'മിടുക്കിയായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ...' ; ആന്‍ മരിയയുടെ വിയോഗത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരായ മണിക്കുട്ടനും തോമസും
🎬 Watch Now: Feature Video
ഇടുക്കി:'ജോലിത്തിരക്കിനിടയിലും എന്നും വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചിരുന്നു, മിടുക്കിയായി ഞങ്ങളെ കാണാൻ വരുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ ഇന്നലെ പുലർച്ചെയെത്തിയ മരണവാർത്തയോടെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചു'-രണ്ടുമാസം മുമ്പ് ഹൃദയാഘാതം സംഭവിച്ച ആൻ മരിയ എന്ന 17 കാരിയുടെ ജീവനുമായി ശരവേഗത്തിൽ പാഞ്ഞ ആംബുലൻസ് ഡ്രൈവർ മണിക്കുട്ടന്‍റെ വാക്കുകളാണിത്. ജീവൻമരണ പോരാട്ടത്തിനിടയിലെ അതിവേഗ പാച്ചിലുമായി പലരുമായും ആശുപത്രികളിലേയ്ക്ക് കുതിച്ചിട്ടുണ്ടെങ്കിലും ആൻ മരിയയെ അങ്ങനെ മറക്കാനാകില്ലെന്ന് പറയുമ്പോൾ മണിക്കുട്ടന് വാക്കുകൾ മുഴുമിപ്പിക്കാനായില്ല. സമാന അവസ്ഥയിലാണ് അന്നത്തെ ദൗത്യത്തിലെ സഹ ഡ്രൈവറായിരുന്ന തോമസും. ആൻ മരിയ ആരോഗ്യവതിയായി തിരിച്ചെത്തുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നുവെന്ന് തോമസ് പറഞ്ഞവസാനിപ്പിച്ചു. രണ്ടര മണിക്കൂർ കൊണ്ടാണ് മണിക്കുട്ടനും സംഘവും കട്ടപ്പനയിൽ നിന്ന് ആൻ മരിയയെ അമൃത ആശുപത്രിയിൽ എത്തിച്ചത്. അതിവേഗത്തിൽ വാഹനം പായിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചപ്പോള്‍ അഭിമാനത്തിനപ്പുറം ആൻ മരിയ സ്വാഭാവിക ജീവിതത്തിലേയ്ക്ക് തിരിച്ചെത്തണമെന്ന ചിന്ത മാത്രമായിരുന്നു. പക്ഷേ അതുണ്ടായില്ല. ആനിനെക്കുറിച്ച് ആരോ എഴുതിയ വാചകം മണിക്കുട്ടൻ ആവർത്തിച്ചു. 'റോസാപ്പൂവിനെ അതിന്‍റെ ഉടമസ്ഥൻ അറുത്തെടുത്തു'.