Court Attack| കൊല്ലത്ത് സ്‌ഫോടനക്കേസ് പ്രതികളുടെ ആക്രമണം; കോടതിയുടെ ജനല്‍ ചില്ലുകള്‍ ഇടിച്ച് തകര്‍ത്തു - latest news in kollam
🎬 Watch Now: Feature Video
കൊല്ലം: കൊല്ലം കലക്‌ടറേറ്റ് സ്‌ഫോടന കേസിലെ പ്രതികള്‍ കൈ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനല്‍ ചില്ലുകള്‍ ഇടിച്ച് തകര്‍ത്തു. സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വിചാരണയ്‌ക്കായി ഇന്ന് (ഓഗസ്റ്റ് 7) ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. 2016 ജൂൺ 15നാണ് കൊല്ലം കലക്‌ടറേറ്റില്‍ സ്‌ഫോടനം നടന്നത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്നാണ് കൊല്ലത്തേക്ക് കൊണ്ടു വന്നത്. മധുര സ്വദേശികളും ബേസ് മൂവ്മെന്‍റ് പ്രവർത്തകരുമായ അബ്ബാസ് അലി (32), ദാവൂദ് സുലൈമാൻ (27), കരിം രാജ (27), ഷംസുദ്ദീൻ (28) എന്നിവരാണ് പ്രതികൾ. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തിച്ച പ്രതികള്‍ വിചാരണ നടപടികള്‍ക്ക് ശേഷം ജഡ്‌ജിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജഡ്‌ജി വിചാരണ നടപടി പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയാണെന്നും നേരില്‍ കാണാന്‍ സാധിക്കില്ലെന്നും പറഞ്ഞതോടെ ഇവര്‍ അക്രമാസക്തരാകുകയായിരുന്നു. ഇതോടെ പൊലീസ് പ്രതികളെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതിനിടെ കൈ വിലങ്ങ് കൊണ്ട് ജനല്‍ ചില്ലകള്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് പ്രതികള്‍ കോടതിയില്‍ ആക്രമണം നടത്തിയത്. കൊല്ലം കലക്‌ടറേറ്റിലെ തൊഴില്‍ വകുപ്പിന്‍റെ ആളൊഴിഞ്ഞ ജീപ്പില്‍ സ്‌ഫോടനമുണ്ടായ സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. സംഭവമുണ്ടായി നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ആദ്യ വിചാരണയാണ് ഇന്നുണ്ടായത്. യുഎപിഎ ചുമത്തപ്പെട്ട പ്രതികള്‍ അക്രമാസക്തരായതോടെ ആന്ധ്രപ്രദേശ്, കേരള പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ മാറ്റി. പ്രകോപിതരായ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ലകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ചതിനും കേസെടുക്കും. നിലവില്‍ പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.