വര്‍ഷം തോറും ഫെബ്രുവരി 4ന് ലോക അര്‍ബുദ ദിനമായി ആചരിക്കുന്നു. 120 രാജ്യങ്ങളില്‍ നിന്ന് 470 സംഘടനകളുടെ കൂട്ടായ്‌മയായ യുഐസിസിയാണ് (യൂണിയന്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ ) ഇതിന് നേതൃത്വം നല്‍കുന്നത്. ആരോഗ്യ രംഗത്ത് വളരെയധികം പുരോഗതി കൈവരിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ പുരോഗതിക്കൊപ്പം തന്നെ രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. അത്തരത്തിലുള്ള ഒരു രോഗമാണ് കാന്‍സര്‍. കാന്‍സറിനെ കുറിച്ച് നിരന്തരം പഠനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വിവിധതരത്തിലുള്ള കാന്‍സറുകളാണ് ഓരോ ദിവസവും സ്ഥിരീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.
എന്താണ് കാന്‍സര്‍: കോശ നിര്‍മിതമാണ് ശരീരം. അത് മനുഷ്യന്‍റെയോ മൃഗങ്ങളുടെയോ എല്ലാം ഒരു പോലെ തന്നെ. കോടി കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിന് നിറവും ആകൃതിയും ഘടനയുമെല്ലാം നല്‍കുന്നത് കോശങ്ങളാണ്. ഇത്തരത്തില്‍ നമ്മുടെ ശരീരത്തിലുള്ള കോശങ്ങളുടെ വളര്‍ച്ച പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അമിതമാകുകയും അത്തരത്തില്‍ വളര്‍ന്ന കോശങ്ങള്‍ ശരീരത്തിലെ മറ്റ് കലകളെ ബാധിക്കുകയും ചെയ്യുന്നതാണ് അര്‍ബുദം അഥവ കാന്‍സര്‍. വിവിധ തരത്തിലുള്ള കാന്‍സറുകളാണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത്. രക്താര്‍ബുദം, ആമാശയ അര്‍ബുദം, സ്‌താര്‍ബുദം, വായ, തൊണ്ട തുടങ്ങി ശരീരത്തിലെ ഏത് ഭാഗങ്ങളിലും കാന്‍സര്‍ ഉണ്ടാകും.
കാന്‍സറും കണക്കുകളും: ഇന്ത്യയില്‍ പ്രതിവര്‍ഷം 75,000 പേര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്തെ മൊത്തം കാന്‍സര്‍ രോഗികളുടെ എണ്ണം പരിശോധിക്കുകയാണെങ്കില്‍ അതില്‍ 20 ശതമാനം രോഗികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2010ല്‍ 82.9 ലക്ഷം പേരാണ് കാന്‍സര്‍ ബാധിച്ച മരിച്ചത്. 2019 ആയതോടെ ഇത് 20.9 ശതമാനം കൂടി വര്‍ധിച്ച് ഒരു കോടിയിലെത്തി. 2020 ഓടെ ഇന്ത്യയില്‍ 16 കോടി ഓറല്‍ കാന്‍സറും (വായയിലെ കാന്‍സര്‍), 6 കോടി സ്‌താനാര്‍ബുദവും 5.53 കോടി സെര്‍വിക്കല്‍ കാന്‍സറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഈ രോഗവുമായി ബന്ധപ്പെട്ട് ഏകദേശം 300 ദശലക്ഷം ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ചിന്‍റെ കണക്ക് പ്രകാരം 2020ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചവരില്‍ 6.8 ലക്ഷം സ്‌ത്രീകളും 7.1 ലക്ഷം പുരുഷന്മാരുമാണ്. വര്‍ഷം തോറും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതായിട്ടാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും ഏകദേശം 15,69,793 പേരെങ്കിലും കാന്‍സര്‍ ബാധിച്ച് മരിക്കും. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 159 പേരാണ് വിവിധ കാന്‍സര്‍ ബാധിച്ച് മരിക്കുന്നതെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അര്‍ബുദ ദിനാചരണം എന്തിന്: ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാത്തരം കാന്‍സറുകളെയും തുടച്ച് നീക്കുന്നതിനായി ജനങ്ങളെ ബോധവത്കരിക്കുന്നതിനും അതുമായുണ്ടാകുന്ന സംശയ നിവാരണത്തിനുമായി ഡോക്‌ടര്‍മാരുടെയും ആശുപത്രി പോലുള്ള സ്ഥാപനങ്ങളുടെയും സഹായം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഫെബ്രുവരി 4ന് ലോക അര്‍ബുദ ദിനമായി ആചരിക്കുന്നത്. കാന്‍സര്‍ പ്രതിരോധത്തെ കുറിച്ചും അതിന്‍റെ രോഗ നിര്‍ണയത്തെ കുറിച്ചും ചികിത്സ രീതികളെ കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്താനായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ സംഘടനകള്‍ തുടങ്ങിയവയെല്ലാം വിവിധ തരത്തിലുള്ള പരിപാടികളാണ് നടത്തുക. 1993-ലാണ് യൂണിയൻ ഫോർ ഇന്‍റര്‍നാഷണൽ കാൻസർ കൺട്രോൾ ആദ്യമായി ലോക കാൻസർ ദിനം ആചരിച്ചത്. ക്ലോസ് ദ കെയർ ഗ്യാപ്പ്" എന്നതാണ് ഇത്തവണത്തെ അര്‍ബുദ ദിന പ്രമേയം.
രോഗ നിര്‍ണയവും ചികിത്സയും: ദിവസം തോറും വര്‍ധിച്ച് കൊണ്ടിരിക്കുന്ന കാന്‍സര്‍ കണക്കുകള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. ആരോഗ്യ മേഖലയിലെ മികച്ച മുന്നേറ്റം ഇതിന് ഒരു പരിഹാരമാകുന്നുണ്ട്. കാന്‍സറിനെ ഒരു രോഗമായി കണക്കാക്കേണ്ടതില്ലെന്നാണ് ഇതിന്‍റെ ഫലം.
തക്ക സമയത്ത് രോഗം നിര്‍ണയിക്കാനായാല്‍ ഫലപ്രദമായ ചികിത്സയിലൂടെ പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന ഒന്നാണ് കാന്‍സറെന്ന് ഇൻഡോറിലെ മുതിർന്ന കാൻസർ സർജനും ഇൻഡോർ കാൻസർ ഫൗണ്ടേഷന്‍റെ സ്ഥാപകനുമായ ഡോ ദിഗ്‌പാൽ ധാർകർ പറയുന്നു. എന്നാല്‍ കാന്‍സറിന്‍റെ രണ്ടാം ഘട്ടത്തിലോ മൂന്നോ ഘട്ടത്തിലോ ആണ് രോഗം നിര്‍ണയിക്കപ്പെടുന്നതെങഅകില്‍ ചികിത്സയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ജീവിത ശൈലി, പൊണ്ണത്തടി, ജനിതക ഘടകങ്ങള്‍ എന്നിവയാണ് പ്രധാനമായും കാന്‍സറിന് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍.
കാന്‍സര്‍ രോഗികളുടെ മൊത്തം കണക്കെടുത്താന്‍ അതില്‍ 10 ശതമാനവും ജനിതകപരമാണെന്ന് ഡോ ദിഗ്പാൽ ധാർകര്‍ പറയുന്നു. തെറ്റായ ജീവിതശൈലി കാരണമാണ് മൂന്നില്‍ ഒരാള്‍ക്ക് കാന്‍സറുണ്ടാകാന്‍ കാരണമെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാന്‍സര്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍:
- പുകവലി, മദ്യം, മയക്ക് മരുന്ന് എന്നിവ ഉപയോഗിക്കാതിരിക്കുക.
- ഭക്ഷണ രീതി ക്രമപ്പെടുത്തുക.
- അനാരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുക.
- ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക.
- വ്യായാമം ശീലമാക്കുക.