വാഷിങ്‌ടണ്‍ : ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കി യുഎസ് സുപ്രീംകോടതി. 1973ല്‍ യുഎസ് സുപ്രീംകോടതി റോ-വേഡ് എന്ന കേസിലാണ് സ്‌ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായി അവകാശമുണ്ടെന്ന് വിധിച്ചത്. ആ വിധിയാണ് പരമ്പരാഗത വാദികളായ ജഡ്‌ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള അമേരിക്കന്‍ സുപ്രീംകോടതി ഇപ്പോള്‍ അസാധുവാക്കിയത്. 6-9 എന്ന ഭൂരിപക്ഷത്തിനാണ് ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം റദ്ദ് ചെയ്യപ്പെട്ടത്.
'യുഎസ് ഭരണഘടനയില്‍ ഗര്‍ഭഛിദ്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. അത്തരമൊരു അവകാശം ഭരണഘടന നല്‍കുന്നില്ല. അങ്ങേയറ്റം തെറ്റായ വിധിയായിരുന്നു റോ കേസിലേത്' - ജസ്‌റ്റിസ് സാമുവല്‍ എ അലിട്ടോ എഴുതിയ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. യുഎസിലെ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിരോധിക്കാന്‍ അവകാശം നല്‍കുന്നതാണ് ഈ വിധി. ഇത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ ഉണ്ടാക്കും. പരമ്പരാഗതവാദികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരാണ്. അതേസമയം ഡെമോക്രാറ്റുകള്‍ സ്‌ത്രീകളുടെ അവകാശമാണ് ഗര്‍ഭഛിദ്രം എന്ന് വാദിക്കുന്നവരാണ്. വിധിയെ തുടര്‍ന്ന് സുപ്രീംകോടതിക്ക് മുന്നില്‍ ഒരേസമയം പ്രതിഷേധവും ആഘോഷവും നടന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന എട്ട് സംസ്‌ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര നിരോധനം ഉടനെ നടപ്പായി. ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സുപ്രീംകോടതി എടുത്തുകളഞ്ഞാല്‍ ഉടനെ നടപ്പാവാന്‍ വേണ്ടി ഈ സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്ര നിരോധന നിയമങ്ങള്‍ മൂന്‍കൂട്ടി പാസാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലും ഗര്‍ഛിദ്ര നിരോധനം വരും ദിവസങ്ങളില്‍ നടപ്പാക്കും.
ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചു. തീവ്രനിലപാടുകളുടെ സാക്ഷാത്കാരമാണ് ഉണ്ടായത്. ദുരന്തം വിതയ്‌ക്കുന്ന തെറ്റാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ബൈഡന്‍ പറഞ്ഞു.
നവംബറില്‍ നിയമ നിര്‍മാണ സഭയായ കോണ്‍ഗ്രസിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാക്കാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീരുമാനം. റോ വിധിയെ റദ്ദ് ചെയ്യുന്ന ജഡ്‌ജിമാരെ സുപ്രീംകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്ന് മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതാണ്. ഭൂരിപക്ഷവിധിയില്‍ ഭാഗമായ ആറ് ജഡ്‌ജിമാരില്‍ മൂന്ന് പേര്‍ ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്‌തവരാണ്. ബാക്കിയുള്ള മൂന്ന് പേര്‍ മറ്റ് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റുമാരാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആധിപത്യമുള്ള മിസിസിപ്പി സംസ്ഥാന നിയമനിര്‍മാണസഭ പാസാക്കിയ ഗര്‍ഭഛിദ്ര നിയമം സംബന്ധിച്ചുള്ള കേസിലാണ് ഇപ്പോഴത്തെ വിധിയുണ്ടായിരിക്കുന്നത്. ഗര്‍ഭധാരണം നടന്ന് 15 ആഴ്‌ചയില്‍ കൂടുതലായാല്‍ ഗര്‍ഭഛിദ്രം നിരോധിക്കുന്നതായിരുന്നു നിയമം.
റോ കേസിലെ വിധിയിലെ യുക്തി വളരെ ദുര്‍ബലമാണെന്ന് ഭൂരിപക്ഷവിധിയില്‍ പറയുന്നു. "ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദേശീയ തലത്തില്‍ തീര്‍പ്പാക്കുന്നതിന് പകരം റോ കേസിലെ വിധി വിവാദം ആളിക്കത്തിക്കുകയാണ് ചെയ്‌തത് . ഭരണഘടനയ്‌ക്ക് അനുസൃതമായി തീരുമാനമെടുക്കേണ്ട സമയമാണ് ഇത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമം നിര്‍മിക്കാനുള്ള അവകാശം ജനപ്രതിനിധികള്‍ക്ക് വിട്ടുകൊടുക്കണം", ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.
സ്ത്രീകളുടെ സമത്വത്തിനെതിരായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിച്ച ജഡ്‌ജിമാര്‍ വിയോജനകുറിപ്പെഴുതി. കോടതിയുടെ വിശ്വാസ്യത തന്നെ നഷ്‌ടപ്പെടുന്നതാണ് തീരുമാനം. ഏത് ഘട്ടത്തിലും ഗര്‍ഭഛിദ്രം പാടില്ല എന്ന നിയമത്തിന് പോലും പച്ചക്കൊടി വീശുന്നതാണ് ഭൂരിപക്ഷ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.