വാഷിങ്ടണ്‍: നമ്മള്‍ എക്കാലവും ഭയപ്പെടുന്ന രോഗങ്ങളിലൊന്നാണ് അര്‍ബുദം. പല ഘടകങ്ങളാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഭക്ഷണം, ലഹരി വസ്‌തുക്കളുടെ ഉപയോഗം, ജീവിതരീതി തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകുന്നു.
എന്നാല്‍, അര്‍ബുദം എന്ന മാരക രോഗം സ്‌ത്രീകളെകാള്‍ കൂടുതലായും പുരുഷന്‍മാരിലാണ് കാണപ്പെടുന്നത്. പുകവലി, മദ്യപാനം, ഭക്ഷണം എന്നിവയെക്കാള്‍ ജൈവിക ലിംഗവ്യത്യാസങ്ങളും അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച വൈലിയുടെ പഠനത്തില്‍ നിന്നും ഇത്തരം രോഗങ്ങളും കാരണങ്ങളും വ്യക്തമാണ്.
പഠനങ്ങള്‍ തെളിയിക്കുന്നത്: അര്‍ബുദം എന്ന മാരകരോഗത്തിലെ ലിംഗ വ്യത്യാസങ്ങളുടെ കാരണങ്ങള്‍ മനസിലാക്കുന്നത് രോഗത്തിന്‍റെ പ്രതിരോധവും ചികിത്സയും മെച്ചപ്പെടുത്തുവാന്‍ സഹായകമാകും. ഇതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പിഎച്ച്ഡി വിഭാഗത്തിലെ സാറാ എസ്. ജാക്സണും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പഠനം നടത്തി. പഠനത്തില്‍ 50 മുതല്‍ 71 വയസ് പ്രായമുള്ള 171,274 പുരുഷന്മാരിലും 122,826 സ്‌ത്രീകളിലും കാണപ്പെടുന്ന അര്‍ബുദത്തിന്‍റെ കാരണങ്ങളും വ്യത്യാസങ്ങളും പരസ്‌പര വിരുദ്ധമാണെന്ന് പഠനത്തില്‍ നിന്നും വ്യക്തമായി.
പഠനസമയത്ത് പുതിയ തരത്തിലുള്ള അര്‍ബുദം 17,951 പുരുഷന്‍മാരിലും 8,742 സ്‌ത്രീകളിലും കാണപ്പെട്ടു. തൈറോയ്‌ഡ്, പിത്തസഞ്ചി അര്‍ബുദം എന്നിവ പുരുഷന്‍മാരെക്കാള്‍ സ്‌ത്രീകളിലാണ് കൂടുതലായും കാണപ്പെടുക. എന്നാല്‍ ശരീരഘടനാടിസ്ഥാനത്തില്‍ അര്‍ബുദത്തിന്‍റെ അപകട സാധ്യത വിലയിരുത്തുമ്പോള്‍ പുരുഷന്‍മാര്‍ക്ക് 1.3- മുതൽ 10.8 മടങ്ങ് വരെ കൂടുതലാണ്. പുരുഷന്‍മാരില്‍ ഏറ്റവുമധികം അപകടസാധ്യതയുള്ളത് അന്നനാളം, ശ്വസനാളം, ഗ്യാസ്ട്രിക് കാർഡിയ, മൂത്രാശയം തുടങ്ങിയ അര്‍ബുദങ്ങളാണ്.
ശരീരഘടനയിലുള്ള വ്യത്യാസം, രോഗപ്രതിരോധ ശേഷി, ജനിതക മാറ്റങ്ങള്‍ തുടങ്ങിയവ സ്‌ത്രീകളിലും പുരുഷന്‍മാരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അര്‍ബുദ സാധ്യതകളിലും വ്യത്യാസങ്ങള്‍ പ്രകടമാണ്. അര്‍ബുദം എന്ന മാരകരോഗത്തെ പ്രതിരോധിക്കാന്‍ പ്രാഥമിക ഘട്ടത്തിലുള്ള ചികിത്സ വളരെയധികം ആവശ്യമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.