തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഡോക്‌ടര്‍മാരുടെ പണിമുടക്ക്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐഎംഎ) നേതൃത്വത്തില്‍ ഡോക്‌ടര്‍മാര്‍ വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ പണിമുടക്കുന്നത്. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചേക്കും.
സമരത്തിന് വിവിധ ആരോഗ്യ സംഘടനകളുടെ പിന്തുണ: അത്യാഹിത വിഭാഗം, ലേബര്‍ റൂം എന്നിവ ഒഴികെ മുഴുവന്‍ മേഖലയിലെ ഡോക്‌ടര്‍മാരും പണിമുടക്കില്‍ പങ്കാളികളാകും. ഐഎംഎ പ്രഖ്യാപിച്ച സമരത്തിന് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ എന്നിവ കൂടാതെ കെജിഐഎംഒഎ, ക്യുപിഎംപിഎ, പോസ്റ്റ് ഗ്രാജുവേറ്റീവ് സ്റ്റുഡന്‍സ് അസോസിയേഷന്‍, സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റ്, കോപ്പറേറ്റ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ മാനേജ്‌മെന്‍റുകള്‍, നാല്‍പ്പതോളം സ്‌പെഷ്യലിറ്റി സംഘടനകളും സമരത്തിന് പിന്തുണയറിയിച്ചതായാണ് ഐഎംഎയുടെ അവകാശവാദം. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുടെ പ്രവര്‍ത്തനവും സ്‌തംഭിക്കുന്ന സ്ഥിതിയാണ് നാളെയുണ്ടാവുക.
ഐഎംഎയുടെ ആവശ്യങ്ങള്‍: 1. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
2.ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക.
3.കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടന്നപ്പോള്‍ പ്രതികള്‍ രക്ഷപ്പെടുവാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക. മുഴുവന്‍ പ്രതികളേയും പിടികൂടുക.
4. പതിഷേധ സമരം നടത്തിയ ഡോക്‌ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക
ഡോക്‌ടര്‍മാര്‍ അണിനിരക്കുന്ന ധര്‍ണ: മെഡിക്കല്‍ സമരത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ആനയറയിലെ ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്‌ടര്‍മാര്‍ അണിനിരക്കുന്ന ധര്‍ണ നടക്കും. രാവിലെ 10.30ന് നടക്കുന്ന പ്രതിഷേധ ധര്‍ണ ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുള്‍ഫി ഉദ്ഘാടനം ചെയ്യും.
ജില്ല കേന്ദ്രങ്ങളില്‍ അതത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും ധര്‍ണ നടത്തുമെന്ന് ഐഎംഎ അറിയിച്ചു. മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെയും ഡോക്ടര്‍മാരുടെയും കുറവ് കാരണമാണ് പലപ്പോഴും സംഘര്‍ഷാവസ്ഥ ഉണ്ടാവുന്നതെന്ന് പണിമുടക്കിന് പിന്തുണയറിയിച്ച് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ പറഞ്ഞു.
രോഗികളുടെ വര്‍ധനയും ആവശ്യങ്ങളും അനുസരിച്ചുള്ള സൗകര്യങ്ങള്‍ ലഭ്യമാകാന്‍ സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കണം. മെഡിക്കല്‍ കോളജുകളില്‍ ഒപിയില്‍ ഡോക്‌ടര്‍മാര്‍ എത്തില്ല. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാകും നാളെ നടക്കുകയെന്നും കെജിഎംസിടിഎ അറിയിച്ചു.
ആശുപത്രി ആക്രമണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചെന്ന് ഐഎംഎ: ആശുപത്രി ആക്രമണങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചെന്ന് ഐഎംഎ പറയുന്നു. അഞ്ച് ദിവസം കൂടുമ്പോള്‍ ഒരു ആക്രമണം എന്ന നിലയിലാണ് ഇതെന്ന് സംഘടന വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കുകയും ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തല്‍ ഇരുന്നൂറിലേറെ ആശുപത്രി ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഡോക്‌ടര്‍മാര്‍ ചൂണ്ടികാട്ടുന്നു.