ജനീവ: ആഫ്രിക്കയിലെ ഗാംബിയയില്‍ 66 കുട്ടികള്‍ വൃക്ക സംബന്ധമായ രോഗം ബാധിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലെ 'മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്' നിര്‍മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന(WHO). ചുമ, ജലദേഷം, കഫക്കെട്ട് എന്നിവക്കായി കമ്പനി നിര്‍മിച്ച പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്‌മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ സിറപ്പുകള്‍ക്കെതിരെയാണ് മുന്നറിയിപ്പുമായി WHO ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസെത്തിയത്.
മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ഇത്തരം സിറപ്പുകള്‍ ഉപയോഗിച്ചതിന്‍റെ ഫലമായാണ് ഗാംബിയയില്‍ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് വൃക്ക സംബന്ധമായ അസുഖം ബാധിച്ചതെന്ന് സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. വിഷയം സംബന്ധിച്ച് കമ്പനിയുമായും റെഗുലേറ്ററി അതോറിറ്റികളുമായും ലോക ആരോഗ്യ സംഘടന ചര്‍ച്ച നടത്തും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡയറക്ടർ ടെഡ്രോസ് പറഞ്ഞു.
കമ്പനിയില്‍ ഉല്‍പാദിപ്പിക്കുന്ന സിറപ്പുകളില്‍ അമിതമായി ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇത് വൃക്ക തകരാറിന് കാരണമായതാവുമെന്നാണ് ഡബ്യുഎച്ച്ഒയുടെ വിലയിരുത്തല്‍. മാത്രമല്ല വയറുവേദന, ഛർദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മാനസികാവസ്ഥ തകരാറിലാവുക തുടങ്ങി നിരവധി പ്രയാസങ്ങളാണ് ഇത്തരം സിറപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുക.
ഇന്ത്യയിലെ ഹരിയാനയിലാണ് മെയ്‌ഡന്‍ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനി നിര്‍മിക്കുന്ന ഇത്തരം സിറപ്പുകള്‍ക്ക് ലോക ആരോഗ്യ സംഘടന ഗുണനിലവാരം ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഡയറക്‌ടര്‍ പറഞ്ഞു. നിലവില്‍ ഗാംബിയയില്‍ മാത്രമാണ് കമ്പനിയുടെ ഇത്തരം ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. എന്നാല്‍ കമ്പനി ഉല്‍പാദിപ്പിച്ച മരുന്നുകള്‍ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ടാവുമെന്ന് ഡബ്യുഎച്ച്ഒ പറഞ്ഞു.
മെയ്‌ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഇത്തരം സിറപ്പുകള്‍ ഉപയോഗിക്കുന്നത് മറ്റ് വലിയ അസുഖങ്ങള്‍ക്ക് കാരണമാകും. കുഞ്ഞുങ്ങളിലാണ് വേഗത്തില്‍ മരുന്ന് ഉപയോഗത്തിലൂടെ അസുഖങ്ങള്‍ വരാന്‍ സാധ്യതയെന്നും ഇത് മരണത്തിന് കാരണമായേക്കാമെന്നും ലോക ആരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവത്തോട് മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രതികരിച്ചിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച വാർത്ത പുറത്ത് വന്നതോടെ കമ്പനിയുടെ വെബ്സൈറ്റായ MaidenPharma.com ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾ നിർത്തലാക്കി.