മാതൃത്വത്തിന്‍റെ നോവറിഞ്ഞുകൊണ്ട് തന്നെ സ്വന്തം കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കണമെന്ന ആഗ്രഹം ഉള്ളവരാണ് പലരും. ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് തന്നെ തങ്ങളുടെ കുഞ്ഞുമായി ഓരോ അമ്മയും ഒരു വൈകാരിക ബന്ധം വളര്‍ത്തിയെടുക്കും. ഒന്‍പത് മാസത്തിന് ശേഷം തന്‍റെ കുഞ്ഞിനെ കയ്യില്‍ വാരിയെടുക്കുമ്പോള്‍ ആ അമ്മയ്‌ക്കും അവര്‍ക്ക് ചുറ്റിലുമുള്ളവര്‍ക്കുമുണ്ടാകുന്ന അനുഭൂതി വാക്കുകൊണ്ട് വര്‍ണിക്കാന്‍ കഴിയുന്നതല്ല.
എന്നാല്‍, വന്ധ്യത ഉള്‍പ്പടെയുള്ള കാരണങ്ങള്‍ കൊണ്ട് തന്നെ സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ കഴിയാത്തവരും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. കുഞ്ഞെന്ന സ്വപ്‌നം നിറവേറ്റാന്‍ ദത്തെടുക്കല്‍ എന്ന ഒരു ഒപ്‌ഷന്‍ ഇത്തരക്കാര്‍ക്ക് മുന്നിലുണ്ടെങ്കിലും, ഗര്‍ഭം ധരിക്കലും തുടര്‍ന്ന് പ്രസവിക്കുന്നത് വരെയുള്ള കാലവും അനുഭവിച്ചറിയണം എന്നായിരിക്കാം പലരുടെയും ആഗ്രഹം. നിലവില്‍, സ്വന്തം രക്തത്തിലൊരു കുഞ്ഞിനെ വേണമെന്ന ദമ്പതികളുടെ സ്വപ്‌നം നിറവേറ്റാന്‍ നിരവധിയായ ചികിത്സാരീതികള്‍ ലഭ്യമാണ്.
അത്തരത്തിലൊരു ചികിത്സ സമ്പ്രദായമാണ് ഐവിഎഫ് (IVF) എന്നറിയപ്പെടുന്ന ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (In Vitro Fertilization). പ്രത്യുൽപാദന വൈദ്യശാസ്ത്ര ലോകത്ത് ഐവിഎഫ് ഒരു വിപ്ലവമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ഇതിനെ കുറിച്ച് നിരവധി ചോദ്യങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കി, ഈ ചികിത്സാരീതിയുടെ വസ്‌തുതകളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനായിട്ടാണ് എല്ലാ വര്‍ഷവും ജൂലൈ 25-ന് ലോക ഐവിഎഫ് ദിനം (World IVF Day) ആചരിക്കുന്നത്.
1978 ജൂലൈ 25നായിരുന്നു ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു എന്നറിയപ്പെടുന്ന ലൂയിസ് ബ്രൗണ്‍ ഈ വിദ്യയിലൂടെ ജനിച്ചത്. ബ്രിട്ടീഷുകാരായ റോബര്‍ട്ട് എഡ്‌വേര്‍ഡ്‌സ്, പാട്രിക് സ്റ്റെപ്‌റ്റോ എന്നിവര്‍ ചേര്‍ന്നാണ് ഐവിഎഫിന് രൂപം നല്‍കിയത്.
എന്താണ് ഐവിഎഫ് ചികിത്സാരീതി...? ഐവിഎഫിനെ കുറിച്ചുള്ള ചോദ്യങ്ങളും തെറ്റിദ്ധാരണകളും എന്തൊക്കെയാണ് എന്ന് അറിയുന്നതിന് മുന്‍പായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് എന്താണ് ഐവിഎഫ് എന്ന കാര്യം. പ്രത്യുല്‍പ്പാദനത്തിനായുള്ള ഏറ്റവും ഫലവത്തായ ചികിത്സാരീതികളില്‍ ഒന്നാണ് ഐവിഎഫ്. ഈ ചികിത്സയില്‍ ആദ്യം അണ്ഡാശയത്തില്‍ നിന്നും അണ്ഡം ശേഖരിക്കും.
തുടര്‍ന്ന്, ലാബില്‍ ബീജസങ്കലനം നടത്തുകയും ചെയ്യും. ബീജസങ്കലനത്തിന് ശേഷം അത് ഗര്‍ഭാശയത്തിലേക്ക് മാറ്റും. ഏകദേശം മൂന്നാഴ്‌ചയോളം നീണ്ട ഒരു പ്രവര്‍ത്തിയാണ് ഇത്.
പൂര്‍ണമായും ഒരു മെഡിക്കല്‍ നടപടി ക്രമവും സുരക്ഷിതമല്ലെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഐവിഎഫിനും അത്തരത്തില്‍ ചില സങ്കീര്‍ണതകളുണ്ട്.
ഐവിഎഫ് തെരഞ്ഞെടുക്കുന്നതിന് മുന്‍പ് : ഫാലോപ്യൻ ട്യൂബുകളുടെ പരിശോധന, ഗർഭാശയ അറയുടെ വിലയിരുത്തൽ, അടിസ്ഥാന ഹോർമോൺ പ്രൊഫൈലുകളുടെ വിലയിരുത്തല്‍ തുടങ്ങിയ നിരവധി പരിശോധനകള്‍ക്ക് ഐവിഎഫിന് മുന്‍പ് സ്‌ത്രീകള്‍ വിധേയരാകേണ്ടതുണ്ട്. ബീജ വിശകലനം തുടങ്ങിയ പ്രാഥമിക പരിശോധനകളാണ് പുരുഷന്മാര്‍ക്ക് വേണ്ടത്. ഇതിന് ശേഷമാകും ഓരോ വ്യക്തികളുടെയും ചികിത്സയുടെ നടപടിക്രമം തീരുമാനിക്കുന്നത്.
ലോക ഐവിഎഫ് ദിനം : ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഇന്ന് ഐവിഎഫ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പല ആശയക്കുഴപ്പങ്ങളും കാരണം ആളുകള്‍ ഈ രീതി പിന്തുടരാന്‍ പലപ്പോഴും മടിക്കാറുണ്ട്. ലോക ഐവിഎഫ് ദിനം ആചരിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനുള്ള അവസരം ഒരുങ്ങുകയാണ് ചെയ്യുന്നത്. കൂടാതെ ഈ ദിവസം, ഐവിഎഫ് പ്രക്രിയയിലൂടെ പിറന്ന കുട്ടികളുടെ ജനനം ആഘോഷിക്കാനും അവസരം നല്‍കുകയാണ് ചെയ്യുന്നത്.