കാലിഫോർണിയ: ഉറക്കക്കുറവ് മനുഷ്യനെ സ്വാർഥനാക്കുമെന്ന് പഠനങ്ങൾ. ഉറക്കക്കുറവ് നമ്മുടെ അടിസ്ഥാന സാമൂഹിക മനഃസാക്ഷിയെ തകരാറിലാക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള നമ്മുടെ ആഗ്രഹവും സന്നദ്ധതയും ഇല്ലാതാക്കുകയും ചെയ്യുമെന്ന് ശാസ്‌ത്രജ്ഞർ. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പഠനങ്ങൾ: യുസി ബെർക്ക്‌ലി റിസർച്ച് സയന്‍റിസ്റ്റായ എറ്റി ബെൻ സൈമണും യുസി ബെർക്ക്‌ലിയിലെ സൈക്കോളജി പ്രൊഫസറായ മാത്യു വാക്കറും ചേർന്ന് നടത്തിയ പഠനത്തിലാണ് ഉറക്കമില്ലായ്‌മ ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെ മാത്രമല്ല, വ്യക്തിബന്ധങ്ങളെയും തകർക്കുമെന്ന് കണ്ടെത്തിയത്. ഒരു രാജ്യത്തിന്‍റെ മുഴുവൻ പരോപകാര വികാരം പോലും ഇല്ലാതാക്കാൻ ഉറക്കമില്ലായ്‌മയ്‌ക്ക് കഴിഞ്ഞേക്കും.
ഉറക്കവും ശാരീരിക ആരോഗ്യവും: ഉറക്കക്കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിഷാദം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്‌ക്ക് കാരണമാകുന്നുവെന്ന് നമുക്കറിയാം. പഠനത്തിൽ ഡേലൈറ്റ് സേവിംഗ് ടൈം (പകൽ വെളിച്ചം നന്നായി ഉപയോഗിക്കുന്നതിനായി ക്ലോക്കുകളിൽ ഒരു മണിക്കൂർ മുന്നോട്ട് വെക്കുക) ആരംഭിച്ചതിന് ശേഷമുള്ള ആഴ്‌ചയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ 10% കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.
ഉറക്കവും മാനസിക ആരോഗ്യവും: ഉറക്കവും മാനസിക ആരോഗ്യവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. ഉറക്കക്കുറവ് ഒരു വ്യക്തിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല, വ്യക്തികൾ തമ്മിലുള്ള സാമൂഹിക ഇടപെടലുകളെ നശിപ്പിക്കുകയും ആത്യന്തികമായി മനുഷ്യ സമൂഹത്തിന്‍റെ ഘടനയെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ സഹായ സന്നദ്ധത നമുക്ക് എത്രത്തോളം ഉറക്കം ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഉറക്കമില്ലായ്‌മയുടെ ഫലങ്ങൾ വ്യക്തിയിൽ മാത്രമല്ല, ചുറ്റുമുള്ളവരിലേക്കും വ്യാപിക്കുന്നു. ആവശ്യമായ ഉറക്കം ലഭിക്കാത്തത് നിങ്ങളുടെ സ്വന്തം ക്ഷേമത്തെ മാത്രമല്ല, അപരിചിതർ ഉൾപ്പെടെയുള്ള നിങ്ങളുടെ മുഴുവൻ സാമൂഹിക വലയത്തിന്‍റെയും ക്ഷേമത്തെ ദോഷകരമായി ബാധിക്കുമെന്ന് ബെൻ സൈമൺ വ്യക്തമാക്കി.
ഗവേഷകർ: ബെൻ സൈമൺ, വാക്കർ, റാഫേൽ വല്ലറ്റ്, ഓബ്രി റോസ്സി എന്നിവരുടെ കണ്ടെത്തലുകൾ ആക്‌സസ് ജേർണലായ പിഎൽഒഎസ്(PLOS) ബയോളജിയിൽ ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ചു. സെന്‍റർ ഫോർ ഹ്യൂമൻ സ്ലീപ്പ് സയൻസിന്‍റെ ഡയറക്‌ടറും, അന്താരാഷ്‌ട്ര ബെസ്റ്റ് സെല്ലർ വൈ വി സ്ലീപ്പിന്‍റെ രചയിതാവുമാണ് വാക്കർ. വാക്കറും, ബെൻ സൈമണും യുസി ബെർക്ക്‌ലിയുടെ ഹെലൻ വിൽസ് ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അംഗങ്ങളാണ്.
ഉറക്കക്കുറവ് മറ്റുള്ളവരെ സഹായിക്കാനുള്ള ആളുകളുടെ സന്നദ്ധതയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ചുള്ള മൂന്ന് വ്യത്യസ്‌ത പഠനങ്ങൾ ഗവേഷകർ നടത്തി.
ആദ്യ പഠനം: ആദ്യ പഠനത്തിൽ, എട്ട് മണിക്കൂർ ഉറക്കത്തിനും ഒരു രാത്രി ഉറക്കമില്ലാഞ്ഞതിന് ശേഷവും ഫംഗ്‌ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജർ (എഫ്‌എംആർഐ) ഉപയോഗിച്ച് ആരോഗ്യമുള്ള 24 സന്നദ്ധ പ്രവർത്തകരുടെ തലച്ചോറ് ഗവേഷകർ സ്‌കാൻ ചെയ്‌തു. ഉറക്കമില്ലാത്ത രാത്രിക്ക് ശേഷം, ആളുകൾ മറ്റുള്ളവരുമായി സഹാനുഭൂതി കാണിക്കുമ്പോഴോ മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുമ്പോഴോ ഇടപെടുന്ന മനസിന്‍റെ ശൃംഖലയുടെ സിദ്ധാന്തം രൂപപ്പെടുത്തുന്ന തലച്ചോറിന്‍റെ ഭാഗങ്ങൾ പ്രവർത്തനക്ഷമമല്ലെന്ന് അവർ കണ്ടെത്തി. വേണ്ടത്ര ഉറക്കം ലഭിക്കാത്തതിന് ശേഷം മറ്റുള്ളവരുമായി ഇടപഴകാൻ ശ്രമിക്കുമ്പോൾ തലച്ചോറിന്‍റെ ഈ ഭാഗങ്ങൾ പ്രതികരിക്കാത്തതുപോലെയാണ് ഇത്.
രണ്ടാം പഠനം: രണ്ടാം പഠനത്തിൽ മൂന്നോ നാലോ രാത്രികളിലായി നൂറിലധികം ആളുകളെ അവർ ഓൺലൈനിൽ ട്രാക്ക് ചെയ്‌തു. അവർ എത്രനേരം ഉറങ്ങി, എത്ര തവണ ഉണർന്നു തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചു. തുടർന്ന് മറ്റുള്ളവരെ സഹായിക്കാനുള്ള അവരുടെ ആഗ്രഹം ഗവേഷകർ വിലയിരുത്തി. അവരുടെ സന്നദ്ധ സേവനം, അപരിചിതരെ സഹായിക്കാനുള്ള താൽപ്പര്യം, പരിക്കേറ്റവരെ സഹായിക്കുക, തെരുവിൽ കഴിയുന്നവരെ സഹായിക്കുക, മാനുഷിക പരിഗണന തുടങ്ങിയ വിഷയങ്ങളെ ഉറക്കം സ്വാധീനിക്കുന്നുവെന്നും, ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുന്നത് തുടർന്നുള്ള ഒരു ദിവസം മുതൽ അടുത്ത ദിവസം വരെ മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നും പഠനത്തിൽ കണ്ടെത്തി. രണ്ടാം പഠനത്തിലും, രാത്രി മോശമായ ഉറക്കം അനുഭവിച്ചവരിൽ അടുത്ത ദിവസം മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും ഉത്സാഹവും കുറവാണെന്നായിരുന്നു ഫലം.
മൂന്നാം പഠനം: 2001-നും 2016-നും ഇടയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നൽകിയ 3 ദശലക്ഷം ചാരിറ്റബിൾ സംഭാവനകളുടെ ഒരു ഡാറ്റാബേസ് പരിശോധിക്കുക എന്നുള്ളതായിരുന്നു മൂന്നാമത്തെ പഠനം. ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കിയതിനെ തുടർന്ന് സംഭാവനകളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്‌തോ എന്നും ഒരു മണിക്കൂർ ഉറക്കം നഷ്‌ടമായോ തുടങ്ങിയ വിവരങ്ങളും ഗവേഷകർ ശേഖരിച്ചു. വിവര ശേഖരണത്തിന്‍റെ അടിസ്ഥാനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ 10% കുറവ് കണ്ടെത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ഈ ഇടിവ് രാജ്യത്തിൽ ഡേലൈറ്റ് സേവിംഗ് ടൈം മാറ്റാത്ത പ്രദേശങ്ങളിൽ (പകൽ സമയങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ക്ലോക്കുകളിൽ ഒരു മണിക്കൂർ മുന്നോട്ട് വയ്‌ക്കാത്ത പ്രദേശങ്ങൾ) കണ്ടില്ല.
ഫലങ്ങൾ പകർച്ചവ്യാധിക്ക് സമം: ഒരു മണിക്കൂർ ഉറക്കം നഷ്‌ടപ്പെടുന്നത് നമ്മുടെ സഹജമായ മാനുഷിക ദയയിലും മറ്റുള്ളവരെ സഹായിക്കാനുള്ള പ്രചോദനത്തിലും വ്യക്തമായ സ്വാധീനം ചെലുത്തുന്നു. ഉറക്കക്കുറവ് ആളുകളെ സാമൂഹികമായി അകറ്റാനും സാമൂഹികമായി ഒറ്റപ്പെടാനും കാരണമാകുന്നു. ഉറക്കക്കുറവ് ഏകാന്തത വർധിപ്പിക്കുന്നു. ഉറക്കമില്ലാത്ത ആളുകൾ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അവരുടെ ഏകാന്തത മറ്റുള്ളവരിലേക്കും പകരുന്നു. ഏതാണ്ട് ഒരു വൈറസ് പോലെ. ആവശ്യത്തിന് ഉറങ്ങാത്തതിന് ആളുകളെ അപമാനിക്കുന്നതിന് പകരം കൃത്യമായ അളവിൽ ഉറങ്ങാൻ അവരെ പ്രോത്സാഹിപ്പിക്കുന്നത് സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിന് സഹായിച്ചേക്കുമെന്ന് ഗവേഷകർ പറഞ്ഞു.
ഉറക്കം ഒരു മികച്ച ലൂബ്രിക്കന്‍റ്: സഹാനുഭൂതിയുള്ളതും ദയയുള്ളതും ഉദാര മനസ്‌കതയുള്ളതുമായ മനുഷ്യ സ്വഭാവത്തിന് ഉറക്കം ഒരു മികച്ച ലൂബ്രിക്കന്‍റാണ്. നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ ജീവിതത്തിന്‍റെ എല്ലാ മേഖലകൾക്കും ഉറക്കം ആവശ്യമാണ്. വികസിത രാജ്യങ്ങളിലെ പകുതിയിലധികം ആളുകളും പ്രവൃത്തി ദിവസങ്ങളിൽ വേണ്ടത്ര ഉറങ്ങുന്നില്ലെന്നാണ് പഠന റിപ്പോർട്ടുകൾ. ഒരു സമൂഹമെന്ന നിലയിൽ ഉറക്കത്തെ വില കുറച്ചു കാണുന്ന ധാരണ ഉപേക്ഷിക്കേണ്ട സമയമാണിത്. ആവശ്യത്തിന് ഉറങ്ങുക. നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും നൽകാൻ കഴിയുന്ന ഏറ്റവും നല്ല സഹായമാണ് നന്നായി ഉറങ്ങുക എന്ന് ബെൻ സൈമൺ പറഞ്ഞു.
Also read: ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് സിഒപിഡി രൂക്ഷമാക്കും ; പഠനം പുറത്ത്
Also read: ഉറക്കം കൃത്യമാകണം, കുറഞ്ഞാലും കൂടിയാലും പ്രശ്‌നമെന്ന് പഠനം
Also read: ഉറക്കമില്ലായ്‌മയാണോ പ്രശ്‌നം ? ; റസിസ്റ്റൻസ് വ്യായാമങ്ങളിലേർപ്പെടൂ