ന്യൂഡല്‍ഹി : നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്ത് വിവിധ വെബ്‌സൈറ്റുകള്‍ വഴി വില്‍ക്കപ്പെടുന്ന ഇ സിഗററ്റുകളുടെ (E Cigarette) ലഭ്യതയെ കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇതുസംബന്ധിച്ച നിയമ ലംഘനങ്ങള്‍ www.violation-reporting.in എന്ന വെബ്‌സൈറ്റില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. രാജ്യത്ത് നിരോധിച്ച ഇ സിഗററ്റുകളുടെ വില്‍പ്പന നടത്തുന്ന വെബ്‌സൈറ്റുകള്‍ക്ക് നേട്ടിസ് അയച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.
ഓണ്‍ലൈനായി ഇന്ത്യയില്‍ ഇ സിഗററ്റ് വില്‍പ്പന നടത്തുന്ന 15 വെബ്‌സൈറ്റുകള്‍ക്കാണ് കേന്ദ്രം നോട്ടിസ് അയച്ചത്. ഇവയുടെ വില്‍പ്പനയും പരസ്യവും നിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം. നേട്ടിസ് ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റുകള്‍ മറുപടി നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ആറ് വെബ്‌സൈറ്റുകളെ കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഇ സിഗററ്റ് പരസ്യങ്ങളും വില്‍പ്പന സംബന്ധിച്ച വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
2019 മെയ് മാസത്തിലാണ് ഇന്ത്യയില്‍ ഇലക്‌ട്രോണിക്ക് സിഗററ്റ് നിരോധന നിയമം നിലവില്‍ വന്നത് (The Prohibition of Electronic Cigarettes Act - PECA 2019). ഇതേമാസത്തില്‍ തന്നെയാണ് ഇത് സംബന്ധിച്ച പരാതികള്‍ അറിയിക്കാനായി കേന്ദ്ര സര്‍ക്കാര്‍ www.violation-reporting.in എന്ന വെബ്‌സൈറ്റും ആരംഭിച്ചത്. പൊതുജനങ്ങളില്‍ ആര്‍ക്കും സിഗററ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട്-2003 (COTPA - 2003) എന്നിവയുടെ ലംഘനങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി അറിയിക്കാന്‍ സാധിക്കും.
ഇ സിഗററ്റും സമാന രീതിയിലുള്ള ഉത്‌പന്നങ്ങളും രാജ്യത്തെ യുവതലമുറയെ നിക്കോട്ടിന്‍ ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഓണ്‍ലൈന്‍ വഴി ഇവയെല്ലാം സുലഭമായി ലഭ്യമാകുന്നത് വളരെയേറെ ആശങ്കയാണ് സൃഷ്‌ടിക്കുന്നതെന്ന് വൊളന്‍ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് ഭാവ്‌ന മുഖോപാധ്യായ അഭിപ്രായപ്പെട്ടു.
'രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഇ സിഗററ്റിനെ കുറിച്ച് അവബോധം വളര്‍ത്താനും പെക്ക 2019 ന്‍റെ (PECA 2019) വിശദാംശങ്ങള്‍ വ്യക്തമാക്കാനുമായാണ് ആരോഗ്യ മന്ത്രാലയം ഇത്തരത്തില്‍ ഒരു പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ഇങ്ങനെ അപകടകരമായ ഒരു ഉത്പന്നത്തെ തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ദൃഢനിശ്ചയത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇ സിഗററ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും നിരോധനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും മുന്നിട്ടിറങ്ങണം '- മുഖോപാധ്യായ പറഞ്ഞു.
More Read : ഇ-സിഗരറ്റ് നിരോധന ബിൽ ലോക്‌സഭ പാസാക്കി
തടവുശിക്ഷയും കനത്ത പിഴയും ഉണ്ടായിരുന്നിട്ടും, ഇ-സിഗററ്റുകൾ വ്യാപകമായി ലഭ്യമാണെന്നാണ് റിപ്പോർട്ടുകള്‍. സ്‌കൂൾ വിദ്യാര്‍ഥികള്‍ ഉൾപ്പടെയുള്ള യുവാക്കൾക്കിടയിൽ ഇ-സിഗററ്റിന്‍റെ വ്യാപകമായ ഉപയോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വൊളന്‍ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രോഗ്രാം മാനേജർ ബിനോയ് മാത്യു വ്യക്തമാക്കി. പോര്‍ട്ടല്‍ ഉള്‍പ്പടെ രൂപീകരിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.