മേഘമലയിലെ ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരം സാന്നിധ്യമായി അരിക്കൊമ്പൻ; ചിന്നമെല്ലൂർ മേഖലയിലേക്ക് എത്തുമോ എന്ന് ആശങ്ക - ചിന്നമെല്ലൂർ
🎬 Watch Now: Feature Video
ഇടുക്കി: പെരിയാർ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട് മേഘമല കടുവ സങ്കേതത്തോട് ചേർന്നുള്ള ജനവാസ മേഖലയിൽ സ്ഥിരം സാന്നിധ്യമാകുന്നു. ചിന്നക്കനാലിന് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഉള്ള പ്രദേശമാണിവിടം. കഴിഞ്ഞ ദിവസം പ്രദേശത്തെ റോഡിൽ തമ്പടിച്ച ആന പിന്നീട് കാട് കയറി.
ജനസാന്ദ്രത കൂടിയ വിശാലമായ കൃഷിയിടങ്ങളും വീടുകളും ഉള്ള ചിന്നമെല്ലൂർ മേഖലയിലേക്ക് എത്തുമോ എന്ന ആശങ്ക ഇപ്പോൾ ഉയരുന്നുണ്ട്. അതേസമയം തമിഴ്‌നാട് വനമേഖലയിൽ ചുറ്റിക്കറങ്ങുന്ന അരിക്കൊമ്പനെ ഉൾക്കാട്ടിലേയ്‌ക്ക് അയക്കാനുള്ള നടപടികൾ തമിഴ്‌നാട് സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന മേഖമലയിൽ അരിക്കൊമ്പന്‍റെ സാന്നിധ്യം കൊണ്ട് സന്ദർശകരെ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംഭവത്തിൽ തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള നിരീക്ഷണ സമയത്ത് പലപ്പോളായി സിഗ്നലുകൾ നഷ്‌ടമാകുന്നത് തമിഴ്‌നാട്ടിൽ നിന്നുള്ള വിമർശനങ്ങൾക്കും കാരണമായിരുന്നു.