'വര്‍ഗീയതയ്‌ക്കെതിരെ കരുതിയിരിക്കണം, ഐക്യംകൊണ്ട് മറുപടി നല്‍കണം'; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി - Chief Minister Pinarayi Vijayan
🎬 Watch Now: Feature Video
തിരുവനന്തപുരം: വര്‍ഗീയതയും വിഭാഗീയതയും പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷുദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉന്നതമായ മനുഷ്യസ്‌നേഹത്തില്‍ ഊന്നിയ ഐക്യംകൊണ്ട് ഇത്തരം ശക്തികള്‍ക്ക് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം ആശംസ നേര്‍ന്നുകൊണ്ട് പറഞ്ഞു.
ALSO READ | സര്‍ക്കാറിന്‍റെ വിഷുക്കൈനീട്ടം; രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് നല്‍കും
ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഓര്‍മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂര്‍ണമായ നല്ലൊരു നാളെയെ വരവേല്‍ക്കുന്നതിനുള്ള വിഷു ആഘോഷങ്ങളില്‍ മലയാളികള്‍ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ വിഷുവിന്‍റെ സന്ദേശം അതിനുള്ള ശക്തി പകരട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
കേരളത്തിന്‍റെ കാർഷികോത്സവമായ വിഷു നാളെയാണ് (ഏപ്രില്‍ 15). മലയാളമാസം മേടം ഒന്നിനാണ് വിഷു വന്നെത്തുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങളുണ്ട്. അസമില്‍ ബിഹു, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഉഗാദി എന്നിങ്ങനെയാണ് ഈ ആഘോഷങ്ങള്‍.