ആരോഗ്യത്തിന് പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നതിന് വായു മലിനീകരണത്തിനും പങ്ക് ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ വിഷാംശം അടങ്ങിയ മലിനമായ വായു ശ്വസിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബർമിങ്‌ഹാം സർവകലാശാലയിലെയും ചൈനയിലെ ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകരാണ് വിഷയത്തില്‍ അടുത്തിടെ പഠനം നടത്തിയത്.
വിഷകണങ്ങള്‍ അടങ്ങിയ വായു ശ്വസിക്കുന്നത് മനുഷ്യനില്‍ നാഡീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. കൂടാതെ ഇവ തലച്ചോറിനെയും മോശമായി ബാധിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശ്വസനത്തിലൂടെ ശരീരത്തിനുള്ളില്‍ എത്തുന്ന സൂക്ഷ്‌മ കണങ്ങള്‍ ഉപയോഗിക്കുന്ന സഞ്ചാര പാതയും ഗവേഷകര്‍ കണ്ടെത്തി.
ശരീരത്തിനുള്ളില്‍ എത്തുന്ന വിഷ കണികകള്‍ രക്ത ചംക്രമണത്തിലൂടെയാണ് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവ തലച്ചോറില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. മസ്‌തിഷ്‌ക വൈകല്യങ്ങള്‍ ബാധിച്ച രോഗികളില്‍ നിന്നും ശേഖരിച്ച മനുഷ്യ സെറിബ്രോസ്‌പൈനൽ ദ്രാവകങ്ങളിൽ നിന്ന് ധാരാളം സൂക്ഷ്‌മ കണികകളാണ് ഗവേഷകര്‍ കണ്ടെത്തിയത്.
വായുവിലൂടെ കേന്ദ്ര നാഡീ വ്യൂഹത്തില്‍ എത്തുന്ന സൂക്ഷ്‌മ കണങ്ങളുടെ ദോഷകരമായ ഫലത്തെ മനസിലാക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകളുണ്ട്. ശ്വസനത്തിലൂടെ ശരീരത്തിനുള്ളില്‍ എത്തുന്ന കണികകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, എങ്ങനെ സഞ്ചരിക്കുന്നു എന്നതിനെ കുറിച്ച് മനസിലാക്കാന്‍ പഠനത്തിലൂടെ സാധിച്ചു. മൂക്കിലൂടെ കടന്ന് പോകുന്നതിനേക്കാള്‍ എട്ടിരട്ടിയോളം സൂക്ഷ്‌മ കണങ്ങള്‍ ശ്വാസകോശത്തില്‍ നിന്ന് രക്തപ്രവാഹം വഴി തലച്ചോറിലേക്ക് എത്തുന്നുണ്ടെന്ന് പുറത്ത് വന്ന വിവരം വ്യക്തമാക്കുന്നതാണെന്ന് ബർമിങ്‌ഹാം സർവകലാശാലയിലെ സഹ-രചയിതാവ് പ്രൊഫസർ ഐസോൾട്ട് ലിഞ്ച് പറഞ്ഞു.
നിരവധിയായ വിഷകണികകള്‍ സംയോജിച്ചാണ് പൊതുവായി വായു മലിനപ്പെടുന്നത്. എന്നാല്‍ ദ്രവ്യ കണികകളാണ് ആരോഗ്യത്തിന് കൂടുതല്‍ ഹാനികരമായ രീതിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഇത്തരം അള്‍ട്രഫൈന്‍ കണികകള്‍ക്ക് പ്രത്യേകമായി ശരീരത്തിന്‍റെ സംരക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും.
ഉയർന്ന അളവിലുള്ള വായു മലിനീകരണവും ന്യൂറോ ഇൻഫ്‌ളമേഷനും കുട്ടികളിലും മുതിര്‍ന്നവരിലും അൽഷിമേഴ്‌സ് പോലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന് തെളിവുകളും പഠനത്തില്‍ ലഭിച്ചിരുന്നു.