'ഉപകരാർ സംബന്ധിച്ച് സർക്കാരിന് അറിവില്ല, വിശദീകരണം നൽകേണ്ടത് കെൽട്രോൺ' ; പ്രതിപക്ഷത്തിന് മറുപടിയുമായി ഗതാഗത മന്ത്രി

🎬 Watch Now: Feature Video

thumbnail

By

Published : Apr 23, 2023, 2:54 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപണം ഉന്നയിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറുപടിയുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. ഉപകരാർ സംബന്ധിച്ച് സർക്കാരിന് അറിവില്ലെന്നും കെൽട്രോൺ ആണ് ഇതിൽ വിശദീകരണം നൽകേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെൽട്രോൺ സർക്കാർ സ്ഥാപനമാണ്. 

കെൽട്രോണിന് കരാർ നൽകാൻ പ്രത്യേക ടെണ്ടറിന്‍റെ ആവശ്യമില്ല. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്‍റിന് വേണ്ടി കെൽട്രോൺ ഉപകരാർ നൽകിയോ എന്നതിൽ സർക്കാരിന് അറിവില്ല. 2018 ലാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്‍റ് കെൽട്രോണിന് ചുമതല നൽകിയത്. അഞ്ച് വർഷത്തേക്ക് കെൽട്രോണിനാണ് എ ഐ ക്യാമറകളുടെ മെയിന്‍റനൻസ് ചുമതല. അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ സർക്കാരിന് ഇതിന്‍റെ ചുമതല ലഭിക്കുകയുള്ളൂ. അതേസമയം ഡീസലിന്‍റെ ലഭ്യതക്കുറവ് പല വകുപ്പുകളെയും ബാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

'കെൽട്രോണിനെ മുൻ നിർത്തിയുള്ള കൊള്ള' : പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച രമേശ് ചെന്നിത്തല കമ്പനികൾക്ക് മുൻപരിചയമില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. പദ്ധതിക്കുള്ള തുക സർക്കാർ വർധിപ്പിച്ചതിൽ ദുരൂഹതയും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്‍റെ പക്കൽ ഉണ്ട്.

സർക്കാർ ഈ രേഖകൾ നാല് ദിവസത്തിനകം പുറത്തുവിട്ടില്ലെങ്കിൽ താൻ ഈ രേഖകൾ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെൽട്രോണിനെ മുൻ നിർത്തിയുള്ള കൊള്ളയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്‍റെ നേതൃത്വത്തിൽ സ്ഥാപിച്ച ഓരോ എ ഐ ക്യാമറകൾക്കും 33 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു. എഐ ക്യാമറകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

also read: 'ഒരു ക്യാമറയ്ക്ക് 33 ലക്ഷം ചെലവാക്കിയെന്നത് അവിശ്വസനീയം'; എഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് വിഡി സതീശൻ

സെർവർ വിവരങ്ങൾ വ്യക്തമല്ല : ഖജനാവില്‍ നിന്ന് 236 കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എ ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണോയെന്ന സംശയം സാങ്കേതിക വിദഗ്‌ധര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രകടിപ്പിച്ചത് ഗൗരവകരമാണ്. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിച്ചുവയ്‌ക്കുന്നതിന് ഏത് സെർവറാണ് സജ്ജീകരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. സെർവർ പ്രൊവൈഡർ ആരാണെന്ന് വ്യക്തമാക്കണം.

also read: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ സ്‌മാര്‍ട്ടാകുന്നു, പദ്ധതിക്ക് തുടക്കം ; പരിവാഹന്‍ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം

അടുത്ത ഘട്ടത്തിൽ വാഹന ഉടമയുടെ ഫാസ്റ്റ് ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമ്പോൾ അനുമതി ഇല്ലാതെ എങ്ങനെയാണ് ഇത് ചെയ്യാനാവുക. ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണിത്. ഇതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിട്ടുണ്ടോയെന്നും വി.ഡി സതീശന്‍ ചോദിച്ചിരുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.