ന്യൂഡല്‍ഹി : കൊവിഡ് ഗുരുതരമായി ബാധിക്കുന്നത് സ്‌ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണെന്നാണ് കണക്കുകള്‍. കൊവിഡ് മരണനിരക്കും സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് കൂടുതല്‍. ഇതിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് സിഡിഐയിലെ(Center for Discovery and Innovation) ഗവേഷകര്‍. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് മോളിക്യുലാര്‍ സയന്‍സസില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊവിഡ് വൈറസ്( SARS-CoV-2 ) സ്‌ത്രീകളില്‍ ശ്വാസകോശത്തെ ആക്രമിക്കുന്നതിന് പകരം കൂടുതലായി കൊഴുപ്പ് കോശജാലങ്ങളെ(adipose tissue) ആക്രമിക്കുന്നുവെന്ന് പഠനം പറയുന്നു. പെണ്‍ എലികളിലെ കൊഴുപ്പ് കോശങ്ങള്‍ കൊവിഡ് വൈറസിന്‍റെ ഒരു സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ ശ്വാസകോശത്തില്‍ വൈറസ് ലോഡ് കുറവാണ്.
ഇതിനാല്‍ രോഗപ്രതിരോധ കോശങ്ങളില്‍ പ്രവേശിക്കുന്നത് കൊണ്ടും പ്രോ-ഇന്‍ഫ്ലമേറ്ററി സൈറ്റോകൈനുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നത് കൊണ്ടും സംഭവിക്കുന്ന ശ്വാസകോശപ്രശ്‌നങ്ങള്‍ പെണ്‍ എലികളില്‍ ഉണ്ടാകുന്നില്ലെന്നും കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജ്യോതി നാഗജ്യോതി പറഞ്ഞു.
ഗവേഷണം hACE2 എലികളില്‍ : കൊവിഡ് വൈറസ് കൊഴുപ്പ് കോശജാലങ്ങളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നു, കൊഴുപ്പ് നഷ്‌ടപ്പെടല്‍ എത്രമാത്രമായിരിക്കും എന്നെല്ലാം ഗവേഷകര്‍ പരിശോധിച്ചു. മനുഷ്യന്‍റെ കോശത്തില്‍ കൊവിഡ് വൈറസ് പറ്റിപ്പിടിക്കുന്നത് ACE2 എന്ന റെസിപ്റ്ററിലാണ്. കൊവിഡുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് മനുഷ്യന്‍റെ ACE2 എലികളില്‍ കുത്തിവയ്ക്കുന്നു.
ഇത്തരം എലികളെ hACE2 എലികള്‍ എന്ന് പറയുന്നു. രണ്ട് ലിംഗത്തിലുമുള്ള hACE2 എലികളെ താരതമ്യത്തിന് വിധേയമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. hACE2യാണ് കോശങ്ങളിലെ പ്രവേശനത്തിന് കൊവിഡ് വൈറസിനെ സഹായിക്കുന്നത്. കൊവിഡ് വൈറസിന്‍റെ സ്‌പൈക്ക് പ്രോട്ടീനുകളാണ് hACE2ല്‍ പറ്റിപ്പിടിക്കുന്നത്.
പെണ്‍ എലികള്‍ക്ക് ആണ്‍ എലികളേക്കാള്‍ കൂടുതല്‍ കൊഴുപ്പ് നഷ്‌ടപ്പെട്ടെന്ന് കണ്ടെത്തി. ആണ്‍ എലികളില്‍ കൂടുതല്‍ വൈറസ് ശ്വാസകോശത്തിലാണെങ്കില്‍ പെണ്‍ എലികളില്‍ കൂടുതല്‍ വൈറസ് കൊഴുപ്പ് കോശങ്ങളിലാണ്(Fat tissue).
കൊവിഡ് വൈറസ് പ്രവര്‍ത്തിക്കുന്നത് സ്‌ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്‌തമായി : കഴിഞ്ഞവര്‍ഷം ഫ്രണ്ടിയേഴ്‌സ് ഇൻ കാർഡിയോവാസ്‌കുലാർ മെഡിസിൻ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പുരുഷന്‍മാരുടെ ശ്വാസകോശങ്ങളില്‍ കൊവിഡ് വൈറസ് സ്ത്രീകളിലേതിനെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ പ്രവേശിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ പഠനത്തിന്‍റെ ചുവടുപറ്റിയാണ് സിഡിഐയിലെ ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. അഡിപോസ് ടിഷ്യൂവിലെ വൈറല്‍ ലോഡും ശ്വാസകോശത്തിലെ വൈറല്‍ ലോഡും തമ്മില്‍ ഒരു വിപരീത ബന്ധം( inverse relationship) നിലനില്‍ക്കുന്നുണ്ടെന്നും ഇത് സ്‌ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്‌തമാണെന്നും പഠനത്തില്‍ കണ്ടെത്തി.
രോഗപ്രതിരോധ സിഗ്‌നലിങ്ങിലും സെല്‍ഡെത്ത് സിഗ്‌നലിങ്ങിലും കൊവിഡ് വൈറസ് ഉണ്ടാക്കുന്ന മാറ്റം പുരുഷന്‍മാരിലും സ്‌ത്രീകളിലും വ്യത്യസ്‌തമാണ്. ഇത്തരത്തില്‍ സ്‌ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ക്കാണ് കൊവിഡ് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് എന്ന് വിശദീകരിക്കാനുള്ള വിവരങ്ങളാണ് പഠനത്തില്‍ നിന്ന് ലഭ്യമായതെന്നും ഗവേഷകര്‍ പറഞ്ഞു.