അരിക്കൊമ്പൻ ചിന്നക്കനാലിലേക്കെത്താന്‍ സാധ്യത ; നിരീക്ഷണം ശക്തം, കൈകോര്‍ത്ത് തമിഴ്‌നാട് വനം വകുപ്പും - നിരീക്ഷണം ശക്തം

🎬 Watch Now: Feature Video

thumbnail

By

Published : May 26, 2023, 8:28 PM IST

ഇടുക്കി : ചിന്നക്കനാല്‍ നിവാസികളെ ഭീതിയിലാഴ്‌ത്തിയതോടെ പെരിയാര്‍ റിസര്‍വിലേക്ക് പുനരധിവസിപ്പിച്ച അരിക്കൊമ്പൻ ഇടുക്കിയിലെത്തി വീണ്ടും തമിഴ്‌നാട് വനത്തിലേക്ക് തിരികെ പോയി. ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. അരിക്കൊമ്പൻ കൊട്ടാരക്കര - ദിന്ധുക്കൽ ദേശീയ പാത മുറിച്ചുകടന്നുവെന്ന് വിവരങ്ങളുണ്ടെങ്കിലും കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് നിലവില്‍ അരിക്കൊമ്പനുള്ളത്.

എന്നാൽ അരിക്കൊമ്പൻ ഇവിടെ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്ന് വനം വകുപ്പ് അറിയിക്കുന്നുണ്ട്. ഇന്നലെ കണ്ടതിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇന്നുള്ളത്. നിലവിലുള്ളയിടത്ത് നിന്ന് സഞ്ചരിച്ചാൽ അരിക്കൊമ്പന് ചിന്നക്കനാലിലെത്താം. ഇവിടെ നിന്ന് കമ്പംമെട്ട്, ബോഡിമെട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലിലുമെത്താം. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്‌നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രണ്ടിടത്തെയും വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയെ നിരീക്ഷിക്കുന്നുണ്ട്.

ജനവാസ മേഖലയിലുമെത്തി : അരിക്കൊമ്പൻ വെള്ളിയാഴ്‌ച വെളുപ്പിന് കുമളിക്കടുത്തുള്ള ജനവാസ മേഖലയിലെത്തിയിരുന്നു. ഗാന്ധി നഗർ, റോസാപ്പൂക്കണ്ടം എന്നിവിടങ്ങൾക്കടുത്താണ് അരിക്കൊമ്പൻ എത്തിയത്. ഉന്നത ഉദ്യോഗസ്ഥർ ഉള്‍പ്പടെ സ്‌ഥലത്തെത്തി ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിനുള്ളിലേക്ക് തുരത്തുകയായിരുന്നു. മാത്രമല്ല തേക്കടിയിലേക്ക് വിനോദ സഞ്ചരികൾ ഉൾപ്പടെ നടന്നുപോകുന്നതും വിറക് ശേഖരിക്കാൻ വനത്തിൽ കയറുന്നതും വനം വകുപ്പ് താത്കാലികമായി വിലക്കിയിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

വെരി ഹൈ ഫ്രീക്വൻസി ആന്‍റിന ഉപയോഗിച്ച് കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കാനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാടിനുള്ളിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്‍റെ ഭാഗമായാകാം അരിക്കൊമ്പന്‍ കുമളി ഭാഗത്തേക്ക് എത്തിയതെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍. ദിവസേന പത്ത് കിലോമീറ്ററോളം ആന സഞ്ചരിക്കുന്നുണ്ട്. അതിനാൽ വനം വകുപ്പും ജാഗ്രതയിലാണ്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.