കർഷക ആത്മഹത്യ : വിലാപയാത്രയും, റോഡ് ഉപരോധവും, കെ ജി പ്രസാദിന്‍റെ മൃതദേഹം സംസ്‌കരിച്ചു - കടബാധ്യത
🎬 Watch Now: Feature Video
Published : Nov 11, 2023, 8:59 PM IST
ആലപ്പുഴ : കടബാധ്യതയെ തുടർന്ന് തകഴിയിൽ ആത്മഹത്യ ചെയ്‌ത കർഷകൻ കെ ജി പ്രസാദിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു (Alappuzha Farmer Funeral). തകഴിയിലെ അംബേദ്‌കർ കോളനിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇന്നലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രസാദ് ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. നെല്ല് സംഭരിച്ചതിന്‍റെ വില പി ആർ എസ് വായ്‌പയായി കിട്ടിയതിനാൽ സർക്കാർ പണം തിരിച്ചടയ്‌ക്കാത്തത് മൂലം മറ്റ് വായ്‌പകൾ ലഭിച്ചിരുന്നില്ല. ഇതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പ്രസാദിന്‍റെ മരണത്തിന് കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത് (Farmer Suicide). സംഭവശേഷം കർഷകന്‍റെ മൃതദേഹവുമായി കർഷകർ റോഡ് ഉപരോധിച്ചിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം വിലാപയാത്രയായി ആംബുലൻസ് എത്തിച്ച് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയാണ് കർഷകർ ഉപരോധിച്ചത്. കർഷകന്‍റെ മരണത്തിൽ സർക്കാർ മറുപടി പറയണം എന്നാവശ്യപ്പെട്ട് ആംബുലൻസ് റോഡിന് കുറുകെ ഇട്ടായിരുന്നു പ്രതിഷേധം. കർഷകന്‍റെ മരണത്തിൽ സർക്കാരിനെതിരെ ഗവർണറും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കർഷകർ വലിയ ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്നായിരുന്നു ഗവർണർ കുറ്റപ്പെടുത്തിയത്.