മെരിലാൻഡ് (യുഎസ്) : അമേരിക്കയില്‍ വിൽക്കുന്ന 19 പ്രമുഖ ഡ്രൈ ഷാംപൂ എയറോസോൾ ഉത്പന്നങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി യൂണിലിവർ പിഎൽസി (Unilever Plc). യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍റെ നിരീക്ഷണത്തിൽ ഉയർന്ന അളവിൽ ബെൻസീൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡോവ് (Dove), നെക്‌സ്സസ് (Nexxus), സ്വാവ് (Suave), ട്രെസെമ്മെ (Tresemme), റോക്കഹോളിക് (Rockaholic), ബെഡ് ഹെഡ് (Bed Head) ഡ്രൈ ഷാംപൂ തുടങ്ങിയവയും കമ്പനി തിരിച്ചുവിളിച്ച ബ്രാൻഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ബെൻസീൻ : രക്താര്‍ബുദത്തിനടക്കം കാരണമായേക്കാവുന്ന രാസവസ്‌തുവാണ് ബെൻസീൻ. ഇത് കൂടുതല്‍ ഉപയോഗിക്കുന്നത് ചുവന്ന രക്താണുക്കളുടെ കുറവിലേക്കോ വിളർച്ചയിലേക്കോ നയിക്കുന്നു. 2021 ഒക്‌ടോബറിന് മുൻപ് നിർമിച്ച ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.
അതേസമയം ഇവയില്‍ അടങ്ങിയ ബെൻസീനിന്‍റെ അളവ് കമ്പനി പുറത്തുവിട്ടിട്ടില്ല. എയറോസോൾ ക്യാനുകളിൽ ഉപയോഗിക്കുന്ന പ്രൊപ്പല്ലന്‍റാണ് ഉയർന്ന അളവിലുള്ള ബെൻസീനിന്‍റെ ഉറവിടം എന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഈ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളെക്കുറിച്ച് ഇതുവരെ കമ്പനിക്ക് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും യൂണിലിവർ കൂട്ടിച്ചേർത്തു.
വളരെയധികം ജാഗ്രതയോടെയാണ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് യൂണിലിവർ അറിയിച്ചു. ഇതുസംബന്ധിച്ച് റീട്ടെയിലർമാർക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്.