Illegal tent camps | സുരക്ഷയും ലൈസൻസുമില്ല, ചിന്നക്കനാൽ സൂര്യനെല്ലി മേഖലകളിലെ അനധികൃത ടെന്‍റുകൾക്കെതിരെ നടപടി - Chinnakanal tents
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18742688-thumbnail-16x9-idukki.jpg)
ഇടുക്കി : ചിന്നക്കനാൽ-സൂര്യനെല്ലി മേഖലകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടെന്‍റ് ക്യാമ്പുകൾക്കെതിരെ നടപടിയുമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്. അനധികൃതമായി പ്രവർത്തിക്കുന്ന 26 ടെന്‍റ് ഉടമകൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രദേശത്ത് നിന്ന് ടെന്‍റുകൾ മാറ്റാൻ തയ്യാറായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ചിന്നക്കനാൽ- സൂര്യനെല്ലി മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ടെന്‍റ് ക്യാമ്പുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ശാന്തൻപാറ പൊലീസ് സ്റ്റേഷൻ എസ്എച്ച്‌ഒ ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് കത്ത് നൽകിയിട്ടുണ്ട്. മേഖലയിൽ പ്രവർത്തിച്ചുവരുന്ന ക്യാമ്പുകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. മേഖലയില്‍ 26 അനധികൃത ടെന്‍റ് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നതെന്നും ക്യാമ്പുകളിൽ എത്തുന്ന ആളുകൾക്ക് മദ്യവും മയക്കുമരുന്നും എത്തിച്ചു നൽകുന്നതിനോടൊപ്പം അനാശാസ്യ പ്രവർത്തനങ്ങളും മറ്റും നടന്നുവരുന്നതായും പൊലീസിന് വിവരം ലഭിച്ചതായാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
കൂടാതെ ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളും ഉഗ്രവിഷമുള്ള ഇഴജന്തുക്കളും വ്യാപകമായി ഈ പ്രദേശത്ത് ഉള്ളതിനാൽ യാതൊരു സുരക്ഷയും ഇല്ലാതെയാണ് വിനോദസഞ്ചാരികളെ പാർപ്പിക്കുന്നതെന്നും അപകട സാധ്യത കൂടുതലുള്ളതിനാൽ ഇത്തരം ടെന്‍റ് ക്യാമ്പുകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിന് നൽകിയ കത്തിൽ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം ഈ മേഖലയിൽ പ്രവർത്തിക്കുന്ന ടെന്‍റ് ക്യാമ്പുകൾക്ക് ലൈസൻസ് നൽകിയിട്ടില്ലന്നും അനധികൃതമായി പ്രവർത്തിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സിനി ബേബിയും വ്യക്തമാക്കി.
നടപടിയുടെ ആദ്യഘട്ടം എന്ന നിലയിൽ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ടെന്‍റുകൾ മാറ്റാൻ തയ്യാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് പഞ്ചായത്തിന്‍റെ തീരുമാനം.