തിരുവനന്തപുരം : ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറുന്നു (Thiruvananthapuram General Hospital To Become Super Specialty). 207 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. അത്യാധുനികമായ എല്ലാ ചികിത്സ സൗകര്യങ്ങളോടും കൂടിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ നവീകരണം (Renovation of Thiruvananthapuram General Hospital). പദ്ധതി പൂർത്തിയാകുന്നതോടെ ഒപി അടക്കമുള്ളവ ഇവിടെയാകും പ്രവർത്തിക്കുക (General Hospital To Become Super Specialty).
അത്യാധുനികമായ ട്രോമാകെയർ യൂണിറ്റ്, 21 കിടക്കകളുള്ള ഡയാലിസിസ് കേന്ദ്രം, 240 കിടക്കകളുള്ള ഐപി യൂണിറ്റ്, സൂപ്പർ സ്പെഷ്യാലിറ്റി ഒപി മൾട്ടി ഐസിയു എന്നിവയ്ക്ക് പുറമേ ഓപ്പറേഷൻ തിയേറ്ററുകളും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിർമിക്കുന്നുണ്ട്. അഞ്ചു നിലകളിലായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാകും ട്രോമാകെയറും സൂപ്പർ സ്പെഷ്യാലിറ്റി ഒപിയും പ്രവർത്തിക്കുക. ഇവ കൂടാതെ മൾട്ടി സ്പെഷ്യാലിറ്റി ഐസിയു, സ്റ്റെപ്പ് ഡൗൺ ഐസിയു, ട്രോമ വാർഡുകൾ, സെമിനാർ റൂം, ഡ്യൂട്ടി ഡോക്‌ടർമാർക്കുള്ള പ്രത്യേക വിശ്രമ മുറി, ഇ-ഹെൽത്ത് സേവനം എന്നിവയും ഒന്നാം നിലയിലാണ് സജ്ജീകരിക്കുക.
രണ്ടാം നിലയിൽ ലബോറട്ടറി, ബ്ലഡ് ബാങ്ക്, സൂപ്പർ സ്പെഷ്യാലിറ്റി ഒപി എന്നിവയാണ് സജ്ജമാക്കുന്നത്. മൂന്നാം നിലയിൽ ദന്തൽ വിഭാഗവും പ്രവർത്തിക്കും. മറ്റു നിലകളിലായാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ഒരുക്കുക. സർവീസ് ബിൽഡിങ് ആയി ഒരുങ്ങുന്ന രണ്ടാം കോംപ്ലക്‌സിൽ സബ്സ്റ്റേഷൻ വൈദ്യുതി റൂം, എയർകണ്ടീഷനിങ് സർവീസ് കേന്ദ്രം, കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് സംവിധാനം, ഫയർ ഫിറ്റിങ് സംവിധാനം, എഞ്ചിനീയറിങ് വിഭാഗം എന്നിവയും പ്രവർത്തിക്കും. 27 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സൂപ്പർ സ്പെഷ്യാലിറ്റി നിർമാണം.
ALSO READ: ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ച് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍
ആശുപത്രിയിലെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയ നിർമാണം നടത്തുക. രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ള വാർഡുകൾ അടക്കം പൊളിക്കാനുള്ളവയുടെ പൂർണ വിവരം ശേഖരിച്ചു കഴിഞ്ഞു. ഈ വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്‌ടർ ദിവ്യ ഇടിവി ഭാരതിനോട് പറഞ്ഞു. നേരത്തെ 137.2 8 കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. ഇതിനൊപ്പം കൂടുതൽ സൗകര്യങ്ങൾ കൂടി ചേർത്ത് 207 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. ദിവസവും ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ കൂടുതൽ വരുന്നതോടെ രോഗികൾക്ക് ഉപകാരപ്രദമാകും.
ALSO READ: വാക്കാലുള്ള അധിക്ഷേപം ഒഴിവാക്കി, കനത്ത ശിക്ഷ ഉറപ്പാക്കും; ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ബിൽ പാസാക്കി