Ambulance| സൈറൺ മുഴക്കി സിഗ്നൽ മറികടന്നു, എന്നിട്ടോ ? വണ്ടി നിർത്തി ചായയും ബജ്ജിയും വാങ്ങി ആംബുലൻസ് ഡ്രൈവർ : വീഡിയോ വൈറൽ - ആംബുലൻസ്
🎬 Watch Now: Feature Video
ഹൈദരാബാദ് : ആശുപത്രി അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട സൈറൺ ദുരുപയോഗം ചെയ്‌ത് ആംബുലൻസ് ഡ്രൈവർ. ഹൈദരാബാദിൽ സൈറൺ മുഴക്കി സിഗ്നൽ മറികടന്ന ഡ്രൈവർ വഴിയരികിൽ ബജ്ജിയും ജ്യൂസും വാങ്ങി കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഡിജിപി അഞ്‌ജനി കുമാറാണ് സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്.
നാരായണഗുഡയിൽ ആംബുലൻസ് ഡ്രൈവർ എമർജൻസി സൈറൺ മുഴക്കിയതിനെ തുടർന്ന് ട്രാഫിക് പൊലീസ് സിഗ്നൽ ക്ലിയർ ചെയ്‌ത് നൽകുകയായിരുന്നു. എന്നാൽ സിഗ്നൽ മറികടന്ന് അൽപം മുന്നോട്ട് പോയ ഡ്രൈവർ വഴിയരികിൽ വാഹനം നിർത്തി ബജ്ജിയും ജ്യൂസും വാങ്ങി കഴിക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസ് കോൺസ്‌റ്റബിൾ ഉടൻ വാഹനത്തിനരികിലെത്തി പരിശോധന നടത്തിയപ്പോൾ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ടെത്തി.
പിന്നാലെ, രോഗിയില്ലാതെ സിഗ്നലിൽ അത്യാഹിത സൈറൺ മുഴക്കിയത് എന്തിനാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തിന്‍റെ വീഡിയോ ഉദ്യോഗസ്ഥൻ തന്നെ ഷൂട്ട് ചെയ്‌ത് ട്വിറ്ററിൽ പങ്കുവയ്‌ക്കുകയായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന സൈറൺ ദുരുപയോഗം ചെയ്യരുതെന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് നിർദേശമുണ്ട്. അല്ലാത്തപക്ഷം നിയമപ്രകാരം നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുള്ളതാണ്.