ലണ്ടന്‍: മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരള്‍. ശരീരത്തിലെ മിക്ക ധര്‍മ്മങ്ങളിലും മുഖ്യ പങ്ക് വഹിക്കുന്ന അവയവം. ശരീരത്തിലെ രാസപരീക്ഷണ ശാല എന്നറിയപ്പെടുന്ന ഇത് തന്നെയാണ് ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും.
ശരീരത്തിലെ ദഹനപ്രക്രിയയ്‌ക്ക് വേണ്ട പിത്തരസം ഉത്‌പാദിപ്പിക്കുന്ന കരളിന്‍റെ ധര്‍മ്മങ്ങളിലൊന്നാണ്. ശരീരത്തില്‍ ആവശ്യമില്ലാത്ത വസ്‌തുക്കളെയെല്ലാം പുറന്തളുന്നതും കരളാണ്. ശരീരത്തിലെ വിഷ പദാര്‍ഥങ്ങളെ അരിച്ച് മാറ്റുന്നത് കൊണ്ട് തന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷ വസ്‌തുക്കള്‍ കാരണം വേഗത്തില്‍ അസുഖങ്ങള്‍ ബാധിക്കുന്നത് കരളിലാണെന്ന് പറയാം.
അമിത മദ്യപാനികളായവരില്‍ വേഗത്തില്‍ കരള്‍ അസുഖങ്ങള്‍ പിടിപ്പെടാനുള്ള കാരണവും ഇതാണ്. എന്നാള്‍ കരളിനെ മാത്രമല്ല ദീര്‍ഘ കാലമായുള്ള മദ്യപാനം തലച്ചോര്‍, ഹൃദയം എന്നിവയെയും ബാധിക്കുന്നുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടിയുണ്ടാകുന്ന ഫാറ്റി ലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗങ്ങള്‍ വളരെ ഗുരുതര അസുഖങ്ങളായി മാറാറുണ്ട്. ഇത്തരം രോഗങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇതിന്‍റെ ലക്ഷണങ്ങളൊന്നും തുടക്കത്തില്‍ പ്രകടമാകണമെന്നില്ല. അസുഖങ്ങള്‍ വളരെയധികം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തിലാണ് ഇവയുടെ ലക്ഷണങ്ങള്‍ വെളിവാകുക.
മദ്യപാനം ഫാറ്റി ലിവറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മദ്യത്തിലൂടെ കരളില്‍ ധാരാളം കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഇതിന് കാരണം. ഇത്തരത്തില്‍ നിരന്തരം അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കരളിന് വീക്കം ഉണ്ടാക്കും. കരളില്‍ അടിഞ്ഞ് കൂടൂന്ന കൊഴുപ്പിനെ പരമാവധി കരള്‍ തന്നെ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിനായി കരള്‍ സ്വയം സ്‌കാര്‍ ടിഷ്യൂവിനെ ഉത്‌പാദിപ്പിക്കും. നിരവധി കോശങ്ങളും കൊളാജനും അടങ്ങിയതാണ് സ്‌കാര്‍ ടിഷ്യൂ. ഇതിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കരള്‍ ശ്രമിക്കും. എന്നാല്‍ തുടര്‍ച്ചയായി കരളിന് സ്‌കാര്‍ ടിഷ്യൂ ഉത്‌പാദിപ്പിക്കേണ്ടതായി വന്നാല്‍ അത് പിന്നീട് സിറോസിസായി മാറും. ഇങ്ങനെയാണ് മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്ലൈമൗത്ത് സർവകലാശാലയിലെ പ്രൊഫസര്‍ അശ്വിൻ ധണ്ഡ പറയുന്നു.
ആഴ്‌ചതോറും ഏകദേശം 2250 മില്ലിയോ (6 പൈന്‍ഡ്) അതിലധികമോ മദ്യം കഴിക്കുന്ന മിക്കവരിലും ഫാറ്റി ലിവറിനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. നിരന്തരം ഇത്തരത്തില്‍ മദ്യം കരളിലെത്തുമ്പോള്‍ അത് കാെഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം പ്രക്രിയ കരള്‍ സിറോസിസിലേക്ക് നയിക്കും.
മദ്യപാനം ഉപേക്ഷിച്ചാല്‍ അസുഖം ഭേദമാകും: ഫാറ്റി ലിവര്‍ ഉണ്ടാകാന്‍ പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. ഫാറ്റി ലിവര്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ മദ്യപാനം ഉപേക്ഷിച്ചാല്‍ വേഗത്തില്‍ അസുഖത്തെ ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ രോഗം തുടക്കത്തില്‍ തിരിച്ചറിയണമെന്ന് മാത്രം.
രോഗ ലക്ഷണങ്ങളില്ലാത്തത് കൊണ്ട് തന്നെ പലരും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് ഇത് തിരിച്ചറിയുന്നത്. മദ്യപാനം നിര്‍ത്തി രണ്ടാഴ്‌ചകള്‍ക്കുള്ളില്‍ തന്നെ കരള്‍ പൂര്‍വ്വ സ്ഥിതിയിലാകുന്നതും ചിലരില്‍ കാണാറുണ്ടെന്ന് വിദഗ്‌ധ പഠനങ്ങള്‍ പറയുന്നു. എന്നാല്‍ അമിത മദ്യപാനിയായ ഒരാള്‍ക്ക് ഒറ്റ ദിവസം കൊണ്ട് മദ്യപാനം ഉപേക്ഷിക്കാനാകില്ല. മദ്യം ഉപേക്ഷിക്കുന്നതിന് മുമ്പായി ഇയാള്‍ വിദഗ്‌ധരില്‍ നിന്നും ഉപദേശം തേടേണ്ടതുണ്ട്.
മദ്യപാനം ഉപേക്ഷിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണ രീതിയും ജീവിത ശൈലിയും പിന്തുടരേണ്ടതും അത്യാവശ്യമാണ്. ഒരു പരിധി വരെ കരളിനെ ബാധിക്കുന്ന രോഗങ്ങളെയെല്ലാം കരള്‍ തന്നെ സുഖപ്പെടുത്തും. എന്നാല്‍ അമിതമാകുന്ന ഉണ്ടാകുന്ന അസുഖങ്ങളെ സുഖപ്പെടുത്താന്‍ കരളിന് സാധിക്കില്ല.
ശരീരത്തിലെ ഏറ്റവും വലിയ ധര്‍മങ്ങളുള്ള കരളിനെ സംരക്ഷിക്കുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് മദ്യപാനം കുറയ്‌ക്കുകയും പതിയെ നിര്‍ത്തുകയും ചെയ്യുക. കൃത്യമായ ഭക്ഷണ ശീലങ്ങള്‍ ഉണ്ടാകുന്നത് കരള്‍ രോഗങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും. ദിവസം വ്യായാമം ചെയ്യുകയും ആവശ്യത്തിന് ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുന്നത് കരളിന്‍റെ പ്രവര്‍ത്തനത്തെ ഏറെ അയാസകരമാക്കും.