ലണ്ടന്‍: ഒരു തുള്ളി രക്തം പരിശോധിച്ചുകൊണ്ട് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ കണ്ടെത്താൻ കഴിയുന്ന പുതിയ പരീക്ഷണം വികസിപ്പിച്ചെടുത്ത് ഡെന്‍മാര്‍ക്കിലെ ഗവേഷകര്‍. ഡെന്മാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നിന്നുള്ള സംഘമാണ് മൂന്ന് വൈറസുകളിൽ നിന്നുള്ള ന്യൂക്ലിക് ആസിഡിനെ ഒരു തുള്ളി രക്തം പരിശോധിക്കുന്നതിലൂടെ കണ്ടെത്താവുന്ന ഡ്രൈ ബ്ലഡ് സ്പോട്ട് ടെസ്‌റ്റ് വികസിപ്പിച്ചെടുത്തത്. ആശുപത്രിയിലെ നിലവിലെ സജ്ജീകരണങ്ങള്‍ ഉപയോഗിച്ച്, ഒരു തുള്ളി രക്തത്തിൽ നിന്ന് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ കണ്ടെത്താൻ കഴിയുമെന്ന് തങ്ങള്‍ തെളിയിച്ചതായി സർവകലാശാലയിലെ ക്ലിനിക്കൽ മൈക്രോബയോളജി വിഭാഗത്തിലെ സ്‌റ്റീഫൻ നിൽസൺ-മോളർ അറിയിച്ചു.
രക്തപരിശോധനയ്‌ക്കായുള്ള വ്യക്തിയുടെ വിരലില്‍ കുത്തി അല്‍പം രക്തം ഫില്‍ട്ടര്‍ പേപ്പറില്‍ ശേഖരിക്കുകയും അതിനെ ഉണങ്ങാൻ അനുവദിക്കുകയും ചെയ്യുന്നു. ബ്ലിക് ഹെൽത്ത് ലബോറട്ടറികളിൽ വ്യാപകമായി കാണപ്പെടുന്ന ഹോളോജിക് പാന്തർ സിസ്‌റ്റത്തിന്‍റെ സഹായത്തോടെ ട്രാൻസ്ക്രിപ്ഷൻ മീഡിയേറ്റഡ് ആംപ്ലിഫിക്കേഷൻ എന്ന സാങ്കേതികത ഉപയോഗിച്ച് രക്തത്തുള്ളി പരിശോധിച്ച് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ മൂന്ന് വൈറസിന്‍റെയും ജനിതക പദാര്‍ത്ഥങ്ങളെ കണ്ടെത്താനാകും. മുറിക്കുള്ളില്‍ അനുഭവപ്പെടുന്ന സ്വാഭാവിക ഊഷ്‌മാവിലാവുമ്പോല്‍ രക്തസാമ്പിളുകള്‍ ആറ് മണിക്കൂറിനുള്ളിൽ വിശകലനം ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഉണങ്ങിയ രക്തപ്പാടുകളായതിനാല്‍ ശീതീകരണമില്ലാതെ തന്നെ ഒമ്പത് മാസത്തോളം നിലനില്‍ക്കുമെന്നും സ്‌റ്റീഫൻ നിൽസൺ-മോളർ പറഞ്ഞു.
ഉണങ്ങിയ രക്തസാമ്പിളുകള്‍ക്ക് പകരം, പ്ലാസ്‌മയുടെയോ സെറത്തിന്‍റെയോ സാധാരണമായുള്ള ദ്രാവക സാമ്പിളുകളിലാണ് പരിശോധന രൂപകല്‍പന ചെയ്‌തിരിക്കുന്നത്. മാത്രമല്ല ഇതിന്‍റെ ഭാഗമായി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയുടെ 20 വീതം സാമ്പിളുകള്‍ ഉള്‍പ്പടെ 60 ഉണങ്ങിയ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഇവയെല്ലാത്തിലും വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. അതേസമയം പരിശോധനയ്‌ക്കെടുത്ത പ്ലാസ്‌മയിലെ താഴ്ന്ന പരിധി നിർണയിക്കാനായി ഇവയെ നേര്‍പ്പിക്കുകയും ചെയ്‌തു. ഇതില്‍ നിന്നും സാധാരണ രോഗികളില്‍ കണ്ടുവരുന്നതിനെക്കാള്‍ വളരെ താഴ്‌ന്ന അളവിലുള്ള വൈറസുകളെ രോഗനിര്‍ണയം നടത്താത്തവരില്‍ കണ്ടെത്താന്‍ കഴിയുമെന്നും പഠനത്തില്‍ തെളിഞ്ഞു.
അതിനാല്‍ തന്നെ ജയിലുകൾ, മയക്കുമരുന്ന് പുനരധിവാസ കേന്ദ്രങ്ങൾ, ഭവനരഹിതരുടെ അഭയകേന്ദ്രങ്ങൾ തുടങ്ങി സുരക്ഷ കാരണങ്ങളാൽ സൂചി ഉപയോഗിക്കാൻ നിര്‍വാഹമില്ലാത്തതും പ്രായോഗികമല്ലാത്തതുമായ ഇടങ്ങളില്‍ ഡ്രൈ ബ്ലഡ് സ്പോട്ട് ടെസ്‌റ്റ് അനുയോജ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സ്‌റ്റീഫൻ നിൽസൺ-മോളർ വ്യക്തമാക്കി. മാത്രമല്ല വികസ്വര രാജ്യങ്ങളിലോ മറ്റ് ഇടങ്ങളിലോ ഉള്ള പരിശോധിക്കാന്‍ കഴിയുന്ന ഒരു ലബോറട്ടറിയിലേക്ക് മാറ്റുന്നതിനുമുമ്പ് രക്തസാമ്പിൾ നശിപ്പിക്കപ്പെടാതിരിക്കാനും ഇത് സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി മൂലം പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ആളുകളാണ് മരണത്തിന് കീഴടങ്ങുന്നത്. പ്രതിവർഷം 1.5 ദശലക്ഷം ആളുകളില്‍ എച്ച്‌ഐവി സ്ഥിരീകരിക്കുകയും ഇവരില്‍ ഏകദേശം 650,000 പേര്‍ മരിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല 2030-ഓടെ ഈ മൂന്ന് വൈറസുകളെയും ഇല്ലാതാക്കുന്നതിനും അവയുടെ എണ്ണം കുറയ്‌ക്കുന്നതിനുമായി പുതിയ പരിശോധന മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടുന്നതിന്‍റെ ആവശ്യകത ലോകാരോഗ്യ സംഘടന മുമ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം ഏപ്രിൽ 15 മുതൽ 18 വരെ കോപ്പൻഹേഗനിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ യൂറോപ്യൻ കോൺഗ്രസ് ഓഫ് ക്ലിനിക്കൽ മൈക്രോബയോളജി & ഇൻഫെക്ഷ്യസ് ഡിസീസസില്‍ (ഇസിസിഎംഐഡി) ഈ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.