A A Rahim| മോന്‍സൺ മാവുങ്കൽ കേസ്: കെ സുധാകരന്‍ കോണ്‍ഗ്രസിന് അപമാനം, മോൻസണുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് എ എ റഹീം - പോക്‌സോ

🎬 Watch Now: Feature Video

thumbnail

By

Published : Jun 23, 2023, 7:48 PM IST

തിരുവനന്തപുരം : പോക്‌സോ കേസിലെ പ്രതിയായ മോന്‍സൺ മാവുങ്കലിനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട കെ സുധാകരന്‍ കോണ്‍ഗ്രസിനാകെ അപമാനമാണെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്‍റ് എ എ റഹീം എം.പി. പോക്‌സോ പ്രതിയെ ന്യായീകരിച്ചാണ് സുധാകരന്‍ എപ്പോഴും സംസാരിക്കുന്നത്. ഇത് ഒരു രാഷ്‌ട്രീയ നേതാവിന് ചേര്‍ന്നതല്ല. 

ഇതാണ് സുധാകരന്‍റെ നേത്യത്വത്തിലുള്ള ഇപ്പോഴത്തെ കോണ്‍ഗ്രസ് മുന്നോട്ട് വയ്‌ക്കുന്നത്. ഇതിൽ എ.ഐ.സി.സി നേതൃത്വം അഭിപ്രായം വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. കേരളത്തിലെ പ്രതിച്ഛായ ഭയമുള്ള കോണ്‍ഗ്രസുകാരൊന്നും ഇതില്‍ അഭിപ്രായം പറയാന്‍ തയാറായിട്ടില്ല. ഇത് ശരിയായ നടപടിയല്ല. മോന്‍സണുമായുള്ള ബന്ധമെന്തെന്ന് കെ സുധാകരന്‍ തന്നെ വ്യക്തമാക്കണം. 

അല്ലാതെ ഇത്രയും തരംതാണ രീതിയില്‍ ന്യായീകരിക്കരുതെന്നും റഹീം പറഞ്ഞു. കൂടാതെ ഒരേ സമയം രണ്ട് യൂണിവേഴ്‌സിറ്റികളിൽ പഠിച്ചിരുന്നുവെന്ന വിവരം പുറത്തു വന്ന സാഹചര്യത്തില്‍ കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഒരേ സമയം രണ്ട് സര്‍വകലാശാലകളില്‍ അന്ന് പഠിക്കാന്‍ കഴിയില്ല. ഇപ്പോള്‍ യുജിസി അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

മോഹന്‍ കുന്നുമ്മലിന്‍റെ പഠന കാലത്ത് ഇത് നിയമ വിരുദ്ധം തന്നെയാണ്. അതില്‍ നടപടിയുണ്ടാകണമെന്നും റഹീം ആവശ്യപ്പെട്ടു. വ്യാജരേഖ കേസിലടക്കം ആരേയും സംരക്ഷിക്കുന്ന നിലപാട് ഡി വൈ എഫ്‌ ഐക്കില്ല. തെറ്റ് ചെയ്‌തവരെ അറസ്റ്റ് ചെയ്‌ത്‌ നിയമ നടപടി സ്വീകരിക്കുക തന്നെ വേണം.

എന്നാല്‍ നിഖിലിന്‍റെ അറസ്റ്റ് വൈകുന്നത് പൊലീസിന്‍റെ വീഴ്‌ചയായി കരുതുന്നില്ല. അന്വേഷണം നടത്താന്‍ എടുക്കുന്ന സമയമാണിത്. പ്രിയ വര്‍ഗീസിന്‍റെ കേസില്‍ മാധ്യമങ്ങള്‍ക്കെതിരായ ഹൈക്കോടതി പരാമര്‍ശം എല്ലാവരും ഉള്‍ക്കൊള്ളണം. പലപ്പോഴും ജനാധിപത്യ മര്യാദ ആരും പാലിക്കുന്നില്ല. പ്രിയ വര്‍ഗീസ് കെ.കെ.രാഗേഷിന്‍റെ ഭാര്യയായത് കൊണ്ടു മാത്രം വലിയ ആക്രമണമാണ് നേരിട്ടത്. 

ഈ വിധി അവരുടെ വിജയമാണെന്നും റഹീം പറഞ്ഞു. മണിപ്പൂര്‍ കലാപത്തില്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യ വ്യാപകമായി ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കും. കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം പ്രതിഷേധാര്‍ഹമാണ്. നാട് കത്തുമ്പോള്‍ ഒന്നും മിണ്ടാതെ നാടുവിട്ട പ്രധാനമന്ത്രി ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയുടെ കണ്ണുനീരായി മണിപ്പൂര്‍ മാറുകയാണെന്നും രഹീം പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.