വാഷിങ്ടണ്‍: ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതോട് കൂടിയാണ് സ്‌ത്രീയുടെ ജീവിതം പൂര്‍ണമാവുന്നത് പലരും പറയാറുണ്ട്. ഒരു സ്‌ത്രീ അമ്മയാവാന്‍ ഒരുങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും ഗര്‍ഭ കാലത്ത് ഒട്ടേറെ കാര്യങ്ങളില്‍ അവബോധമുണ്ടാവാണം.
ഗര്‍ഭാസ്ഥയിലാവുമ്പോള്‍ മുതല്‍ കുഞ്ഞിന് മാനസികവും ശാരീരികവുമായ വളര്‍ച്ച ആരംഭിക്കുമെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ പലരും അത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നതാണ് വാസ്‌തവം. അമ്മ കഴിക്കുന്ന ഭക്ഷണങ്ങളെയും കുടിക്കുന്ന പാനീയങ്ങളെയും അമ്മയുടെ ആരോഗ്യത്തെയും അടിസ്ഥാനപ്പെടുത്തിയാണ് കുഞ്ഞിന്‍റെ വളര്‍ച്ചയും ശാരീരിക ആരോഗ്യവും രൂപാന്തരപ്പെടുന്നത്. അതുപോലെ തന്നെയാണ് കുഞ്ഞിന്‍റെ മാനസിക ആരോഗ്യവും.
ഗര്‍ഭകാലത്തെ അമ്മയുടെ മാനസികാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണം നടക്കുന്നത്. കുഞ്ഞിന്‍റെ മാനസിക ആരോഗ്യം മികച്ചതാക്കുന്നതിന് ഗര്‍ഭക്കാലത്ത് അമ്മ മാനസിക സമ്മര്‍ദം കുറച്ച് ആരോഗ്യത്തോടെ ഇരിക്കുകയെന്നതാണ് ഏക മാര്‍ഗം. ഗര്‍ഭക്കാലത്ത് അമ്മമാരില്‍ ഉണ്ടാവുന്ന മാനസിക ഏറ്റക്കുറച്ചിലുകള്‍ കുഞ്ഞുങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തി.
'ഇൻഫൻസി' എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ മാനസികമായി സമ്മര്‍ദവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങള്‍ എപ്പോഴും സങ്കടമുള്ളവരായും ഭയമുള്ളവരായും കാണപ്പെടാറുണ്ടെന്നും പഠനങ്ങളില്‍ പറയുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭക്കാലം ആരംഭിക്കുന്നത് മുതല്‍ അവസാനം വരെ അമ്മമാരുടെ സമ്മര്‍ദം ശിശു വികസനത്തിന് പ്രധാനമാണ്. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന മാനസിക സമ്മര്‍ദം അവരുടെ ചുറ്റുപാടില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ചാണെന്ന് ഫെയ്ന്‍ബര്‍ഗിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്‍റ് പ്രൊഫസറുമായ ലീഗ് മക്‌നീല്‍ പറഞ്ഞു. അത്തരത്തിലുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം അമ്മമാരുടെ ദൈനംദിന ജീവിതത്തില്‍ അന്തര്‍ലീനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന അമ്മയാണെങ്കില്‍ അത് കുഞ്ഞിന്‍റെ വൈകാരിക വികാസത്തിന് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും.
അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത സമ്മര്‍ദത്തെ കുറിച്ച് നന്നായി മനസിലാക്കുക. ഗര്‍ഭ കാലത്തിന്‍റെ ആരംഭത്തില്‍ തന്നെ ഇത്തരം സന്ദര്‍ഭങ്ങളുണ്ടാവുമ്പോള്‍ മനസിനെ നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുകയും വേണമെന്ന് മക്‌നീല്‍ പറഞ്ഞു.
പകര്‍ച്ച വ്യാധി സമയത്ത് ഗര്‍ഭിണികളിലുണ്ടാവുന്ന സമ്മര്‍ദം: പകര്‍ച്ചവ്യാധികളുടെ സാഹചര്യത്തില്‍ പ്രസവത്തിന് മുമ്പ് അമ്മമാരിലുണ്ടാവുന്നസമ്മര്‍ദത്തെ കുറിച്ച് പഠനങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ ഉണ്ടായ സാഹചര്യം അത്തരമൊരു പഠനം നടത്താന്‍ സാധിച്ചുവെന്നും മക്‌നീല്‍ പറഞ്ഞു. പാന്‍ഡെമിക് സംബന്ധിച്ചുള്ള പഠനങ്ങള്‍ മൂന്ന് തരത്തിലാണ് നടത്തിയത്. പകര്‍ച്ച വ്യാധി ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് പേരില്‍ പഠനങ്ങള്‍ നടത്തി. രണ്ടാമതായി പകര്‍ച്ച വ്യാധിയുടെ ആരംഭ ഘട്ടത്തിലും മൂന്നാമത്തേത് പൂര്‍ണമായും ഇത് വ്യാപിച്ച സാഹചര്യത്തിലുമായിരുന്നു.
മാനസിക സമ്മര്‍ദം അനുഭവിക്കുന്ന അമ്മമാരുടെ കുഞ്ഞിന് മാനസിക പ്രയാസങ്ങള്‍ മാത്രമല്ല ശാരീരിക പ്രായാസങ്ങളും ഉണ്ടാവുമെന്ന് പഠനങ്ങളില്‍ വ്യക്തമാണ്. ഇത്തരം സംഭവം കുഞ്ഞിന് തൂക്ക കുറവ് ഉണ്ടാവാന്‍ കാരണമാകുന്നുണ്ട്. ഗര്‍ഭിണിയാവുന്നതിന് മുമ്പ് സ്‌ത്രീക്ക് മാനസിക സമ്മര്‍ദം ഉണ്ടായിരുന്നെങ്കിലും അത് കുഞ്ഞിന്‍റെ തൂക്ക കുറവിന് കാരണമായേക്കാമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.
അമ്മയിലുണ്ടാവുന്ന സമ്മര്‍ദ്ദം കുഞ്ഞിന്‍റെ ശരീരത്തിലെ രക്തയോട്ടത്തെ ബാധിക്കും. ഇത്തരം സാഹചര്യങ്ങളൊക്കെയാണ് ശിശുമരണ നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്.
ഗര്‍ഭിണികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്ന കാരണങ്ങള്‍:
- ഗര്‍ഭിണിയാവുന്നതിന് മുന്‍പ് തന്നെ മാനസിക രോഗമുള്ളവര്‍.
- കുടുംബത്തില്‍ വിഷമകരമായ സാഹചര്യം നേരിടുന്നവര്‍.
- മുന്‍പുണ്ടായ പ്രസവത്തില്‍ പ്രയാസങ്ങള്‍ നേരിട്ടവര്‍.
- വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്.
ഗര്‍ഭക്കാലത്ത് മാനസികമായി ആരോഗ്യം എങ്ങനെ സംരക്ഷിക്കാം: സാധാരണ നല്ല രീതിയില്‍ പെരുമാറുന്ന സ്‌ത്രീകളില്‍ പോലും ഗര്‍ഭക്കാലത്ത് സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാവും. ഇത്തരം അവസ്ഥകളെല്ലാം ഗര്‍ഭിണിയും അവരെ സംരക്ഷിക്കുന്നവരും നന്നായി തിരിച്ചറിയണം. പ്രതിസന്ധി ഘട്ടങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും തളരാതെ അതിനെ നേരിടാന്‍ ശ്രമിക്കുക.
വീട്ടുക്കാരുടെ പൂര്‍ണ പിന്തുണ നല്‍കുക. ഗര്‍ഭത്തിന്‍റെ ആരംഭത്തില്‍ തന്നെ ചെറിയ വ്യയാമങ്ങള്‍ ശീലമാക്കുക, പ്രത്യേകിച്ചും ധ്യാനം പോലുള്ളവ കാരണം അത്തരം വ്യായാമങ്ങള്‍ക്ക് മാനസിക പിരിമുറുക്കങ്ങളെ കുറക്കാനുള്ള കഴിവുണ്ട്. ആരോഗ്യകരമായ ഭക്ഷണ രീതി പതിവാക്കുക. എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ അല്‌പം സമയം വിശ്രമിക്കുക. ആവശ്യത്തിനുള്ള ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചുറ്റുപാടില്‍ നിന്നുള്ള നെഗറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താതിരിക്കുക. സങ്കടകരമായ വാര്‍ത്തകള്‍ കാണുന്നതും കേള്‍ക്കുന്നതും പരമാവധി ഒഴിവാക്കുക. തുടങ്ങിയ കാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഗര്‍ഭിണികളിലെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനാവും.