രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ആരംഭിച്ചു. എന്നാൽ മുൻനിര പ്രവർത്തകർക്കുൾപ്പെടെ വാക്സിൻ ലഭിച്ചത് ഫെബ്രുവരിയോടടുത്താണ്. ആറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായി ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം മാർച്ച് 1ന് ആരംഭിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വാക്സിനേഷൻ വലിയൊരു പങ്ക് വഹിക്കുന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കൊവിഡ് പ്രതിരോധത്തിന് കൊവാക്സിനും കൊവിഷീൽഡും ഫലപ്രദമാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ കൊറോണ വൈറസിന്‍റെ വകഭേദങ്ങൾക്കെതിരെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണെന്നത് സംബന്ധിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നു. വാക്സിനുകൾ ചില വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കുമെങ്കിലും മറ്റുള്ളവയ്‌ക്കെതിരെ ഫലപ്രദമാകില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ പ്രതിരോധ കുത്തിവെയ്പ് നൽകുന്നത് ഒരു പരിധി വരെ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സഹായിക്കുന്നു.
വാക്സിനേഷൻ സ്വീകരിക്കുക എന്നത് കൊണ്ട് അർഥമാക്കുന്നത് നിങ്ങൾക്ക് രോഗം വരില്ല എന്നതല്ല. വരാനുള്ള സാധ്യത കുറയ്ക്കാം എന്നാണ്. വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ പിന്നെ മാസ്ക് ആവശ്യമില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ലെന്നും ജനങ്ങൾ കരുതുന്നു. വാക്സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും മാസ്ക്, സാനിറ്റൈസർ പോലുള്ള പ്രതിരോധ മാർഗങ്ങൾ പാലിക്കുക എന്നത് വളരെ അത്യാവശ്യമാണ്. വാക്സിൻ സ്വീകരിച്ചയാൾക്ക് സ്വയം രോഗത്തെ പ്രതിരോധിക്കാൻ സാധിച്ചേക്കാം. എന്നാൽ അയാളുടെ ശ്വാസത്തിലൂടെ മറ്റ് ശ്രവങ്ങളിലൂടെയോ പുറത്തേക്ക് അണുക്കൾ പ്രവഹിക്കാൻ സാധ്യതയുണ്ട്. ഇത് മറ്റൊരാൾക്ക് രോഗം പകരാനുള്ള സാധ്യത ഉയരുന്നു.
അതിനാൽ, വാക്സിനേഷൻ എടുത്ത ശേഷവും മാസ്ക് ധരിക്കുന്നത് തുടരുകയും ശുചിത്വ പ്രോട്ടോക്കോളുകൾ പരിശീലിക്കുകയും ചെയ്യുന്നത് നിർബന്ധമാണ്. പ്രതിരോധ കുത്തിവയ്പ് ലഭിച്ച ഒരാളിൽ നിന്ന് വൈറസ് പകരുമോ എന്ന് നിർണ്ണയിക്കാൻ ഡോക്ടർമാർ ഇപ്പോഴും പഠനം തുടരുകയാണ്. അതിനാൽ, വാക്സിൻ ലഭിച്ചതിന് ശേഷവും പൊതുവായി നല്ല മാസ്ക് ധരിക്കുന്നത് തുടരുക, നിങ്ങളുടെ വീടിന് പുറമേയുള്ള ആളുകളിൽ നിന്ന് 6 അടി അല്ലെങ്കിൽ അതിൽ കൂടുതൽ ദൂരം നിലനിർത്തുക, ഇടയ്ക്കിടെ കൈ കഴുകുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക എന്നിവ തുടരേണ്ടത് അനിവാര്യമാണ്.