വാഷിങ്‌ടൺ : സ്‌മാര്‍ട്ട് ഫോണുകളില്‍ അലർജി ഉൾപ്പടെയുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുന്ന റിസർവോയറുകളുടെ സാന്നിധ്യം കണ്ടെത്തി ശാസ്‌ത്രജ്ഞര്‍. പൂച്ച, നായ തുടങ്ങിയ വളർത്തുമൃഗങ്ങളിൽ നിന്നും അലർജിക്ക് കാരണമാകുന്ന അണുക്കൾ, ബിഡി ഗ്ലൂക്കൻസ്, എൻഡോടോക്‌സിൻ എന്നിവയാണ് സിമുലേറ്റഡ് ഫോൺ മോഡലുകളിൽ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
2018 ലെ യുഎസ് സെൻസസ് പ്രകാരം 85 ശതമാനം അമേരിക്കൻ കുടുംബങ്ങളിലും സ്‌മാർട്ട് ഫോൺ ഉപയോഗത്തിലുണ്ട്. ഇവരെല്ലാം വലിയ തോതിൽ സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നുമുണ്ട്. ബിഡിജിയുടെയും എൻഡോടോക്‌സിന്‍റെയും അളവ് സ്‌മാർട്ട് ഫോണുകളിൽ ഉയർന്നതായും വളർത്തുമൃഗങ്ങളുള്ള വീട്ടിലെ ഉടമസ്ഥരുടെ ഫോണുകളിൽ അലർജിക്കിടയാക്കുന്ന അണുക്കൾ കണ്ടെത്തിയതായും അമേരിക്കൻ കോളജ് ഓഫ് അലർജി, ആസ്‌മ ആൻഡ് ഇമ്മ്യൂണോളജി നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഇത്തരം ഫംഗസുകൾ വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. സാധാരണ സ്‌മാർട്ട് ഫോണുകൾക്ക് സമാനമായി ഗവേഷകർ നിർമിച്ച ഫോണിൽ അലർജൻസിന്‍റേയും ഫംഗസുകളുടേയും സാന്നിധ്യം കണ്ടെത്തി. ശേഷം ക്ലോർഹെക്‌സിഡിൻ, സെറ്റിൽപിരിഡിനിയം ക്ലോറൈഡ്, ടാനിക് ആസിഡ്, ബെൻസിൽ ബെൻസോയേറ്റ് എന്നിവ അടങ്ങിയ മിശ്രിതം ഉപയോഗിച്ച് ഫോൺ വൃത്തിയാക്കുകയും ചെയ്‌തു.
ബിഡിജി, എൻഡോടോക്‌സിൻ എന്നിവ കുറയ്‌ക്കുന്നതിൽ ക്ലോർഹെക്‌സിഡിൻ ഫലപ്രദമായി പ്രവർത്തിക്കുന്നു. കൂടാതെ ബെൻസിൽ ബെൻസോയേറ്റ്, ടാനിക് ആസിഡ് സ്‌മാർട്ട് ഫോണുകളിലെ വളർത്തുമൃഗങ്ങളിൽ നിന്നുള്ള അലർജിക്കിടയാക്കുന്ന അണുക്കളെ നിയന്ത്രിക്കുന്നതായും കണ്ടെത്തി. അലർജികളോ ആസ്‌മയോ ഉള്ളവർ സ്‌മാർട്ട് ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് വിദഗ്‌ധരുടെ നിര്‍ദേശം.