തമിഴ്‌നാട് വന മേഖലയിൽ നിന്ന് മാറാതെ അരിക്കൊമ്പൻ, മേഘമലയിൽ നിയന്ത്രണം തുടരുന്നു, നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട് വനംവകുപ്പ്

By

Published : May 7, 2023, 7:14 PM IST

thumbnail

ഇടുക്കി: അരിക്കൊമ്പൻ തമിഴ്‌നാട് വന മേഖലയിൽ തന്നെ ചുറ്റിക്കറങ്ങുന്നതായി റിപ്പോർട്ട്. മേഘമലയ്‌ക്ക് സമീപത്തുള്ള ഉൾവനത്തിലാണ് കൊമ്പനെ കണ്ടെത്തിയത്. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.  

വിഷയത്തിൽ തമിഴ്‌നാട് സർക്കാരുമായി കൂടിയാലോചിച്ച് അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് വിടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മേഘ മലയിലേക്ക് അരിക്കൊമ്പന്‍റെ സാന്നിധ്യത്തെ തുടർന്ന് ഇന്നും വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. 

ദിവസങ്ങളായി തമിഴ്‌നാട് വന മേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ കറങ്ങി നടക്കുന്നത്. ഇന്നലെ രാത്രിയിൽ ജനവാസ മേഖലയിലേക്ക് കൊമ്പൻ ഇറങ്ങിയിട്ടില്ലെങ്കിലും സിഗ്നലുകൾ പലപ്പോഴായി തടസപ്പെടുന്നത് നിരീക്ഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. 

കേരളം വിവരങ്ങൾ നൽകുന്നില്ലെന്നാണ് തമിഴ്‌നാട്ടിൽ നിന്ന് ഉയരുന്ന ആക്ഷേപം. മേഘ മലയ്‌ക്ക് സമീപം തമിഴൻകാട് ഉൾവനത്തിൽ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. ജനവാസ മേഖലയ്‌ക്ക് അടുത്ത് അല്ലാത്തതിനാൽ ആശങ്ക ഇല്ലെന്നാണ് വനപാലകർ അറിയിക്കുന്നത്. 

നിലവിൽ അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് തമിഴ്‌നാട്ടിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിഷയത്തിൽ തമിഴ്‌നാട് സർക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്‍റെ വീടിനു സമീപത്തെ ഷെഡാണ് കാട്ടാന തകർത്തത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട്ടിൽ ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. 

ഏത് ആനയാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ചക്കക്കൊമ്പൻ ശങ്കര പാണ്ഡ്യ മേട്ടിൽ ആയിരുന്നതിനാൽ മറ്റേതെങ്കിലും കാട്ടാന ആവാനാണ് സാധ്യത എന്നാണ് നാട്ടുകാരുടെ അനുമാനം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.