ഹൈദരാബാദ് : സ്‌ത്രീകളിലെ സ്വാഭാവിക ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. പ്രായം വര്‍ധിക്കുംതോറും സ്‌ത്രീകളുടെ ശരീരത്തിലെ ഈസ്‌ട്രജന്‍റെ അളവില്‍ കുറവ് വരുന്നു. അത്തരത്തില്‍ സംഭവിക്കുമ്പോഴാണ് ആര്‍ത്തവവിരാമം ഉണ്ടാകുന്നത്.
ആര്‍ത്തവ ദിനങ്ങള്‍ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും ചിലര്‍ക്ക് വേദന നിറഞ്ഞതുമാണ്. എന്നാല്‍ ആര്‍ത്തവം പോലെ തന്നെ പ്രധാനമാണ് ആര്‍ത്തവ വിരാമകാലവും. ആര്‍ത്തവം ആരംഭിക്കുന്ന സമയത്ത് ഒട്ടനവധി കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരാണ് സ്‌ത്രീകള്‍. എന്നാല്‍ അത്ര തന്നെ സൂക്ഷ്മതയും ശ്രദ്ധയും ചെലുത്തേണ്ട സമയമാണ് ആര്‍ത്തവവിരാമവും.
മിക്ക സ്‌ത്രീകളും ഇക്കാര്യത്തില്‍ അധികം അറിവില്ലാത്തവരാണെന്നതാണ് വസ്‌തുത. അത്തരം കാര്യങ്ങള്‍ കണക്കിലെടുത്ത് 2009ല്‍ ഇന്‍റര്‍നാഷണൽ മെനോപോസ് കമ്മിറ്റി (ഐഎംഎസ്) ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഒക്‌ടോബര്‍ 18 ലോക ആര്‍ത്തവ വിരാമ ബോധവത്കരണ ദിനമായി പ്രഖ്യാപിച്ചു. സ്‌ത്രീകളില്‍ ആര്‍ത്തവവിരാമത്തെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുക, ഇതുസംബന്ധിച്ച മിഥ്യാധാരണകള്‍ ഇല്ലാതാക്കുക എന്നിവയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.
സാധാരണയായി 45 വയസോ അതിന് മുകളിലോ ഉള്ള സ്‌ത്രീകളിലാണ് ആര്‍ത്തവ വിരാമമുണ്ടാകുന്നത്. ഒരു സ്‌ത്രീക്ക് തുടര്‍ച്ചയായി ഒരു വര്‍ഷം ആര്‍ത്തവം ഉണ്ടാകാതിരുന്നാല്‍ വിരാമം സംഭവിച്ചതായി കണക്കാക്കുന്നു. ശരീരത്തില്‍ ഈസ്‌ട്രജന്‍റെ അളവ് കുറയുന്നതോടെ സ്‌ത്രീകളുടെ പ്രത്യുല്‍പാദന ശേഷിയും ഇല്ലാതാകുന്നു.
ആര്‍ത്തവവിരാമം നേരത്തേ സംഭവിക്കുന്ന സ്ത്രീകളുമുണ്ട്. 40 വയസിന് മുമ്പ് ഒരു സ്‌ത്രീക്ക് ആര്‍ത്തവവിരാമമുണ്ടായാല്‍ അത് അകാല ആര്‍ത്തവവിരാമം അല്ലെങ്കില്‍ പ്രീമെനോപോസ് എന്നാണ് അറിയപ്പെടുന്നത്.
എന്നാല്‍ ഒരു ശതമാനം സ്‌ത്രീകളില്‍ മാത്രമാണ് ഇത്തരത്തില്‍ ആര്‍ത്തവ വിരാമമുണ്ടാകുന്നത്. ആര്‍ത്തവ വിരാമകാലത്ത് സ്‌ത്രീകളില്‍ നിരവധി ശാരീരിക - മാനസിക ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്.
ഇവ മെനോപോസല്‍ സിന്‍ഡ്രം എന്നാണ് അറിയപ്പെടുന്നത്. ആര്‍ത്തവ വിരാമം സ്‌ത്രീകളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ നില, ദഹന പ്രക്രിയ, ഹൃദയപ്രവര്‍ത്തനങ്ങള്‍, നാഡീവ്യൂഹത്തിന്‍റെ രീതികള്‍ എന്നിവയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കാം.
അകാല ആര്‍ത്തവത്തിന് കാരണം : തൈറോയ്‌ഡ്, അണ്ഡാശയ പ്രശ്നങ്ങള്‍ എന്നിവ കാരണം രോഗ പ്രതിരോധ ശേഷി കുറയുന്നത് കാരണം ചിലരില്‍ ഇത് സംഭവിക്കും. ജനിതകപരമായ പ്രത്യേകതകളും കുടുംബ പാരമ്പര്യവും കാരണമായേക്കാം. കൂടാതെ ഗര്‍ഭാശയത്തിലെ അണുബാധ, അണ്ഡാശയ കേശങ്ങള്‍ നശിച്ച അവസ്ഥ എന്നിവയും കാരണമാകാം.
ആര്‍ത്തവ വിരാമത്തിന്‍റെ ലക്ഷണങ്ങള്‍ :
അമിതമായ ചൂട് : ദേഹം മുഴുവൻ പെട്ടെന്ന് ചൂട് അനുഭവപ്പെടുകയും പൊടുന്നനെ സാധാരണപോലെ ആവുകയും ചെയ്യും. ഹോട്ട് ഫ്ളാഷസ് എന്നാണ് ഇത് അറിയപ്പെടുന്നത്. തലയിലോ മറ്റോ തുടങ്ങി ശരീരം മുഴുവൻ വ്യാപിക്കുന്നതായാണ് ഇത് അനുഭവപ്പെടുക. രാത്രിയിലും അമിത വിയർപ്പ് അനുഭവപ്പെടാം. ശീതീകരിച്ച മുറിയിൽ കിടന്നാൽ പോലും ഇതുണ്ടാവാറുണ്ട്.
എല്ലുകളുടെ ബലക്കുറവ് : അസ്ഥികളിൽ എപ്പോഴും വേദനയും ബലക്കുറവും ഉണ്ടാകും. ബലക്കുറവ് എല്ലുകള്‍ പെട്ടെന്ന് പൊട്ടുന്നതിന് കാരണമാകുന്നു. ചിലരില്‍ നടുവേദനയും അനുഭവപ്പെടാറുണ്ട്.
മൂത്രനാളിയില്‍ ഇടയ്ക്കിടയ്ക്ക് അണുബാധയുണ്ടാകാം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുകയും മാനസികമായി അസ്വസ്ഥതകള്‍ (നിരാശ തോന്നുക, ദേഷ്യം വരിക, വിഷാദം) അനുഭവപ്പെടുകയും ചെയ്‌തേക്കാം.
ആര്‍ത്തവവിരാമ സമയത്തെ ആരോഗ്യ സംരക്ഷണം :
- ഇക്കാലയളവില്‍ സ്‌ത്രീകളിലുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്. അതുകൊണ്ട് ഡോക്‌ടറെ കണ്ട് എച്ച്ആര്‍ടി അഥവാ ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്‍റ് തെറാപ്പിക്ക് വിധേയരാവുക
- ഡോക്‌ടറുടെ നിര്‍ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക
- ഈ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം
- പ്രോട്ടീന്‍, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ശീലമാക്കുക
- വിറ്റാമിന്‍ ഡി പോലെയുള്ള ആന്‍റി ഓക്‌സിഡന്‍റ് സപ്ലിമെന്‍റുകളെടുക്കാന്‍ ശ്രദ്ധിക്കുക
- പതിവായി വ്യായാമം ചെയ്യുക
- കോട്ടണ്‍ വസ്‌ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക
- പുകവലിയുള്ളവരാണെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുക
- അമിത വണ്ണമുള്ളവരാണെങ്കില്‍ കുറയ്ക്കാന്‍ ശ്രമിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.