കാര്‍ഡിഫ്: ഒരു സാധാരണ രോഗമായാണ് ഇന്ന് പ്രമേഹത്തെ പലരും കാണുന്നത്. രോഗം എന്നതിലുപരി പലതരം വെല്ലുവിളികളുണ്ടാക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണിത്. പലപ്പോഴും മരണത്തിന് പോലും ഇത് കാരണമായേക്കാം.
പ്രമേഹത്തിന് പ്രായം ഒരു പ്രശ്‌നമേയല്ല. കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമായവരില്‍ വരെ പ്രമേഹം പിടിപെടാറുണ്ട്. നാല് തരം പ്രമേഹങ്ങളില്‍ ടൈപ്പ് 1, ടൈപ്പ് 2 എന്നീ രണ്ടെണ്ണമാണ് പൊതുവെ കൂടുതലായും കാണപ്പെടുന്നത്.
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെയിരുന്ന് അതുവഴി വേണ്ടത്ര ഇന്‍സുലിന്‍ ശരീരത്തില്‍ ഉണ്ടാകാതിരിക്കുകയും ചെയ്‌താലാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. പൊതുവെ കൊച്ചുകുട്ടികളില്‍ കൂടുതലായി കാണപ്പെടുന്ന ഈ രോഗാവസ്ഥ ജുവനയില്‍ ഡയബറ്റിസ് എന്നും അറിയപ്പെടാറുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസവും ടൈപ്പ് 1 ഡയബറ്റിസും: ടൈപ്പ് 1 പ്രമേഹം ഉള്ള കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ രോഗാവസ്ഥ എങ്ങനെ ബാധിക്കുന്നു എന്നറിയാനായി കാര്‍ഡിഫ് യുണിവേഴ്‌സിറ്റി അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. പഠനത്തില്‍ രോഗാവസ്ഥയില്ലാത്ത മറ്റ് കുട്ടികളെ അപേക്ഷിച്ച് ടൈപ്പ് 1 രോഗബാധിതരായവര്‍ക്ക് പ്രതിവര്‍ഷം ശരാശരി ഒമ്പത് സ്‌കൂള്‍ ദിവസങ്ങള്‍ നഷ്‌ടമാകുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഡയബറ്റിസ് കെയര്‍ ജേണലിലായിരുന്നു ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
രക്തത്തില്‍ ആരോഗ്യകരമായ ഗ്ലൂക്കോസ് അളവ് ഉള്ളവര്‍ക്ക് ഏഴ് സെഷനുകള്‍ കൂടി നഷ്‌ടപ്പെടുന്നുണ്ട്. എന്നാല്‍ രോഗാവസ്ഥയെ കൃത്യമായി നിയന്ത്രിക്കാന്‍ സാധിക്കാത്തവര്‍ക്ക് 15 ദിവസത്തോളം ക്ലാസുകളില്‍ ഹാജരാകാന്‍ സാധിക്കുന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. അതേസമയം രോഗാവസ്ഥയിലുള്ള കുട്ടികളില്‍ പലരും വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നവരാണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.
2009-16 കാലഘട്ടത്തില്‍ വെയ്‌ല്‍സിലെ ആറ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. കുട്ടിയുടെ ഗാർഹിക സാമൂഹിക സാമ്പത്തിക നില, ലിംഗഭേദം, പ്രായം തുടങ്ങിയ ഘടകങ്ങളും ഗവേഷണത്തില്‍ നിര്‍ണായകമായി. പഠനത്തിനൊടുവില്‍ വ്യക്തിപരവും കുടുംബപരവുമായ സ്വഭാവസവിശേഷതകൾ പ്രമേഹത്തെ ഫലപ്രദമായി സ്വയം കൈകാര്യം ചെയ്യുന്നതുമായും കൂടാതെ വിദ്യാഭ്യാസ നേട്ടത്തില്‍ സ്വാധീനം ചെലുത്താന്‍ കുട്ടികളെ സഹായിക്കുന്നുണ്ട് എന്നുമുള്ള കണ്ടെത്തലിലാണ് ഗവേഷക സംഘം എത്തിയത്.
കൂട്ടുകാര്‍ക്കൊപ്പം പോന്ന പ്രകടനം ഇവരിലും: ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ രോഗാവസ്ഥയില്ലാത്ത സമപ്രായക്കാരെപ്പോലെ തന്നെ വിദ്യാഭ്യാസത്തില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിവുള്ളവരാണ്. സാധാരണ വിദ്യാര്‍ഥികളെ അപേക്ഷിച്ച് പല സെഷനുകളും നഷ്‌ടപ്പെട്ടിട്ടും ഇത്തരക്കാരില്‍ നിന്നുണ്ടാകുന്ന പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ രോഗാവസ്ഥയെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടനഭുവിക്കുന്നവര്‍ക്ക് മാത്രമാണ് പഠനകാര്യങ്ങളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കാത്തതെന്ന് കാർഡിഫ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ സീനിയർ റിസർച്ച് ഫെലോ ഡോ.റോബർട്ട് ഫ്രഞ്ച് അഭിപ്രായപ്പെട്ടു.
യുകെയില്‍ നിലവില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന ഒരു ബാല്യാകാലാവസ്ഥകളിലൊന്നാണ് ടൈപ്പ് 1 പ്രമേഹം. 250 കുട്ടികളില്‍ ഒരാള്‍ ഈ രോഗാവസ്ഥ ബാധിച്ച ആളായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവിതശൈലി ഘടകങ്ങളുടെ ഫലമല്ലെങ്കിലും ഈ രോഗാവസ്ഥയെ സ്വയം പ്രതിരോധിക്കാന്‍ കഴിയും.
ഇതിന് വേണ്ടി രോഗബാധിതര്‍ ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കേണ്ടി വരും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വേണ്ട കാര്യങ്ങളും കൈകൊള്ളണം.