ചര്‍മ്മത്തിന് ഏറെ സംരക്ഷണം വേണ്ട കാലമാണ് ശൈത്യകാലം. നല്ല ഭക്ഷണം, ശരീര ഭാര നിയന്ത്രണം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പക്കല്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതില്‍ പ്രധാനപെട്ടതാണ് ചര്‍മ സംരക്ഷണം. ചര്‍മത്തെ സംരക്ഷിക്കുക വഴി ആരോഗ്യമുള്ള മുടി, തിളക്കമാര്‍ന്ന ചര്‍മം, മുടികൊഴിച്ചിലില്‍ നിന്ന് മുക്തി എന്നിവ നേടിയെടുക്കാം.
ചർമ്മത്തെ മിനുസപ്പെടുത്താനും ചുളിവുകൾ തടയാനും നഖങ്ങളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. ശൈത്യകാലത്ത് ചർമ്മം വരണ്ടുണങ്ങുന്നത് ഒരു പ്രധാന പശ്നമാണ്. മോയ്സ്ചറൈസറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും ചര്‍മ സംരക്ഷണത്തിന് ഇത് മാത്രമം പോര. കൃത്യമായ ഭക്ഷണ ശീലം ചര്‍മത്തെ നല്ല രീതിയില്‍ നിലനിര്‍ത്താന്‍ നമ്മെ സഹായിക്കും അത്തരം ഭക്ഷണങ്ങളെ കുറിച്ച് താഴെ പറയുന്നു.
വെള്ളം: നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തെ മൃദുവും മിനുസവും ആക്കുന്നു. വെള്ളം കുടിക്കുക വഴി നമ്മുടെ ശരീരത്തിനും ചർമ്മത്തിനും ആവശ്യമായ ജലാംശം ലഭിക്കുന്നു. വെള്ളം കുടി കുറഞ്ഞാല്‍ ചര്‍മം ഉണങ്ങുക, ചുളിവുകൾ, പാടുകൾ എന്നിവ ഉണ്ടാകാനും കരണമാകും.
ഫാറ്റി ആസിഡുകൾ: വാൽനട്ട്, ചണവിത്ത്, അയല മത്സ്യം, സാല്‍മണ്‍ മത്സ്യം തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ ചര്‍മ്മത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയുന്നവയാണ്. ഇവ ചര്‍മത്തിലുണ്ടാകുന്ന സ്വാഭാവിക കൊഴുപ്പിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കും.
ഇത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ ഗുണകരമാണ്.
കാരറ്റ്: അൾട്രാവയലറ്റ് കിരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ബീറ്റാ കരോട്ടിനും ലൈക്കോപീനും കാരറ്റിൽ ധാരാളമുണ്ട്. ശൈത്യകാലത്ത് സൂര്യൻ അത്ര തെളിച്ചമുള്ളതല്ലെങ്കിലും അൾട്രാവയലറ്റ് രശ്മികൾ അന്തരീക്ഷത്തിലുണ്ട്.
കാരറ്റിൽ അടങ്ങിയ വിറ്റാമിൻ എ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ വരണ്ട ചർമ്മത്തെയും മറ്റ് ചർമ്മപ്രശ്‌നങ്ങളെയും അകറ്റി നിർത്തുന്നു.
പഴങ്ങൾ: ഓറഞ്ച്, ടാംഗറിൻ, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ ഉന്മേഷദായകമായ സിട്രസ് പഴ ഇനങ്ങള്‍ ധാരാളമായി കഴിക്കേണ്ട സമയമാണ് ശൈത്യകാലം. വൈറ്റമിൻ സി സമ്പന്നമായ ഈ പഴങ്ങൾ ശൈത്യകാലത്തെ മികച്ച ഭക്ഷണമാണ്.
ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. നാരുകൾ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
മധുരക്കിഴങ്ങ്: ശൈത്യകാലത്ത് കഴിക്കേണ്ട പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണ് മധുരകിഴങ്ങ്. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ഏറെ നേരം ആമാശയത്തെ നിറഞ്ഞിരിക്കാന്‍ സഹായിക്കും.
മധുരക്കിഴങ്ങിൽ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള ബീറ്റാ കരോട്ടിൻ ചർമ്മത്തെ പരിപോഷിപ്പിക്കുയും തിളക്കമുള്ളതായി നിലനിര്‍ത്തുകയും ചെയ്യും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചെറിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഇവ സഹായിക്കും.
കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഭക്ഷണത്തിലും മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ, പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരുന്നതിനാലും ശാരീരിക അധ്വാനം കുറവായതിനാലും ഇത് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
Also Read: മൊസമ്പിത്തൊലി കൊണ്ട് ലോഹാംശങ്ങള്‍ അടങ്ങിയ ജലം ശുദ്ധീകരിക്കാമെന്ന് പഠനം
സന്ധിവേദന, ശരീരഭാരം, വൈറ്റമിൻ ഡിയുടെ കുറവ്, മലബന്ധം എന്നിവയാണ് ഇത്തരം ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. മഞ്ഞുകാലത്തെ, വരണ്ട ചർമ്മവും മുടികൊഴിച്ചിലും ആശങ്കയ്ക്ക് കാരണമാകുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളെയെല്ലാം നേരിടാൻ നിങ്ങളെ സഹായിക്കുകയും നല്ല പ്രതിരോധശേഷി, നല്ല ചർമ്മം, നല്ല ആരോഗ്യം എന്നിവ പ്രദാനം ചെയ്യുകയും ചെയ്യും.