായിരിക്കാം ആപ്പ് വഴി ലോണെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കടമക്കുടിയിലെ കൂട്ട ആത്മഹത്യയ്‌ക്ക് പിന്നാലെയാണ് അജയ് രാജിന്‍റെ മരണവാർത്തയും പുറത്തുവന്നത്. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം അജയ് രാജിന്‍റെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി പഥം സിങ് അറിയിച്ചു. മരണകാരണം, സാമ്പത്തിക ഇടപാടുകൾ, ഓൺലൈൻ വായ്‌പ ഭീഷണി, അശ്ലീല മോർഫ് ചിത്രം പ്രചരിപ്പിച്ചത് തുടങ്ങിയവയും അന്വേഷിക്കും.