കൊവിഡ് വാക്സിന്‍ എടുത്ത് ഓരോ മാസം കഴിയുന്തോറും ആന്‍റിബോഡികളുടെ ഗുണമേന്മ വര്‍ധിക്കുന്നുവെന്ന് പഠനം. ഫൈസര്‍ കൊവിഡ് വാക്സീന്‍ എടുത്തവരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. രോഗാണുവിനെ തുരത്താന്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ് ആന്‍റീബോഡികള്‍.
വാക്‌സിന്‍ സ്വീകരിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ ആന്‍റിബോഡികളുടെ അളവ് കുറയുമെങ്കിലും അവയുടെ ഗുണമേന്മ വര്‍ധിക്കുന്നു. അതുക്കൊണ്ട് തന്നെ വാക്സിന്‍ എടുത്ത് മാസങ്ങള്‍ കഴിഞ്ഞാലും രോഗ പ്രതിരോധം ലഭിക്കുമെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്. നാച്ച്യുര്‍ എന്ന ശാസ്ത ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അതേസമയം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയാണെങ്കില്‍ രോഗ പ്രതിരോധം സാധ്യമല്ലെന്നും പഠനം സൂചിപ്പിക്കുന്നു.
കൊവിഡ് വാക്സീന്‍ സ്വീകരിച്ച് മാസങ്ങളോളം ബി കോശങ്ങള്‍(ആന്‍റിബോഡി ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍) അതിന്‍റെ ജെര്‍മിനല്‍ കേന്ദ്രങ്ങളില്‍ നിലയുറപ്പിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ജര്‍മിനല്‍ കേന്ദ്രങ്ങളെ ഒരു സൈനിക ക്യാമ്പായി വിശേഷിപ്പിക്കാം. രോഗാണുവിനെ തുരത്താനുള്ള ഏറ്റവും ഗുണമേന്മയുള്ള ആന്‍റിബോഡികള്‍ ജര്‍മിനല്‍ കേന്ദ്രങ്ങളില്‍ നിന്നാണ് ബി കോശങ്ങള്‍ ഉത്പാദിപ്പിക്കുക. ബി കോശങ്ങള്‍ ജര്‍മിനല്‍ കേന്ദ്രങ്ങളില്‍ ചെലവഴിക്കുന്ന സമയം കൂടുന്നതനുസരിച്ച് അത് ഉത്പാദിപ്പിക്കുന്ന ആന്‍റിബോഡികളുടെ പ്രഹര ശേഷിയും വര്‍ധിക്കുന്നു.
ബി കോശങ്ങളുടെ ജര്‍മിനല്‍ കേന്ദ്രങ്ങള്‍ സാധരണ നിലയില്‍ ഏതാനും ആഴ്ചകള്‍ മാത്രമെ നിലനില്‍ക്കാറുള്ളൂ. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച ആളുകളില്‍ ഈ കേന്ദ്രങ്ങള്‍ മാസങ്ങളോളം നിലനില്‍ക്കുന്നു എന്ന കണ്ടെത്തല്‍ ആശ്ചര്യമായിരുന്നുവെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറഞ്ഞു. ആന്‍റീബോഡികളുടെ ഗുണമേന്മ തുടക്കത്തില്‍ ഉള്ളതിനേക്കാള്‍ ആറ് മാസത്തിന് ശേഷം വര്‍ധിക്കുന്നു എന്ന് പഠനം പറയുന്നു.
ആദ്യഘട്ട ആന്‍റീബോഡികളിലെ 20 ശതമാനം മാത്രമെ വൈറസ് പ്രോട്ടീനുകളില്‍ പറ്റിപിടിക്കുന്നുള്ളൂ. എന്നാല്‍ ആറ് മാസത്തിന് ശേഷം 80 ശതമാനം ആന്‍റീബോഡികളും വൈറസ് പ്രോട്ടീനില്‍ പറ്റിപിടിക്കുന്നു എന്ന് പഠനം പറയുന്നു. വൈറസ് പ്രോട്ടീനുകളില്‍ പറ്റിപിടിച്ചാണ് ആന്‍റീബോഡികള്‍ വൈറസിനെ തുരത്തുന്നത്.
ആന്‍റീബോഡികളുടെ കാര്യത്തില്‍ അതിന്‍റെ അളവ് മാത്രമല്ല പരിഗണിക്കേണ്ടതെന്നും ഗുണമേന്മയും ഒരു ഘടകമാണെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഏത് വൈറസിനെതിരെയാണോ വാക്സീന്‍ രൂപ കല്പന ചെയ്തത് ആ വൈറസിനെതിരെ വാക്സിന്‍ എടുത്ത് മാസങ്ങള്‍ കഴിയുമ്പോഴും പ്രതിരോധ ശേഷിയുണ്ടാവുമെന്നാണ് ഈ പഠനം വിലയിരുത്തുന്നത്. എന്നാല്‍ വൈറസിന് ജനിതകമാറ്റം സംഭവിക്കുകയാണെങ്കില്‍ ഈ പ്രതിരോധം ലഭിക്കില്ല.
ALSO READ: എന്താണ് ലസ്സ പനി ? ; അറിയേണ്ടതെല്ലാം