കൊവിഡ് ബാധ ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണത്തിന് കാരണമായേക്കുമെന്ന് പഠനം. പത്തോളജി ആന്‍ഡ് ലബോറട്ടറി മെഡിസിനില്‍ (Pathology & Laboratory Medicine) പ്രസിദ്ധീകരിച്ച 44 അംഗ അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്‍റെ പഠനത്തിലാണ് കൊവിഡ് ബാധ എങ്ങനെ പ്രസവത്തെ ബാധിക്കുന്നു എന്ന വിവരമുള്ളത്. 12 രാജ്യങ്ങളിലെ 64 ചാപിള്ള പ്രസവങ്ങളും നാല് ശിശുമരണങ്ങളും പഠന വിധേയമാക്കിയാണ് ഗവേഷക സംഘത്തിന്‍റെ നിഗമനം.
കൊവിഡ്ബാധ മറുപിള്ളയെ (placenta) ബാധിക്കുന്നുവെന്നും ഇതുകാരണം ഗര്‍ഭസ്ഥ ശിശുവിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്നു എന്നും പഠനം പറയുന്നു. ഇതാണ് ചാപിള്ളയാകുന്നതിലേക്കും ശിശുമരണത്തിലേക്കും നയിക്കുന്നത്.
രക്തത്തിലൂടെയാണ് കൊവിഡ് വൈറസ് മറുപിള്ളയിലേക്ക് എത്തുന്നത്. ഗര്‍ഭധാരണ സമയത്ത് കൊവിഡ് പിടിപെട്ട സ്ത്രീകള്‍ ചാപിള്ള പ്രസവിക്കുന്നതിന്‍റെ മൂലകാരണം മറുപിള്ളയുടെ പ്രവര്‍ത്തനം കാര്യക്ഷമമാകാത്തതാണെന്ന് ഗവേഷകര്‍ പറഞ്ഞു. ഗര്‍ഭധാരണ സമയത്ത് ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്ന അവയവമാണ് മറുപിള്ള. ഗര്‍ഭസ്ഥ ശിശുവിന് ആവശ്യമായ ഓക്സിജനും മറ്റ് മൂലകങ്ങളും ലഭ്യമാക്കുക, ഗര്‍ഭസ്ഥ ശിശുവിന്‍റെ രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നിവയാണ് മറുപിള്ളയുടെ കര്‍ത്തവ്യം.
പഠനത്തിന് വിധേയമാക്കിയ 77 ശതമാനം കേസുകളിലും മറുപിള്ള പൂര്‍ണമായും പ്രവര്‍ത്തന രഹിതമായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. പഠന വിധേയമാക്കിയ കേസുകളിലെ കൊവിഡ് ബാധയുള്ള എല്ലാ ഗര്‍ഭിണികളിലെയും മറുപിള്ളയ്ക്ക് പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. കൊവിഡ് വൈറസ് കാരണം മറുപിള്ളയ്‌ക്കേറ്റ ക്ഷതം കാരണം അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് പോകേണ്ട ഓക്സിജനും രക്തചംക്രമണവും നിലയ്‌ക്കുന്നെന്നും പഠനം പറയുന്നു.
രക്തം കട്ടംപിടിക്കുന്നതിന് കാരണമായ ഫിബ്രിന്‍ (fibrin) എന്ന പ്രോട്ടീനിന്‍റെ അമിതോത്പാദനം മറുപിള്ളയില്‍ ഉണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. ഇതുകാരണവും മറുപിള്ളയിലേക്കുള്ള രക്തത്തിന്‍റെയും ഓക്‌സിജന്‍റെയും പ്രവാഹം തടസപ്പെടുന്നു.
ഗര്‍ഭസ്ഥ ശിശുവിനെയും അമ്മയേയും വേര്‍തിരിക്കുന്ന മറുപിള്ളയിലുള്ള കോശ വിഭജനമാണ് ട്രോഫൊബ്ലാസ്റ്റ് നെക്രോസിസ് (trophoblast necrosis). പഠന വിധേയമാക്കിയവരില്‍ എല്ലാവരിലേയും മറുപിള്ളയിലെ ഈ ട്രോഫൊബ്ലാസ്റ്റ് നെക്രോസിസ് നിര്‍മിക്കപ്പെട്ടത് മൃത കോശങ്ങള്‍ (dead cells) കൊണ്ടാണെന്നും കണ്ടെത്തി. കൂടാതെ പഠന വിധേയമാക്കിയ 97 ശതമാനം മറുപിള്ളയിലും മുറിവോ രോഗബാധയോ ഉണ്ടാകുമ്പോഴുള്ള ഇന്‍ഫ്ലമേറ്ററി കോശങ്ങളുടെ ശേഖരണവുമുണ്ടെന്ന് കണ്ടെത്തി.
മറുപിള്ളയെ ബാധിക്കുക കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദമാണെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഒമിക്രോണ്‍ അപകടകാരിയല്ലെന്നാണ് ഗവേഷകരുടെ അനുമാനം. ചാപിള്ളയ്ക്ക് കാരണമാകുന്ന മറ്റ് വൈറസ്, ബാക്റ്റീരിയ ബാധകള്‍ മറുപിള്ളയേയും കടന്ന് ഗര്‍ഭസ്ഥ ശിശുവിന്‍റെ അവയവങ്ങളെ ബാധിക്കുമ്പോള്‍, കൊവിഡ് വൈറസിന്‍റെ യാത്ര മറുപിള്ളയില്‍ അവസാനിച്ച് മറുപിള്ളയ്ക്ക് ഏറ്റവും കൂടുതല്‍ ക്ഷതം വരുത്തുന്നു എന്ന് ഗവേഷകര്‍ പറയുന്നു.
ഗര്‍ഭസ്ഥശിശുവിനെ വൈറസ് നേരിട്ട് ആക്രമിക്കുന്നില്ലെങ്കില്‍ കൂടി മറുപിള്ളയുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് ആവശ്യമായ മൂലകങ്ങളും ഓക്‌സിജനും കിട്ടാതെ വരുന്നു. കൊവിഡ് വാക്സിന്‍ ഈ ഒരവസ്ഥയ്ക്ക് പരിരക്ഷ നല്‍കുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. കൊവിഡ് വാക്സീന്‍ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണ്.
വാക്സീനിലൂടെ അമ്മയ്ക്ക് ലഭിക്കുന്ന ആന്‍റിബോഡികള്‍ ഗര്‍ഭസ്ഥ ശിശുവില്‍ എത്തുന്നുവെന്നും. ജനന ശേഷം ഇത് കുട്ടിയെ കൊവിഡില്‍ നിന്ന് സംരക്ഷിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.
ALSO READ: ഒരേസമയം ഡെൽറ്റ, ഒമിക്രോൺ വൈറസുകൾ; ഡെൽറ്റാക്രോൺ യാഥാർഥ്യമാകാമെന്ന് ആരോഗ്യവിദഗ്‌ധർ