കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന പ്രശ്‌നമാണ് കണ്ണുകളുടെ വരള്‍ച്ചയും ചൊറിച്ചിലും. ഐ ഡ്രോപ്‌സ് ആണ് താല്‍ക്കാലിക പ്രതിവിധിയായി ഒട്ടുമിക്ക പേരും ഉപയോഗിക്കുന്നത്. എന്നാല്‍ സാധാരണ വ്യായാമത്തിലൂടെ കണ്ണുകളുടെ വരള്‍ച്ചയും ചൊറിച്ചിലും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമെന്നാണ് പുതിയ പഠനം പറയുന്നത്.
കാനഡയിലെ വാട്ടർലൂ സർവകലാശാലയിലെ ഗവേഷണ സംഘത്തിന്‍റേതാണ് പുതിയ കണ്ടെത്തല്‍. എയ്‌റോബിക് വ്യായാമം ചെയ്യുന്നവരില്‍ കണ്ണുനീരിന്‍റെ ഉത്പാദനത്തിലും കണ്ണുനീരിന്‍റെ സ്റ്റെബിലിറ്റിയിലും ഗണ്യമായ വര്‍ധനവുണ്ടായതായാണ് കണ്ടെത്തല്‍. എക്‌സ്‌പിരിമന്‍റല്‍ ഐ റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
കണ്ണുകളുടെ വരള്‍ച്ചക്ക് കാരണം
കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് കണ്ണുനീര്‍. നമ്മുടെ കണ്ണുകളെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന കണ്ണുനീര്‍ അണുബാധകളില്‍ നിന്ന് പ്രതിരോധം നല്‍കുന്നു. കണ്ണുകള്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴോ പെട്ടെന്ന് ബാഷ്‌പീകരിച്ച് പോകുമ്പോഴോ ആണ് കണ്ണിന് വരള്‍ച്ചയുണ്ടാകുന്നത്.
ഓരോ തവണയും കണ്ണ് ചിമ്മുമ്പോഴും ഗ്രന്ഥികള്‍ ഈര്‍പ്പം ഉല്‍പ്പാദിപ്പിക്കുകയും കണ്ണുകള്‍ ശുദ്ധമാക്കുകയും ചെയ്യുന്നു. കണ്‍പാളികള്‍ക്ക് ഏതെങ്കിലും തകരാറുണ്ടാകുമ്പോള്‍ നേത്ര ഉപരിതലത്തിൽ വരണ്ട പാടുകൾ ഉണ്ടാകാം. ഇതുമൂലം ചൊറിച്ചിലോ അല്ലെങ്കിൽ കണ്ണ് പുകച്ചിലോ അനുഭവപ്പെട്ടേക്കാം.
നേത്രാരോഗ്യവും വ്യായാമവും
'സ്‌ക്രീൻ (കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ) ഉപയോഗം വര്‍ധിച്ചതിനാല്‍, കണ്ണുകളുടെ വരള്‍ച്ച സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഐ ഡ്രോപ്പ്‌സോ മറ്റ് ഇതര ചികിത്സകള്‍ക്കോ പകരം വ്യായാമം ചെയ്യുന്നത് കണ്ണിന്‍റെ വരള്‍ച്ചക്ക് ഏതെങ്കിലും തരത്തില്‍ പ്രതിവിധിയാകുമോ എന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിലൂടെ ലക്ഷ്യമിട്ടത്,' ഗവേഷക ഹെയ്ൻസ് ഒച്ചെരെ പറഞ്ഞു.
അമ്പത്തിരണ്ട് പേരിലാണ് പഠനം നടത്തിയത്. അത്‌ലറ്റ്, അത്‌ലറ്റ് അല്ലാത്തവര്‍ എന്നിങ്ങനെ 52 പേരെ രണ്ട് സംഘമാക്കി തിരിച്ച് വ്യായാമ സെഷനിൽ പങ്കെടുപ്പിച്ചു. അത്‌ലറ്റ് ഗ്രൂപ്പിലെ ആളുകള്‍ ആഴ്‌ചയില്‍ അഞ്ച് ദിവസവും അത്‌ലറ്റ് അല്ലാത്തവർ ആഴ്‌ചയില്‍ ഒരു ദിവസവും വ്യായാമ സെഷനില്‍ പങ്കെടുത്തു. ഓരോ വ്യായാമ സെഷന് മുമ്പും അഞ്ച് മിനിറ്റിന് ശേഷവും ഇവരുടെ കണ്ണുകള്‍ പരിശോധിച്ചു. കണ്ണുനീര്‍ ഉത്പാദനത്തിന്‍റേയും കണ്‍ ചിമ്മിയ ശേഷം കോര്‍ണിയയില്‍ ഡ്രൈ സ്പോട്ട് ഉണ്ടാകുന്നതിന്‍റേയും സമയം വിലയിരുത്തി.
പഠനത്തില്‍ പങ്കെടുത്ത എല്ലാവരിലും വ്യായാമ സെഷനുശേഷം കണ്ണുനീരിന്‍റെ അളവിലും ടിയര്‍ ഫിലിം സ്റ്റബിലിറ്റിയും വർധനവുണ്ടായതായി ഒച്ചെർ പറയുന്നു. സ്‌ക്രീനുകൾക്ക് മുന്നിൽ കൂടുതൽ സമയം ജോലി ചെയ്യുന്നവര്‍ക്ക് പതിവായി വ്യായാമം ചെയ്യുന്നത് വെല്ലുവിളിയാണ്. എന്നിരുന്നാലും, വ്യായാമം നേത്രാരോഗ്യത്തിനും വളരെ പ്രധാനമാണെന്നാണ് കണ്ടെത്തലുകൾ വ്യക്തമാക്കുന്നതെന്നും ഒച്ചെർ കൂട്ടിച്ചേര്‍ത്തു.
Also read: വെറും വയറ്റില്‍ ചായ കുടിക്കുന്നതിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍