പകര്‍ച്ചവ്യാധി അല്ലാത്ത ഒരു ചര്‍മരോഗമാണ് സോറിയാസിസ്. രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ഒരു രോഗമായി പൊതുവെ കണക്കാക്കപ്പെടുന്ന സോറിയാസിസ്, രോഗിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് സോറിയാസിസിനെയും അതിന്‍റെ ചികിത്സയേയും കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്‌ടിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 29ന് ലോക സോറിയാസിസ് ദിനമായി ആചരിക്കുന്നു. സോറിയാസിസ് രോഗം കുറയ്‌ക്കുക എന്നതാണ് ഈ വര്‍ഷത്തെ സോറിയാസിസ് ദിനത്തിന്‍റെ പ്രമേയം.
ചര്‍മത്തിലെ പാടുകള്‍ അവഗണിക്കരുത്: ചർമത്തിൽ ചുവന്നതും വെളുത്തതുമായ പാടുകൾ വികസിക്കാൻ തുടങ്ങുന്ന ഗുരുതരമായ അവസ്ഥയാണ് സോറിയാസിസ്. ഈ പാടുകൾ സാധാരണയായി കൈമുട്ടുകൾ, കാൽമുട്ടുകൾ, തലയോട്ടി എന്നിവിടങ്ങളില്‍ ആണ് സാധാരണയായി പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെടുമെങ്കിലും രോഗം വഷളാകുന്നതോടെ പാടുകള്‍ പ്രത്യക്ഷപ്പെട്ട ഇടങ്ങളില്‍ തടിപ്പും വീക്കവും ഉണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ പോലെ ബാധിക്കുന്ന ഈ രോഗത്തിന്‍റെ വ്യാപ്‌തി ഓരോ വ്യക്തിയിലും വ്യത്യസ്‌തമായിരിക്കും. വളരെ കാലം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. തുടക്കത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ കുറവാണെങ്കിലും ദിവസം ചെല്ലുന്തോറും ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
സോറിയാസിസ് പലവിധം: പല തരത്തിലുള്ള സോറിയാസിസ് ഉണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ ചികിത്സയും മുന്‍കരുതലും സ്വീകരിച്ചാല്‍ സോറിയാസിസിനെ നിയന്ത്രണ വിധേയമാക്കാം. രോഗപ്രതിരോധ ശേഷി പ്രശ്‌നങ്ങള്‍, ഹോർമോൺ മാറ്റങ്ങൾ, പാരമ്പര്യം, വൈകാരിക സമ്മർദം, അമിതമായ മദ്യപാനം, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത്, ചില മരുന്നുകളുടെ പാർശ്വഫലം, സ്ട്രെപ്റ്റോകോക്കൽ അണുബാധ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങള്‍ കാരണം സോറിയാസിസ് ഉണ്ടാകാം. സാധാരണയായി അഞ്ച് തരം സോറിയാസിസ് ആണ് കാണപ്പെടുന്നത്.
- പ്ലാക്ക് സോറിയാസിസ്: ചര്‍മത്തില്‍ ചെറിയ ചുവന്ന പാടുകള്‍ ഉണ്ടാക്കുന്ന സോറിയാസിസ് വിഭാഗമാണിത്. രോഗം ബാധിച്ച ഭാഗം നിര്‍ജീവ കോശങ്ങളാല്‍ മൂടപ്പെടുന്നു. ഏറ്റവും സാധാരണയായി കാണപ്പെടുന്ന സോറിയാസിസ് ആണിത്.
- ഗുട്ടേറ്റ് സോറിയാസിസ്: ഈ സോറിയാസിസ് വിഭാഗത്തിലും ചർമത്തിൽ ചെറിയ ചുവന്ന പാടുകൾ രൂപം കൊള്ളും. രോഗിയില്‍ മറ്റേതെങ്കിലും തരത്തിലുള്ള രോഗം വന്നതിന് ശേഷമാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്.
- ഇന്‍വേഴ്‌സ് സോറിയാസിസ്: ഇത്തരത്തിലുള്ള സോറിയാസിസ് സാധാരണയായി ചർമത്തിന്‍റെ മടക്കുകളിലാണ് ഉണ്ടാകുന്നത്. തുടക്കത്തില്‍ ചർമത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടും. പാടുകള്‍ പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങളില്‍ വേദനയും അനുഭവപ്പെടും.
- പസ്റ്റുലാർ സോറിയാസിസ്: കൈപ്പത്തിയിലും പാദങ്ങളിലും പഴുപ്പ് നിറയുന്ന സോറിയാസിസ് വിഭാഗമാണിത്. രോഗം ബാധിച്ച ഭാഗത്ത് വേദനയും ചൊറിച്ചിലും അനുഭവപ്പെടും. പനി, തലകറക്കം, വിശപ്പില്ലായ്‌മ മുതലായ ലക്ഷണങ്ങളും രോഗിയിൽ കാണാവുന്നതാണ്.
- എറിത്രോഡെർമിക് സോറിയാസിസ്: കാഴ്‌ചയിൽ കടുത്ത സൂര്യാഘാതം ഏറ്റതു പോലെ തോന്നിക്കുന്ന സോറിയാസിസ് ആണ് ഇത്. രോഗം ബാധിച്ചാല്‍ ചര്‍മത്തില്‍ കടും ചുവപ്പ് നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. പാടുള്ള ഭാഗത്ത് കഠിനമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. കൂടാതെ രോഗിയുടെ ഹൃദമിടിപ്പും വര്‍ധിക്കും. ഇത്തരം സാഹചര്യത്തില്‍ ഉടന്‍ വൈദ്യസഹായം തേടുക പ്രധാനമാണ്.
സോറിയാസിസ് കുഷ്‌ഠമല്ല: ഈ രോഗത്തെ കുറിച്ചും അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും സോറിയാസിസ് കൊണ്ടുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും അറിയാത്തവര്‍ ഇപ്പോഴും ധാരാളമുണ്ട്. പലരും ചിലപ്പോൾ ഈ രോഗത്തെ കുഷ്‌ഠരോഗമായി തെറ്റിദ്ധരിക്കുകയും രോഗി അവഗണനക്ക് ഇരയാകുകയും ചെയ്യുന്നു. മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഈ രോഗം ബാധിച്ചവരിൽ വിഷാദവും മറ്റ് ചില അവസ്ഥകളും കാണപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം സോറിയാസിസ് ബാധിച്ചവരില്‍ നാലില്‍ ഒരാള്‍ വിഷാദ രോഗിയാണ്. 48 ശതമാനം സോറിയോസിസ് രോഗികള്‍ക്ക് ഉത്‌കണ്‌ഠ രോഗമുണ്ട്. സോറിയാസിസ് കുഷ്‌ഠരോഗമല്ല. എന്നാൽ സന്ധിവാതം ഉൾപ്പെടെയുള്ള മറ്റ് ചില ശാരീരിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ് ഇത്. അതിനാൽ സോറിയാസിസിന് സമയബന്ധിതമായ ചികിത്സ വളരെ പ്രധാനമാണ്.
ലോക സോറിയാസിസ് ദിനം: ഇന്‍ർനാഷണൽ ഫെഡറേഷൻ ഓഫ് സോറിയാസിസ് അസോസിയേഷൻസ് ആണ് എല്ലാ വർഷവും ഒക്‌ടോബര്‍ 29ന് ലോക സോറിയാസിസ് ദിനം സംഘടിപ്പിക്കുന്നത്. ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം ആഗോള തലത്തിൽ സോറിയാസിസിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് ആളുകളെ ഒരുമിപ്പിക്കുകയും ഈ രോഗം ബാധിച്ച ആളുകളെ പിന്തുണയ്‌ക്കുന്നതിനുള്ള പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുകയുമാണ്. 50 ലധികം രാജ്യങ്ങളിലാണ് ലോക സോറിയാസിസ് ദിനം ആചരിക്കുന്നത്.