കോട്ടയത്ത് ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷം; നാട്ടുകാര്‍ പ്രതിസന്ധിയില്‍, പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ പരാതി

By

Published : Jun 30, 2023, 1:35 PM IST

thumbnail

കോട്ടയം: പള്ളിക്കത്തോട്ടിലും വാഴൂരിലും ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായി. മഴക്കാലമായതോടെയാണ് ഇവ പെരുകുവാന്‍ കാരണം. പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രശ്‌നത്തിൽ പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

വാഴൂർ പഞ്ചായത്തിലെ പതിനെട്ടാം മൈൽ, ശാസ്‌താംകാവ്, വലിയതറ പ്രദേശങ്ങളിലും, പള്ളിക്കത്തോട് പഞ്ചായത്തിലെ ഇളമ്പള്ളി, നെയ്യാട്ടുശ്ശേരി, കൊച്ചു കോട്ട പ്രദേശങ്ങളിലുമാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഇവ രാത്രികാലങ്ങളിൽ കൂട്ടത്തോടെ വീടുകളിൽ കയറിവരുന്നതിനാല്‍ രാത്രിയിൽ ഉറക്കമൊഴിച്ചിരുന്ന് ഒച്ചിനെ നശിപ്പിക്കുകയാണ് നാട്ടുകാരുടെ പ്രധാന പണി. ശല്യം സഹിക്കാന്‍ ആവാതെ വരുമ്പോള്‍ ഉപ്പു പൊടിയും തുരിശും ഉപയോഗിച്ച് ഇവയെ കൊല്ലുകയാണ് ചെയ്യുന്നത്.

ഉപ്പ് ഒഴിച്ചതുകൊണ്ട് പരിഹാരമായില്ല. ഒച്ചിന് മേൽ ഉപ്പ് ഒഴിക്കുമ്പോൾ വല്ലാത്ത ദുർഗന്ധം ഉണ്ടാകുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഒച്ചുകള്‍, വീട്ടുമുറ്റത്തെ ചെടികളുടെ ഇലകളും വാഴയും പച്ചക്കറി കൃഷിയും ഒക്കെ തിന്നു നശിപ്പിക്കുകയാണ് പതിവ്. 

ഉപ്പുപൊടി ഇടുമ്പോൾ ഇവയുടെ ശശീരത്തിൽ നിന്നും ഒരു ദ്രാവകം ഉണ്ടാകുന്നു. ഈ ദ്രാവകം ശരീരത്ത് പറ്റിയാൽ ചൊറിച്ചിലുണ്ടാകുന്നുവെന്നും നാട്ടുകാർ പറയുന്നു. പ്രതിസന്ധികള്‍ ഉണ്ടായിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പോ തിരിഞ്ഞു നോക്കുക പോലും ചെയ്‌തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.