ലോക കുഷ്‌ഠരോഗ നിർമാർജന ദിനം, ആളുകളിൽ കുഷ്‌ഠ രോഗത്തെപ്പറ്റി അവബോധം സൃഷ്‌ടിക്കുന്നതിനായാണ് ജനുവരി മാസത്തിലെ അവസാന ഞായറാഴ്‌ച ഈ ദിനം ആചരിക്കുന്നത്. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് കുഷ്‌ഠരോഗത്തെ കുറിച്ച് ധാരാളം മിഥ്യാധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നു.
ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു രോഗമാണെങ്കിലും അവബോധമില്ലായ്‌മ കാരണം ആളുകൾക്കിടയിൽ പല തെറ്റിധാരണകളും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ അത് അനുഭവിക്കുന്ന ആളുകൾ സമൂഹത്തിൽ വിവേചനം നേരിടേണ്ടിവരികയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളിൽ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും അത് അനുഭവിക്കുന്ന ഓരോ വ്യക്തിക്കും അതിന്‍റെ ചികിത്സ സാധ്യമാക്കാനും സാമൂഹിക വിവേചനം നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാനുമുള്ള അവസരമാണ് ലോക കുഷ്‌ഠരോഗ നിർമാർജന ദിനം.
ജനുവരി മാസത്തിലെ അവസാന ഞായറാഴ്‌ച, കുഷ്‌ഠരോഗബാധിതരോട് അനുകമ്പയുള്ള മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ഈ സംഭവം അന്താരാഷ്‌ട്രതലത്തിൽ ആചരിക്കുന്നത്. മഹാത്മാഗാന്ധി കുഷ്‌ഠരോഗികൾക്ക് ചികിത്സ ഉറപ്പാക്കാനും അവർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ നൽകാനും അവരുടെ വികസനത്തിനും ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്‌ടിക്കാനും നിരന്തരം ശ്രമിച്ചിരുന്നു.
'ഇപ്പോൾ പ്രവർത്തിക്കാം, കുഷ്‌ഠരോഗം ഇല്ലാതാക്കാം': രോഗത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായി സർക്കാർ തലത്തിലും സർക്കാരിതര തലങ്ങളിലും നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നിട്ടും ഈ രോഗത്തോടുള്ള ആളുകളുടെ മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 'ഇപ്പോൾ പ്രവർത്തിക്കാം, കുഷ്‌ഠരോഗം ഇല്ലാതാക്കാം' (Act Now, End Leprosy) എന്നതാണ് ഈ വർഷത്തെ കുഷ്‌ഠരോഗ നിർമാർജന സന്ദേശം. ചില ലക്ഷ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഈ തീം തിരഞ്ഞെടുത്തിരിക്കുന്നത്.
- ഉന്മൂലനം സാധ്യമാണ്: രോഗം പകരുന്നത് തടയാനും ഈ രോഗത്തെ പരാജയപ്പെടുത്താനും നമുക്ക് ശക്തിയും ഉപകരണങ്ങളും ഉണ്ട്.
- ഇപ്പോൾ പ്രവർത്തിക്കുക: കുഷ്ഠരോഗം അവസാനിപ്പിക്കാൻ പ്രതിബദ്ധത ആവശ്യമാണ്. കുഷ്ഠരോഗ നിർമാർജനത്തിന് മുൻഗണന നൽകുക.
- എത്തിച്ചേരാത്തവരിലേക്ക് എത്തിച്ചേരുക: കുഷ്ഠരോഗം തടയാവുന്നതും ചികിത്സിക്കാവുന്നതുമാണ്.
'രണ്ട് ലക്ഷ്യങ്ങളോടെ': 1954-ൽ ഫ്രഞ്ച് പത്രപ്രവർത്തകനും ആക്‌ടിവിസ്റ്റുമായ റൗൾ ഫോളേറോ രണ്ട് ലക്ഷ്യങ്ങളോടെയാണ് ലോക കുഷ്‌ഠരോഗ നിർമാർജന ദിനം ആചരിച്ചത്. ഒന്നാമതായി കുഷ്‌ഠരോഗബാധിതരായ ആളുകൾക്ക് തുല്യ പരിഗണന നൽകണമെന്ന് വാദം. രണ്ടാമതായി രോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ തിരുത്തി കുഷ്‌ഠരോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്‌കരിക്കുക. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തതിന് കാരണം, കുഷ്‌ഠരോഗം ബാധിച്ചവർക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രവൃത്തികൾ ലോകമെമ്പാടും അറിയപ്പെടുന്നതിനാലാണ്.
കുഷ്‌ഠരോഗവിമുക്ത രാജ്യം? ഇന്ത്യയിലെ ദേശീയ കുഷ്‌ഠരോഗ നിർമാർജന പരിപാടികൾക്ക് കീഴിൽ വർഷങ്ങളായി ഈ രോഗത്തിനെതിരെയും രോഗം ബാധിച്ചവർക്ക് വേണ്ടിയും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 2005-ൽ ഇന്ത്യയെ കുഷ്‌ഠരോഗവിമുക്തമായി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും, സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് ഇപ്പോഴും ധാരാളം കുഷ്‌ഠരോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ, സാധാരണക്കാർക്ക് ചികിത്സ സൗകര്യങ്ങളും സർക്കാരിന്‍റെയും സർക്കാരിതര സംഘടനകളുടെയും സൗകര്യങ്ങളും പ്രയത്‌നങ്ങളും കാരണം രോഗികൾ പൂർണമായി സുഖം പ്രാപിക്കുന്നതിനുള്ള കണക്കുകളിൽ തുടർച്ചയായ വർധനവുണ്ടാകുന്നു എന്നത് ആശ്വാസകരമാണ്.
കൊവിഡ് 19 കുഷ്‌ഠരോഗത്തെ ബാധിച്ചതെങ്ങനെ: 2020-2021 ലെ എൻഎൽഇപി (National Leprosy Eradication Programme) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 94.75 ശതമാനം രോഗികളും സുഖം പ്രാപിച്ചു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, 2030-ഓടെ 120 രാജ്യങ്ങളിൽ പുതിയ കുഷ്‌ഠരോഗ കേസുകൾ പൂജ്യത്തിലേക്ക് കൊണ്ടുവരാൻ അവർ ലക്ഷ്യമിടുന്നു. കൊവിഡ് 19ന് മുമ്പ്, ആഗോളതലത്തിൽ ഓരോ വർഷവും ഏകദേശം 2,00,000 ആളുകൾക്ക് കുഷ്‌ഠരോഗം കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. പക്ഷേ, പകർച്ചവ്യാധി കാരണം, കുഷ്‌ഠരോഗികൾക്ക് അവരുടെ ചികിത്സയിൽ തടസ്സങ്ങൾ നേരിടേണ്ടിവന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവിൽ ലോകമെമ്പാടും ഏകദേശം 2,08,000 ആളുകൾ കുഷ്‌ഠരോഗബാധിതരാണ്. ദശലക്ഷക്കണക്കിന് ആളുകൾ കുഷ്‌ഠരോഗവുമായി ബന്ധപ്പെട്ട വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്. അവരിൽ ഭൂരിഭാഗവും ഏഷ്യയിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമാണ്.
ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ കാലതാമസം: കുഷ്‌ഠം ഒരു 'ഹാൻസെൻസ് ഡിസീസ്' (Hansen's Disease) അല്ലെങ്കിൽ 'ഹാൻസെനിയാസിസ്' (Hanseniasis) എന്ന് അറിയപ്പെടുന്നു. ഈ പകർച്ചവ്യാധി മൈകോബാക്‌ടീരിയം ലെപ്രെ (Mycobacterium leprae) അല്ലെങ്കിൽ മൈകോബാക്‌ടീരിയം ലെപ്രോമാറ്റോസിസ് ((Mycobacterium lepromatosis bacteria) ബാക്‌ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇത് വളരെ സാവധാനത്തിൽ ഫലങ്ങൾ കാണിക്കുന്നു. ചിലപ്പോൾ അതിന്‍റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 20 വർഷം വരെ എടുത്തേക്കാമെന്ന് ഡൽഹിയിൽ നിന്നുള്ള ഡെർമറ്റോളജിസ്റ്റ് ഡോ സൂരജ് ഭാരതി വിശദീകരിക്കുന്നു.
കുഷ്‌ഠം വളരെ സാംക്രമിക രോഗമല്ലെന്നും സമയബന്ധിതമായ ചികിത്സയിലൂടെ അതിന്‍റെ ചികിത്സയും രോഗനിർണയവും പൂർണമായും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് കുഷ്‌ഠരോഗം കണ്ടെത്തിയാൽ, മിക്ക കേസുകളും 6 മുതൽ 12 മാസത്തിനുള്ളിൽ സുഖപ്പെടുത്താൻ കഴിയും. എന്നാൽ ഈ രോഗം കണ്ടുപിടിക്കുന്നതിനോ ചികിത്സിക്കുന്നതിനോ ഉള്ള അശ്രദ്ധ രോഗികളിൽ ഗുരുതരമായ ദീർഘകാല നാഡി നാശത്തിലേക്ക് നയിച്ചേക്കാം.
ചർമ്മത്തിന്‍റെ നിറത്തിലുണ്ടാകുന്ന മാറ്റത്തെ കൂടാതെ മറ്റ് ചില ലക്ഷണങ്ങൾ കൂടി ഈ രോഗത്തിനുണ്ട്. ചില ലക്ഷണങ്ങൾ ഇതാ..
- കുഷ്‌ഠരോഗം ബാധിച്ചാൽ ചർമ്മത്തിന്‍റെ നിറത്തിൽ മാറ്റം ഉണ്ടാകുന്നു. അതായത് ചർമ്മത്തിൽ ഇളം നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നു. ചിലപ്പോൾ രോഗം ബാധിച്ച ചർമ്മം മരവിച്ച അവസ്ഥയിലായിരിക്കും.
- ബാധിത പ്രദേശങ്ങളിൽ ചർമ്മം കട്ടിയാകുകയോ കഠിനമാകുകയോ അല്ലെങ്കിൽ ആ ഭാഗത്ത് വരൾച്ച വർധിക്കുകയോ ചെയ്യാം.
- പേശികളുടെ ബലഹീനത അല്ലെങ്കിൽ പക്ഷാഘാതം, പ്രത്യേകിച്ച് കൈകളിലും കാലുകളിലും.
- നേത്ര പ്രശ്‌നങ്ങൾ ഉണ്ടാകാം. ചിലപ്പോൾ അന്ധതയിലേക്ക് നയിക്കാം.
ലോക കുഷ്‌ഠരോഗ ദിനത്തിൽ സർക്കാർ സംഘടനകളും എൻജിഒകളും പൊതുജനങ്ങൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ തലങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം, രോഗികളുടെ ചികിത്സ, മാനേജ്മെന്‍റ്, ഗവേഷണം, ഉന്നമനം എന്നിവയ്‌ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് നിരവധി സംഘടനകളും പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതുകൂടാതെ, രോഗികൾക്ക് ചികിത്സ നൽകുന്നതിനും രോഗം ബാധിച്ചവരെ പുനരധിവസിപ്പിക്കുന്നതിനുമായി റാലികൾ, മാരത്തൺ, സെമിനാറുകൾ, ശിൽപശാലകൾ തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.
എന്താണ് കുഷ്‌ഠം? പ്രധാനമായും ത്വക്കിന് ക്ഷതങ്ങൾക്കും നാഡീ നാശത്തിനും കാരണമാകുന്ന രോഗമാണ് കുഷ്‌ഠം. മൈകോബാക്‌ടീരിയം ലെപ്രെ എന്ന ബാക്‌ടീരിയയുടെ അണുബാധ മൂലമാണ് കുഷ്‌ഠം ഉണ്ടാകുന്നത്. ഇത് പ്രധാനമായും ചർമ്മം, കണ്ണുകൾ, മൂക്ക്, പെരിഫറൽ ഞരമ്പുകൾ എന്നിവയെ ബാധിക്കുന്നു. ഇളം നിറത്തിലുള്ളതോ ചുവന്നതോ ആയ ചർമ്മത്തിലെ പാടുകൾ, സംവേദനക്ഷമത, മരവിപ്പ്, കൈകളിലും കാലുകളിലും ബലഹീനത എന്നിവയാണ് ചില ലക്ഷണങ്ങൾ. 6-12 മാസത്തെ മൾട്ടി ഡ്രഗ് തെറാപ്പിയിലൂടെ കുഷ്‌ഠരോഗം ഭേദമാക്കാം. നേരത്തെയുള്ള ചികിത്സ വൈകല്യം ഒഴിവാക്കുന്നു.