അരിക്കൊമ്പന്‍ ദൗത്യം: തൃശൂര്‍ വാഴച്ചാലില്‍ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍
🎬 Watch Now: Feature Video
തൃശൂര്‍: അരിക്കൊമ്പനെ കാനനപാതയിലൂടെ പറമ്പിക്കുളം വനമേഖലയിലെ മുതിരച്ചാലിൽ എത്തിക്കാനുള്ള വനംവകുപ്പിന്‍റെ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍. വാഴച്ചാൽ വനമേഖലയിലൂടെ എത്തിക്കാനാണ് വകുപ്പ് നീക്കം. ഇന്ന് രാവിലെ ലോറി തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് വനംവകുപ്പ് ട്രയല്‍ റണ്‍ നടത്തിയത്. ആദിവാസികളും ജനപ്രതിനിധികളും അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാഴച്ചാലിൽനിന്ന് കാരാംതോട് വഴി പോകുന്ന പാതയിലൂടെയാണ് ആനയെ പറമ്പിക്കുളത്തെത്തിക്കാൻ ലക്ഷ്യമിടുന്നത്. പറമ്പിക്കുളം മേഖലയിലെ വലിയ പ്രതിഷേധത്തെ തുടർന്നാണ് വനംവകുപ്പ് വാഴച്ചാൽ വഴി ആനയെ എത്തിക്കാൻ ശ്രമിക്കുന്നത്.
വാഴച്ചാല്‍ ചെക്‌പോസ്റ്റ് കഴിഞ്ഞ് മുന്നോട്ടുപോയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ട്രയല്‍ റണ്‍ തടഞ്ഞത്. കാടിനകത്തെ റോഡ് സഞ്ചാരയോഗ്യമാക്കാൻ മണ്ണുമാന്തി യന്ത്രവും വാഹനങ്ങളും ഞായറാഴ്‌ച (ഏപ്രില്‍ ഒന്‍പത്) രാവിലെ വാഴച്ചാലിൽ എത്തിച്ചെങ്കിലും വനംവകുപ്പ് ചെക്ക്‌പോസ്റ്റിൽ ആദിവാസികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു.
ആനമല റോഡ് ഉപരോധിച്ച നാട്ടുകാർ വിനോദസഞ്ചാരികളുടെ വാഹനവും കടത്തിവിട്ടില്ല. പിന്നീട്, സമരക്കാരും പൊലീസും വനപാലകരും നടത്തിയ ചർച്ചയിൽ റോഡ് നന്നാക്കാനെത്തിച്ച വാഹനങ്ങൾ തിരിച്ചയയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഉപരോധം താത്കാലികമായി അവസാനിപ്പിച്ചത്.