വാഷിങ്‌ടണ്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരിലൂടെ കുഞ്ഞുങ്ങള്‍ക്ക് കൊവിഡിനെതിരായ ആന്‍റിബോഡികൾ കൈമാറുന്നുവെന്ന് പഠനം. മുലപ്പാലിലൂടെ കൊറോണ വൈറസിനെതിരെ കുഞ്ഞുങ്ങളില്‍ നിഷ്ക്രിയ (passive) പ്രതിരോധശേഷി ഉണ്ടാകുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. മസാച്യുസെറ്റ്‌സ് ആംഹെർസ്റ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.
ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് മുലപ്പാലിലൂടെ കൊവിഡിനെതിരായ ആന്‍റിബോഡികള്‍ കുഞ്ഞുങ്ങളിലെത്തുന്നു. 1.5 മാസം മുതൽ 23 മാസം വരെ പ്രായമുള്ള ശിശുക്കളില്‍ ഇത്തരത്തില്‍ ആന്‍റിബോഡികൾ കണ്ടെത്തി.
അമേരിക്കയിലെ മുലയൂട്ടുന്ന 30 സ്‌ത്രീകളിലാണ് പഠനം നടത്തിയത്. വാക്‌സിൻ എടുക്കുന്നതിന് മുമ്പ്, ആദ്യത്തെ വാക്‌സിൻ ഡോസിന് ശേഷം രണ്ടോ മൂന്നോ ആഴ്‌ചകളിലും രണ്ടാമത്തെ ഡോസിന് ശേഷം മൂന്ന് ആഴ്‌ചകളിലും മുലപ്പാൽ സാമ്പിളുകൾ ശേഖരിച്ചു. അമ്മമാരുടെ രണ്ടാമത്തെ വാക്‌സിനേഷൻ കഴിഞ്ഞ് 21 ദിവസത്തിന് ശേഷം ശിശുക്കളുടെ മലം സാമ്പിളുകൾ ശേഖരിച്ചു.
മുലപ്പാൽ സാമ്പിളുകളിൽ, SARS-CoV-2 ന്‍റെ പ്രോട്ടീൻ സ്പൈക്കിനെയും നാല് വകഭേദങ്ങളേയും ആന്‍റി RBD IgG ആന്‍റിബോഡികൾ നിർവീര്യമാക്കിയതായി പഠനത്തില്‍ കണ്ടെത്തി. സൈറ്റോകൈനിന്‍റെ അളവിൽ കണ്ടെത്തിയ ഗണ്യമായ വർധനവ് മുലപ്പാൽ സാമ്പിളുകളിലെ പ്രതിരോധശേഷി വെളിപ്പെടുത്തി. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും മുലയൂട്ടൽ തുടരാൻ സ്‌ത്രീകള്‍ക്ക് ഇത് പ്രചോദനമാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
Also read: ഒമിക്രോണ്‍ രോഗികളിലെ കൊവിഡാനന്തര പ്രശ്‌നങ്ങള്‍; ഗൗരവകരമെന്ന് ആരോഗ്യ വിദഗ്‌ധര്‍