തിരക്കഥാകൃത്തായി ധ്യാൻ ശ്രീനിവാസന്‍ വീണ്ടും; സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു - Actor Dhyaan Srinivasan once again scriptwriter
🎬 Watch Now: Feature Video
എറണാകുളം: ഗുഡ് ആംഗിൾ ഫിലിംസിന്‍റെ ആദ്യ നിർമ്മാണ സംരംഭത്തിന് വേണ്ടി ധ്യാൻ ശ്രീനിവാസൻ തിരക്കഥകൃത്താവുന്നു. സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും നടന്നു. കാക്കനാട് ഗവൺമെന്‍റ് യൂത്ത് ഹോസ്‌റ്റലിൽ ഓഗസ്‌റ്റ് 17ന് രാവിലെ എട്ട് മണിക്കായിരുന്നു സിനിമയുടെ പൂജ.
ചടങ്ങില്‍ നിർമാതാവ് സന്തോഷ് ടി കുരുവിള മുഖ്യാതിഥിയായിരുന്നു. ഗുഡ് ആംഗിൾ ഫിലിംസിന് വേണ്ടി സന്തോഷ് ടി കുരുവിള, നിലവിളക്ക് കൊളുത്തി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. വിനയ് ജോസ് ആണ് സിനിമയുടെ സംവിധാനം.
മെന്‍സ് ഹോസ്‌റ്റല്‍ പൊലീസ് സ്‌റ്റേഷൻ ആക്കി രൂപമാറ്റം വരുത്തി ചിത്രത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇന്നു തന്നെ ആരംഭിക്കുന്നതായി സംവിധായകൻ അറിയിച്ചു. നന്ദി എന്ന് ഒറ്റവാക്കിൽ ഒതുക്കി ധ്യാൻ ശ്രീനിവാസൻ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു.
ധ്യാന്‍ ശ്രീനിവാസന്‍റെ ആദ്യ സംവിധാന സംരംഭമായ 'ലൗ ആക്ഷൻ ഡ്രാമ'യിൽ വിനയ് സംവിധാന സഹായി ആയിരുന്നു. ധ്യാൻ ശ്രീനിവാസനൊപ്പം വീണ്ടും ഒരുമിക്കുന്നതിന്‍റെ ആവേശവും സംവിധായകൻ പ്രകടിപ്പിച്ചു. അതേസമയം സിനിമയുടെ പേരും മറ്റു വിശദാംശങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
'മിന്നൽ മുരളി' ഫെയിം വസിഷ്‌ഠ, ഉമേഷ്, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്‍റണി, സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ശ്രിത ശിവദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഓർഡിനറി' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രിത ശിവദാസ്. ഒരു ഇടവേളയ്ക്ക് ശേഷം ശ്രിത വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.