കൊവിഡ് മഹാമാരിക്കാലത്ത് വ്യായാമം ചെയ്യുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകളുടെ മാനസികാരോഗ്യത്തെ കൂടുതൽ സ്വാധീനിച്ചിരുന്നുവെന്ന് പഠനം. ബിങ്ഹാംടൺ യൂണിവേഴ്‌സിറ്റി ഹെൽത്ത് ആന്‍ഡ് വെൽനസ് സ്റ്റഡീസ് അസിസ്റ്റന്‍റ് പ്രൊഫസറായ ലിന ബെഗ്‌ഡാഷെ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. മഹാമാരിക്കാലത്ത് പുരുഷന്മാരിലെയും സ്‌ത്രീകളിലെയും വ്യായാമം എങ്ങനെ വ്യത്യസ്‌തപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താനായാണ് ലിന ബെഗ്‌ഡാഷെയും സംഘവും പഠനം നടത്തിയത്.
41 ചോദ്യങ്ങള്‍ അടങ്ങിയ സര്‍വേ: കൊവിഡ് കാലഘട്ടത്തെ മൂന്ന് വ്യത്യസ്‌ത ഘട്ടങ്ങളായി തിരിച്ചായിരുന്നു പഠനം. 41 ചോദ്യങ്ങള്‍ക്ക് 2,370 പേരുടെ പ്രതികരണങ്ങളാണ് പഠനത്തിന്‍റെ ഭാഗമായുള്ള സര്‍വേയിലൂടെ ശേഖരിച്ചത്. മഹാമാരിക്കാലത്ത് മാനസിക ആരോഗ്യം കൈവരിക്കാൻ സ്ത്രീകൾക്ക് മിതമായ വ്യായാമം ആവശ്യമാണെന്ന് പഠനത്തില്‍ കണ്ടെത്തി. പുരുഷന്മാർക്ക് പതിവ് വ്യായാമം ഗുണം ചെയ്‌തെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യായാമ രീതിയില്‍ മാറ്റം അനിവാര്യം: സ്ത്രീകൾ മാനസിക സ്ഥിരതയും ഉത്സാഹവും നിലനിർത്താൻ ബുദ്ധിമുട്ട് നേരിടുന്ന വേളയില്‍ വ്യായാമ രീതിയില്‍ മാറ്റം വരുത്തണമെന്ന് ഗവേഷക സംഘം അഭിപ്രായപ്പെട്ടു. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് മാനസിക സമ്മര്‍ദം അനുഭവപ്പെടാന്‍ കൂടുതല്‍ സാധ്യത. സ്‌ത്രീകളില്‍ സ്‌ട്രെസ് ടോളറന്‍സ് കുറവാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതിനാല്‍ സ്‌ത്രീകള്‍ പതിവായി വ്യായാമം ചെയ്യുന്നത് സമ്മര്‍ദത്തിന്‍റെ അളവ് വര്‍ധിപ്പിക്കുകയും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിൽ സ്ത്രീകളുടെ മാനസികാരോഗ്യം മോശമാകുമ്പോള്‍, പുരുഷന്മാർക്ക് വാരാന്ത്യങ്ങളിലാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതല്‍. ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്, വീട്ടിലെ മറ്റ് ഉത്തരവാദിത്തങ്ങള്‍ കൂടി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
വർധിച്ച വ്യായാമവും കൊവിഡ് കാലഘട്ടത്തില്‍ ലഭിച്ച വിശ്രമവും മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിച്ചുവെന്നും പഠനം പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ശരീരഭാരം വര്‍ധിക്കുന്നത് ഒരു ഗുരുതര പ്രശ്‌നമായിരുന്നു. വർധിച്ച വ്യായാമ ആവൃത്തി ശരീരഭാരം നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രേരണയ്ക്ക് ആക്കം കൂട്ടിയെന്നും ഗവേഷക സംഘം അഭിപ്രായപ്പെട്ടു.